ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !

ഷാങ്ഹായ് സഹകരണ സംഘടന സമ്മേളനത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ മന്ത്രി ഇന്ത്യയിലെത്തുമെന്നു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്റെ കാലാവസ്ഥ മന്ത്രി മുസാദിഖ് മാലിക്കിനെയാണ് പാക്കിസ്ഥാൻ അയയ്ക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായാണ് ഒരു പാക്ക് മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ തീരുമാനത്തിനുണ്ട്. അതേസമയം, മുസാദിഖ് മാലിക്കിനെ അയക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിൽ മഞ്ഞുരുക്കാനല്ല പാക്കിസ്ഥാന്റെ ശ്രമമെന്ന സംശയവും ഇതിനകം ഉയർന്നിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനൊപ്പം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധു ജല ഉടമ്പടി മരവിപ്പിക്കുകയും ചെയ്തിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിനുള്ള മറുപടിയായിട്ടായിരുന്നു ഈ നീക്കം. നദീജല കരാർ ഇന്ത്യ നിർത്തലാക്കിയതിനു പിന്നാലെ അന്നു രൂക്ഷമായ പ്രതികരണം നടത്തിയ മന്ത്രിയായിരുന്നു മുസാദിഖ് മാലിക്ക്. ‘‘നമ്മുടെ ജലത്തിൽ ആരെങ്കിലും കൈ വച്ചാൽ, ഞങ്ങൾ ആ കൈ വെട്ടിക്കളയും’’ – എന്നാണ് ജൂൺ 29 ന് മുസാദിഖ് മാലിക്ക് ഭീഷണി ഉയർത്തിയത്. എന്നാൽ പാക്കിസ്ഥാൻ അനുനയം ഉൾപ്പെടെയുള്ള മാർഗങ്ങൾ പിന്നീടു സ്വീകരിച്ചെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല.
ഇപ്പോൾ മുസാദിഖ് മാലിക്കിനെ അയയ്ക്കുന്നതു വഴി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട വിഷയം ഇന്ത്യൻ മണ്ണിൽവച്ച് ഉയർത്താനുള്ള അവസരം പാക്കിസ്ഥാൻ വിനിയോഗിക്കുമോ എന്നാണ് നയതന്ത്ര ലോകം വീക്ഷിക്കുന്നത്. ഷാങ്ഹായ് സഹകരണ സംഘടനയുടെ വേദി ഇക്കാര്യത്തിനു പാക്കിസ്ഥാൻ ഉപയോഗിച്ചേക്കാം. 2023 മേയിൽ ഗോവയിൽ നടന്ന എസ്‌സിഒ യോഗത്തിൽ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിനുശേഷം ഇതാദ്യമായാണ് ഒരു പാക്ക് മന്ത്രി ഇന്ത്യയിലെത്തുന്നത്. പാക്കിസ്ഥാൻ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വെള്ളിയാഴ്ച പറഞ്ഞിതിനു തൊട്ടുപിന്നാലെയാണ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനം പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഷാങ്ഹായ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാമെന്ന് ഇന്ത്യ മുന്നോട്ടുവച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളെയും ക്ഷണിക്കാനുള്ള നയതന്ത്ര ബാധ്യതയുടെ ഭാഗമായാണ് പാക്കിസ്ഥാനെയും ക്ഷണിച്ചത്. അടുത്ത വർഷം നടക്കുന്ന എസ്‌സിഒ ഉച്ചകോടിക്ക് പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. ചൈന, കസഖ്സ്ഥാൻ, ഇറാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറൂസ്, അസർബൈജാൻ, അർമേനിയ, ബഹ്‌റൈൻ, നേപ്പാൾ, സൗദി അറേബ്യ, തുർക്കി, ശ്രീലങ്ക എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. നവംബർ 20 മുതൽ 22 വരെ ഡൽഹിയിൽ നടക്കുന്ന എസ്‌സിഒ ‘സിവിലൈസേഷനൽ ഡയലോഗി’ലാണ് മുസാദിഖ് മാലിക്ക് പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്നത്.
ഭീകരവാദത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും അതിനെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാകിസ്ഥാൻ മന്ത്രിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക് മന്ത്രി ഇന്ത്യയിലെത്തുന്നത്.
താജിക്കിസ്താനിലെ ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെന്റ് യോഗത്തിലാണ് രാജ്‌നാഥ് സിങ് നിലപാട് വ്യക്തമാക്കിയത്. പാകിസ്താൻ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദാറിന്റെ സാന്നിധ്യത്തിലായിരുന്നു പരാമർശം.
