രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...

രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം ഔദ്യോഗിക ചടങ്ങുകളിലും വിദേശ പര്യടനങ്ങളിലും നിഴൽ പോലെ അനുഗമിച്ച് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന എയ്ഡ്-ഡി-ക്യാമ്പ് (എ.ഡി.സി) മേജർ ഋഷഭ് സിങ് സാംബ്യാൽ സൈനിക സേവനത്തിൽ നിന്ന് സ്വമേധയാ വിരമിച്ചു. 12 വർഷത്തെ ദീർഘമായ സേവനത്തിന് ശേഷമാണ് അദ്ദേഹം സൈനിക യൂണിഫോം അഴിച്ചുവെക്കുന്നത്. വിരമിക്കൽ നടപടികൾ പൂർത്തിയായതിനെ തുടർന്ന് ഓഗസ്റ്റ് 21-ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ നേരിൽ കണ്ട് അദ്ദേഹം നന്ദി അറിയിച്ചു.
ഔദ്യോഗിക കൃത്യനിർവഹണത്തിലെ അച്ചടക്കവും അതേസമയം രാഷ്ട്രപതിയോടുള്ള കരുതലും മൂലമാണ് മേജർ ഋഷഭ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. രാഷ്ട്രപതിയുടെ കണ്ണുനിറയുമ്പോൾ തൂവാല നീട്ടുന്നതും മഴയുള്ളപ്പോൾ കുടപിടിച്ച് ഒപ്പം നടക്കുന്നതുമായ ദൃശ്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന് സമാനമായ ഈ കരുതലിനെയും അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള വ്യക്തിത്വത്തെയും നെറ്റിസൺസ് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബോളിവുഡ് താരങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കും ഫിറ്റ്നസും അദ്ദേഹത്തിന് ഇന്ത്യയുടെ 'നാഷണൽ ക്രഷ്' എന്ന വിശേഷണവും നേടിക്കൊടുത്തു.
അതേസമയം, സേവനത്തിൽ നിന്നുള്ള പെട്ടെന്നുള്ള വിരമിക്കലുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങൾക്ക് ഇൻസ്റ്റാഗ്രാം ലൈവിലൂടെ അദ്ദേഹം തന്നെ വ്യക്തത വരുത്തി. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് സേവനത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നും ഈ തീരുമാനത്തിന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിലെ സ്വപ്നമായിരുന്ന സൈനിക യൂണിഫോം ഇത്ര നേരത്തെ അഴിച്ചു വെക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും, ജീവിതത്തിലെ ചില കഠിനമായ സാഹചര്യങ്ങളാണ് ഇത്തരം തീരുമാനങ്ങളിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തിൽ നിന്നും വിരമിച്ച് വിദേശത്തേക്ക് ചേക്കേറുകയാണെന്ന പ്രചരണം തെറ്റാണെന്നും ഇന്ത്യയിൽ തന്നെ തുടർന്ന് രാജ്യത്തിനായി സേവനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാണ് മേജർ ഋഷഭ് സിങ് സാംബ്യാൽ?
ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ നിന്നുള്ള ഡോഗ്ര രാജ്പുത് കുടുംബാംഗമാണ് മേജർ ഋഷഭ് സിങ്. 2013-ൽ നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ വിജയിച്ചാണ് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്. ജാട്ട് റെജിമെന്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച മാർച്ചിങ് കൺടിൻജന്റ് ട്രോഫി നേടിയ സംഘത്തെ നയിച്ച് ശ്രദ്ധ നേടി.
തുടർന്ന് ഇന്ത്യൻ കരസേനയുടെ അതിവിശിഷ്ട കമാൻഡോ വിഭാഗമായ '4 പാരാ സ്പെഷ്യൽ ഫോഴ്സിന്റെ' ഭാഗമാകുകയും അതിസാഹസിക സേവനത്തിന് നൽകുന്ന 'ബലിദാൻ ബാഡ്ജ്' സ്വന്തമാക്കുകയും ചെയ്തു. 2024-ലാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ എ.ഡി.സി ആയി ചുമതലയേൽക്കുന്നത്.
https://www.facebook.com/Malayalivartha
























