ഓണവിപണിയിൽ നാടൻ പച്ചക്കറികൾക്കും പൂക്കളും നിറക്കാൻ കുടുംബശ്രീ വനിതാ കർഷകർ...

ഓണവിപണിയിൽ നാടൻ പച്ചക്കറികൾക്കും പൂക്കളും നിറക്കാൻ കുടുംബശ്രീ വനിതാ കർഷകർ. ഓണക്കാലത്തെ വിപണി ആവശ്യകത മുന്നിൽക്കണ്ട് ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ 928 ഏക്കറിൽ വിപുലമായ കൃഷിയാണ് കുടുംബശ്രീ ജോയന്റ് ലയബിലിറ്റി ഗ്രൂപ്(ജെ.എൽ.ജി) അംഗങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
11 ബ്ലോക്കുകളിലായി 3,651 ജെ.എൽ.ജി ഗ്രൂപ്പുകളാണ് ഇത്തവണ കൃഷിയിറക്കിയത്. കൃഷിയിടത്തിൽ നിന്ന് നേരിട്ട് ഉപഭോക്താവിലേക്കെത്തിക്കുന്ന രീതിയിൽ ഓണച്ചന്തകൾ ഒരുക്കി നാടൻ ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. നാടൻ വിഭവങ്ങളുമായി ഓണച്ചന്തകളുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും.
ജില്ലയിലെ 68 സി.ഡി.എസുകളാണ് കാർഷിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ തരിശുഭൂമികൾ കണ്ടെത്തി കൃഷിയോഗ്യമാക്കിയും കൃഷിഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി വ്യാപിപ്പിച്ചത്. ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടുന്ന പൂവിപണിയിൽ നാടൻ പൂക്കളുടെ ലഭ്യത വർധിപ്പിക്കാൻ ‘നിറപ്പൊലിമ’ പദ്ധതിയാണ് കുടുംബശ്രീ അവതരിപ്പിക്കുന്നത്.
597 ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 102.65 ഏക്കറിലാണ് പൂക്കൃഷി നടക്കുന്നത്. ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ലപ്പൂ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ പുതിയ പൂക്കൾ ലഭ്യമാക്കുന്നതിനൊപ്പം പ്രാദേശിക വനിതാ കർഷകർക്ക് വരുമാനവും ഉറപ്പാക്കാനാകും. കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് നാടൻപൂക്കളുടെ നിറപ്പകിട്ടേകാനും പദ്ധതി ലക്ഷ്യമിടുന്നു.
ഓണസദ്യയിലെ പ്രധാന വിഭവങ്ങൾക്ക് ആവശ്യമായ നാടൻ കിഴങ്ങുവർഗങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി 1,095 ജെ.എൽ.ജി ഗ്രൂപ്പുകൾ 360 ഏക്കറിൽ ചേന, ചേമ്പ്, മരച്ചീനി എന്നിവ കൃഷി ചെയ്യുന്നു. ഓണസദ്യക്കും ഉപ്പേരി നിർമാണത്തിനും ആവശ്യമായ ഏത്തക്കായുടെ ലഭ്യത ഉറപ്പാക്കുന്നതിനായി 985 ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 311 ഏക്കറിൽ ഏത്തവാഴ കൃഷിയും പുരോഗമിക്കുന്നു. ഇതിനു പുറമെ പടവലം, പാവൽ, വെണ്ട, വഴുതന, പയർ എന്നിങ്ങനെ വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























