ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്

മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ച് തുറന്നുപറയുകയാണ്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ തുറന്നുപറയുന്നത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രം 'ദയ്‌റ'യുടെ ട്രെയിലര്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 വയസുള്ള മകളുടെ പിതാവെന്ന നിലയില്‍ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
'ഒരു രക്ഷിതാവെന്ന നിലയില്‍ ഏറെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എനിക്ക് 11 വയസുള്ള മകളുണ്ട്. അവള്‍ക്ക് എന്താണ് സുരക്ഷിതം, എന്താണ് സുരക്ഷിതമല്ലാത്തത് എന്നതിനെക്കുറിച്ച് അവളോട് സംസാരിച്ച് മനസിലാക്കി കൊടുക്കേണ്ട ഘട്ടത്തിലാണ്. നാം ജീവിക്കുന്നത് നിഷ്‌കളങ്കമായ ഒരു ലോകത്തായിരുന്നെങ്കില്‍, മകളോട് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരില്ലായിരുന്നു. പക്ഷേ നമ്മള്‍ അങ്ങനെയൊരു ലോകത്തല്ല ജീവിക്കുന്നത്. ഒരു പൗരനെന്ന നിലയില്‍ കുട്ടികളോട് ഇതേക്കുറിച്ച് സംസാരിക്കുകയെന്നല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക?
ഇത്തരം കാര്യങ്ങളെക്കുറിച്ച് പെണ്‍കുട്ടികളോട് മാത്രമല്ല സംസാരിക്കേണ്ടത്. ആണ്‍കുട്ടികളോടും അതേ ഗൗരവത്തോടെ സംസാരിക്കണം. ഈ വിഷയത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് പുരുഷന്മാര്‍ക്കാണ്. സമൂഹത്തില്‍ ഈ സന്ദേശം ശക്തമായി ഉയര്‍ത്തിപ്പിടിക്കാനും അതിനായി മുന്നിട്ടിറങ്ങാനും നമ്മളാണ് തയ്യാറാകേണ്ടത്,' പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























