ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുഎസ്എ തോൽപ്പിച്ചത്.
മത്സരത്തിലുടനീളം യുഎസ്എയുടെ ആധിപത്യമായിരുന്നു. അലക്‌സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോൾ നേടിയത്. ഓസ്‌ട്രേലിയൻ താരം കാമറോൺ ബർജെസിന്റെ സെൽഫ് ഗോളും യുഎസിന്റെ അക്കൗണ്ടിലെത്തി. ആദ്യ മത്സരത്തിൽ പാരഗ്വായ്‌ക്കെതിരേ 4-1ന് വിജയിച്ച യുഎസ് രണ്ടാം മത്സരത്തിലും ആ മികവ് തുടർന്നു.
പതിഞ്ഞ തുടക്കമായിരുന്നു മത്സരത്തിന്റേത്. ഇരു ടീമുകളും താളം കണ്ടെത്താനായി സമയമെടുത്തതോടെ തുടക്കത്തിൽ അധികം മുന്നേറ്റങ്ങളുണ്ടായിരുന്നില്ല. പിന്നീട് ആക്രമണങ്ങൾക്ക് തുടക്കമിട്ടത് ഓസ്ട്രേലിയയായിരുന്നു. മുഹമ്മദ് ടോറെയും ഏയ്ഡൻ ഒനെയ്ലുമെല്ലാം ഏതാനും ശ്രമങ്ങൾ നടത്തി.
എന്നാൽ താളം കണ്ടെത്തിയതോടെ യുഎസ് മികച്ച മുന്നേറ്റങ്ങളുമായി ഓസീസ് പ്രതിരോധത്തെ വിറപ്പിച്ചു. ഇത്തരത്തിൽ 11-ാം മിനിറ്റിൽ ഫൊളാരിൻ ബലോഗനന്റെ ഒരു മികച്ച മുന്നേറ്റമാണ് ഓസ്ട്രേലിയൻ താരത്തിന്റെ സെൽഫ് ഗോളിൽ കാലശിച്ചത്.
ഇടതു വിങ്ങിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ബലോഗൻ ബോക്സിനുള്ളിൽ നിന്ന് നൽകിയ പാസ് ഓസ്ട്രേലിയൻ ഗോൾമുഖത്തുവെച്ച് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ കാമറോൺ ബർജെസിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു. ഇതോടെ യുഎസ് മുന്നിലായി.
"
https://www.facebook.com/Malayalivartha























