ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം

'ഓപറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി 18.71 ഗ്രാം എം.ഡി.എം.എ യുമായി (MDMA) പിടിയിലായ കേസിൽ, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെത്തുടർന്ന് രണ്ടാം പ്രതിക്ക് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
കേവലം 10 ഗ്രാം എം.ഡി.എം.എ കൈവശം വെക്കുന്നത് തന്നെ വാണിജ്യ അളവായി (Commercial quantity) കണക്കാക്കുന്ന സാഹചര്യത്തിലാണ് 18.71 ഗ്രാമുമായി പോത്തൻകോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ എറണാകുളം കുമ്പളങ്ങി ചിറയിൽ വീട്ടിൽ അനന്തകൃഷ്ണൻ(20) ന്, ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.പി. അനിൽകുമാർ ജാമ്യം അനുവദിച്ചത്. യുവാക്കൾക്കിടയിൽ എം.ഡി.എം.എ ഉപയോഗം വർദ്ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2026 ജൂൺ 4-ന് വൈകുന്നേരം 3 മണിക്കാണ് ഡാൻസാഫ് (DANSAF) സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പോത്തൻകോട് മണ്ണറ ഭാഗത്ത് വെച്ച് നിർത്താതെ പോയ കെ.എൽ 02 ഡബ്ല്യു 3722 എന്ന നമ്പറിലുള്ള ഇന്നോവ കാർ ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടിയിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയും, വാഹനത്തിനകത്ത് യാത്ര ചെയ്തിരുന്ന രണ്ട് പേരെ ഡാൻസാഫ് സംഘം പിടികൂടുകയും, വാഹനത്തിൽ നിന്ന് 18.71 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. എൻ.ഡി.പി.എസ് ആക്ട് സെക്ഷൻ 22(c), 29 എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
ജൂൺ നാലിന് വൈകുന്നേരം 3.15 ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പിറ്റേദിവസം വൈകുന്നേരം 5.15 ന് മാത്രമാണ് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയതെന്നും, പ്രതിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാതിരുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 22(2) പ്രകാരമുള്ള അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പ്രതിഭാഗം അഭിഭാഷകൻ എം.സലാഹുദീൻ കോടതിയെ അറിയിച്ചു. എന്നാൽ വൈകുന്നേരം 6.20 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അതിനാൽ സമയപരിധി ലംഘിച്ചിട്ടില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. വാദങ്ങൾ പരിശോധിച്ച കോടതി, പ്രതിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാതിരുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 22(2) പ്രകാരമുള്ള അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കണ്ടെത്തി. 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്തത് അറസ്റ്റിനെ അസാധുവാക്കുമെന്ന സുപ്രീം കോടതി വിധികൾ പരിഗണിച്ചാണ് കർശന വ്യവസ്ഥകളോടെ എൻ.ഡി.പി.എസ് കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത്.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചക്കെതിരെ രൂക്ഷമായ വിമർശനമാണ് കോടതി ഉത്തരവിൽ ഉന്നയിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതികളെ പിടികൂടുമ്പോൾ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അന്വേഷണ ഏജൻസികൾ ബോധവാന്മാരല്ലെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർ നിർബന്ധിത ചട്ടങ്ങൾ പാലിക്കാത്തത് മൂലം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്ക് സാങ്കേതിക കാരണങ്ങളാൽ ജാമ്യം ലഭിക്കാൻ ഇടയാക്കുന്നുവെന്നും കോടതി ഓർമ്മിപ്പിച്ചു. നിയമപരമായ ചട്ടങ്ങൾ കർശനമായി പാലിച്ചിരുന്നെങ്കിൽ പോലീസിന് ഇത്തരം വീഴ്ചകൾ ഒഴിവാക്കാമായിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























