ഗാലറിയിലിരുന്ന് സംസാരിക്കാൻ എളുപ്പമാണ്, ഗ്രൗണ്ടിലിറങ്ങി കളിക്കണം"; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്

സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പോരാട്ടം കടുക്കുന്നതിനിടെ, മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിലപാടുകളെയും അവകാശവാദങ്ങളെയും പരോക്ഷമായി പരിഹസിച്ച് മുൻ വ്യവസായ മന്ത്രിയും സി.പി.ഐ.എം നേതാവുമായ പി. രാജീവ് രംഗത്തെത്തി. പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തമാക്കാനുള്ള ശ്രമങ്ങളെ 'എട്ടുകാലി മമ്മൂഞ്ഞ്' ശൈലിയോട് ഉപമിച്ച അദ്ദേഹം, പ്രസ്താവനകൾ നടത്തുമ്പോൾ വസ്തുതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനം മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിന് എതിരെ ഉയർന്ന വിമർശനങ്ങളിലെ മുഖ്യമന്ത്രിയുടെ മറുപടിയേയും രാജീവ് പരിഹസിച്ചു. സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു എന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും രാജീവ് പറഞ്ഞു.
ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണോ യോഗം ചേർന്നതെന്ന് അദേഹം ചോദിച്ചു. ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. ഒന്നിച്ചു നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതിനുമുൻപും കേരളം പ്രളയത്തെ പ്രതിരോധിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്ന് രാജീവ് ചോദിച്ചു.
https://www.facebook.com/Malayalivartha

























