മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു

പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ് കൂടിയായ ബെന്നി തോമസ് തന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി. യോഗത്തില്‍ ഈ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി സണ്ണി ജോസഫിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ കരുതലോടെ വേണമായിരുന്നുവെന്നും, സര്‍ക്കാരിനും പാര്‍ട്ടിക്കും ദോഷം ചെയ്യുന്ന ഇത്തരം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇട നല്‍കരുതായിരുന്നുവെന്നുമായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. എന്നാല്‍ പാര്‍ട്ടി യോഗത്തിലെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയും തന്റെ ബന്ധുവിന്റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ രാജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
വൈദ്യുതി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് നിരവധി പാര്‍ട്ടി ഭാരവാഹികള്‍ അപേക്ഷ നല്‍കി കാത്തിരിക്കെ, അതെല്ലാം തള്ളിക്കൊണ്ടാണ് സ്വന്തം സഹോദരി ഭര്‍ത്താവിന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പദവി നല്‍കിയതെന്ന ആരോപണം ശക്തമായതോടെയാണ് സംഭവം വിവാദമായത്. മുന്‍പ് ഇടത് സര്‍ക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളില്‍ യു.ഡി.എഫ്. സംസ്ഥാനവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്ന പശ്ചാത്തലത്തില്‍, സ്വന്തം മന്ത്രിതന്നെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുവിനെ നിയമിച്ചത് വലിയ രാഷ്ട്രീയ വൈരുദ്ധ്യമാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
അതേസമയം, ഡി.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബെന്നി തോമസിന് ആ പദവിയിലിരിക്കാന്‍ പൂര്‍ണ്ണ അര്‍ഹതയുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ മറുവാദം. പത്ത് വര്‍ഷത്തോളം ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം കണ്ണൂരിലെ മലയോര മേഖലയില്‍ പാര്‍ട്ടിയുടെ വലിയ ജനസമ്മതനായ നേതാവാണ്. പേരാവൂര്‍ മണ്ഡലത്തില്‍ ഇത്തവണ സണ്ണി ജോസഫിന്റെ വിജയത്തിന് പിന്നില്‍ നിന്ന് തന്ത്രങ്ങള്‍ മെനഞ്ഞതും ബെന്നി തോമസ് ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രശസ്ത എഴുത്തുകാരന്‍ വിനോയ് തോമസിന്റെ 'പുറ്റ്' എന്ന നോവലിലെ 'ജെറമിയാസ്' എന്ന കഥാപാത്രം രൂപപ്പെട്ടത് ബെന്നി തോമസ് എന്ന വ്യക്തിയിലൂടെയാണെന്ന കാര്യവും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
https://www.facebook.com/Malayalivartha
























