മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തന ഏകോപനത്തിനുമായി വനം -വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു. പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ, കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ദിഖ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളെ വിവിധ സോണുകളായി തിരിച്ച് ഹോട്ട്സ്പോട്ടുകൾ അടയാളപ്പെടുത്തി സംഘർഷ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ഇടിച്ചക്ക ശേഖരിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് കൃഷിവകുപ്പിൻ്റെ പങ്കാളിത്തം സംബന്ധിച്ച ചർച്ച യോഗത്തിൽ ഉണ്ടായി. വനാതിർത്തി പ്രദേശങ്ങളിൽ നിന്ന് മൃഗങ്ങളെ അകറ്റുന്നതിന് അനുയോജ്യമായ കൃഷിരീതികൾ കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ പ്രോത്സാഹിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന വിളനഷ്ടം കണക്കാക്കുന്നതിനുള്ള ചുമതല കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകും. കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ തേങ്ങ, കൊക്കോ തുടങ്ങിയ വിളകൾ നശിപ്പിക്കുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തി നഷ്ടപരിഹാരം അനുവദിക്കുന്നതിനും കൃഷി വകുപ്പിൻ്റെ സഹായം തേടും.
വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളുടെ അതിർത്തികൾ കൃത്യമായി നിർണയിക്കുന്നതിന് റവന്യൂ വകുപ്പ് അടിയന്തിരമായി ഡിജിറ്റൽ സർവേ ആരംഭിച്ച് വേഗത്തിൽ പൂർത്തിയാക്കുന്നതിന് വനം-വന്യജീവി വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.
സർക്കാരിൻ്റെ100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വിവിധ എൻഒസികൾ ലഭ്യമാക്കുന്നതിന് ഓഗസ്റ്റ് മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന അദാലത്തുകളിലും വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട അദാലത്തുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























