ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാൻ.... വിയ്യൂർ സെൻട്രൽ ജയിലിൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ തുടങ്ങി...

ജയിലുകളുടെ സുരക്ഷ ഉറപ്പാക്കാൻ.... വിയ്യൂർ സെൻട്രൽ ജയിലിൽ ആധുനിക ഡ്രോൺ നിരീക്ഷണ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു.
ജയിലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ജയിൽസുരക്ഷക്ക് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്. ജയിലുകളിലേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ ഉൾപ്പെടെ കഴിഞ്ഞ 10 വർഷത്തിനിടെ വ്യാപകമായിരുന്നു. കുപ്രസിദ്ധ കുറ്റവാളി വരെ ജയിൽചാടിയ സംഭവവുമുണ്ടായി.
ജയിലുകളെക്കുറിച്ച് വരുന്ന എല്ലാ ആശങ്കകളും പരാതികളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് രമേശ് ചെന്നിത്തല . അവ പരിഹരിച്ചുകൊണ്ട് സുതാര്യവും കുറ്റമറ്റതുമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും വ്യക്തമാക്കി അദ്ദേഹം.
ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദര്‍ശനവും വിയ്യൂർ ജയിലിൽ നടന്നു.
139 ഏക്കര്‍ വിസ്തൃതിയുള്ള വിയ്യൂര്‍ ജയില്‍ കോംപ്ലക്സില്‍ സെന്‍ട്രല്‍ പ്രിസൺ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയില്‍, ജില്ല ജയിൽ, സബ് ജയില്‍ എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 1700 മുതല്‍ 2000 വരെ തടവുകാരെ പാര്‍പ്പിക്കുന്ന ഈ കോംപ്ലക്സിന്റെ ചില ഭാഗങ്ങളില്‍ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ സംവിധാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha


























