സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

1995ല്‍ 19കാരിയായ സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇന്നലെ രാത്രി റിവര്‍ബെന്‍ഡ് മാക്‌സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചായിരുന്നു ക്രിസ്റ്റ പൈക്ക് എന്ന 50കാരിയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. വിഷമരുന്ന് കുത്തിവച്ചിട്ടും ഇവര്‍ മരിച്ചില്ല. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനിടെ ക്രിസ്റ്റ വേദനയെക്കുറിച്ച് പരാതിപ്പെട്ടതായും കാല്‍ തുടര്‍ച്ചയായി ചലിപ്പിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വധശിക്ഷയ്ക്കുള്ള മരുന്ന് രണ്ടു തവണ കുത്തി വച്ചെങ്കിലും ക്രിസ്റ്റയ്ക്ക് ബോധം നഷ്ടപ്പെട്ടില്ലെന്നും ഹൃദയമിടിപ്പ് തുടരുകയായിരുന്നുവെന്നും അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് ക്രിസ്റ്റയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല. വധശിക്ഷ നടപ്പാക്കാനുള്ള അമേരിക്കന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി ആരംഭിച്ചത്. നേരത്തെ കീഴ്‌ക്കോടതി താല്‍ക്കാലികമായി ശിക്ഷ തടഞ്ഞിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇടപെട്ട് ആ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
1995ല്‍ 19കാരിയായ സഹപാഠി കോളിന്‍ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റയ്ക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകം നടക്കുമ്പോള്‍ ക്രിസ്റ്റയ്ക്ക് 18 വയസായിരുന്നു. രണ്ട് കൗമാരക്കാരുടെ സഹായത്തോടെ സ്ലെമ്മറെ മര്‍ദ്ദിച്ചും മുറിവേല്‍പ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് കേസ്. സ്ലെമ്മറിന് ക്രിസ്റ്റയുടെ കാമുകനുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂര കൊലപാതകം നടത്തിയത്.
വധശിക്ഷ നടപ്പിലാക്കിയിരുന്നെങ്കില്‍ ടെന്നസിയിലെ ചരിത്രത്തില്‍ 200 വര്‍ഷത്തിനിടെ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ വനിതയാകുമായിരുന്നു ക്രിസ്റ്റ. എന്നാല്‍ നടപടിക്രമം പരാജയപ്പെട്ടതോടെ ശിക്ഷ നടപ്പാക്കാനായില്ല. കൊല്ലപ്പെട്ട കോളിന്‍ സ്ലെമ്മറിന്റെ അമ്മ മെയ് മാര്‍ട്ടിനെസ് സംഭവത്തില്‍ രോഷം പ്രകടിപ്പിച്ചു. വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന കുടുംബം അധികൃതരുടെ നടപടിക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