ഭീകരവാദം വികസനത്തിന് മുന്നിലുള്ള ഏറ്റവും ഗുരുതരമായ ഭീഷണികളിലൊന്നാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇത് മനുഷ്യജീവനുകൾക്ക് മാത്രമല്ല, നിക്ഷേപത്തെയും വ്യാപാരത്തെയും ബാധിക്കുന്നു. ഭീകരവാദം സമൂഹങ്ങളെ തീവ്രവൽക്കരിക്കുകയും യുവാക്കൾക്ക് അർഹമായ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഭീകരവാദത്തിന് ഒരു ന്യായീകരണവും ഉണ്ടാകാൻ പാടില്ല. അതിനെ നേരിടുന്നതിൽ ഇരട്ടത്താപ്പിനും സ്ഥാനമില്ല. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കും പിന്തുണക്കുന്നവർക്കും സുരക്ഷിത താവളം ഒരുക്കുന്നവർക്കും ഇടമുണ്ടാകരുത്. ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും ശക്തമായും കൂട്ടായും അവസാനിപ്പിക്കണം,” രാജ്‌നാഥ് സിങ് പറഞ്ഞു.
രാജ്‌നാഥ് സിങ് സംസാരിക്കുമ്പോൾ ഇഷാഖ് ദാർ അദ്ദേഹത്തിന് എതിർവശത്തായിരുന്നു ഇരുന്നത്. ഇരുവരും ഒരേ മേശയിലിരിക്കുന്ന ദൃശ്യങ്ങളും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഭീകരവാദത്തിനെതിരായ കൂട്ടായ നടപടിയുടെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ എസ്‌സിഒ വേദിയിൽ വ്യക്തമാക്കിയിരുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകൽ, റിക്രൂട്ട്‌മെന്റ്, തീവ്രവൽക്കരണം, സുരക്ഷിത താവളങ്ങൾ എന്നിവ ഉൾപ്പെടുന്ന മുഴുവൻ സംവിധാനവും തകർക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയിരുന്നു. ഭീകരവാദത്തെയും അതിന് അഭയം നൽകുന്നവരെയും വേർതിരിച്ച് കാണാനാകില്ലെന്ന നിലപാടാണ് ഇന്ത്യ തുടർച്ചയായി സ്വീകരിക്കുന്നത്.
എസ്‌സിഒ കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെന്റ് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് രാജ്‌നാഥ് സിങ് താജിക്കിസ്താനിലെത്തിയത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദുഷാൻബെയിലെത്തിയ അദ്ദേഹത്തിന് താജിക്കിസ്താൻ പ്രതിരോധമന്ത്രി എമോമലി സോബിർസോദ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക സ്വീകരണം നൽകി.രാജ് നാഥ് സിംഗിന്റെ പ്രതികരണത്തിന് പാകിസ്ഥാൻ മറുപടി നൽകാനാണ് സാധ്യത..
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്ന നിലയിൽ സിന്ധു നദീജല കരാർ പ്രകാരമുള്ള ജലവിതരണം നിർത്തിവച്ച ഇന്ത്യയുടെ നടപടിയാണ് പാക്കിസ്ഥാന്റെ കുടിവെള്ളം മുട്ടിച്ചത്.
പാക്കിസ്ഥാന്റെ കാർഷികമേഖലയുടെ ഏതാണ്ട് 85-90 ശതമാനവും ആശ്രയിച്ചിരുന്നത് സിന്ധുനദീ ജല കരാർ പ്രകാരം ഇന്ത്യ നൽകിയിരുന്ന വെള്ളത്തെയായിരുന്നു. ഇതു നിലച്ചതോടെ വെട്ടിലായ പാക്കിസ്ഥാൻ യുഎന്നിലും പല രാജ്യാന്തര വേദികളിലും ഇന്ത്യയ്ക്കെതിരെ പരാതി ഉന്നയിക്കുകയും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരെ വിളിച്ച് പരിഭവം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പാക്കിസ്ഥാൻ ഭീകരവാദം പൂർണമായും അവസാനിപ്പിക്കാതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ‘‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല’’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ നടപടി പാക്കിസ്ഥാനെതിരായ യുദ്ധപ്രഖ്യാപനമായി കാണുമെന്നും പാക്കിസ്ഥാൻ സർക്കാർ അഭിപ്രായപ്പെട്ടിരുന്നു. യുഎൻ രക്ഷാസമിതി, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, ഷാങ്ഹായ് സഹകരണ കൗൺസിൽ തുടങ്ങിയ തലത്തിലെല്ലാം പാക്കിസ്ഥാൻ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യ വെള്ളത്തെ ആയുധവൽക്കരിച്ചു എന്നും പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ, പാക്കിസ്ഥാൻ ഭീകരവാദത്തെ സ്വന്തം നയമായി സ്വീകരിക്കുന്നിടത്തോളം കാലം സിന്ധുനദീ ജലക്കരാർ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാൻ സ്വന്തം മണ്ണിലെ ഭീകരവാദ ക്യാമ്പുകൾ നശിപ്പിക്കുക, ഭീകരവാദ നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നത്. 1993ലെ മുംബൈ സ്ഫോടനം, 26/11 മുംബൈ ഭീകരാക്രമണം, ഉറി, പഠാൻകോട്ട്, പുൽവാമ ഭീകരാക്രമണങ്ങൾ തുടങ്ങിയവയിലെ പാക്കിസ്ഥാന്റെ പങ്കും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുൻപ് ഭീകരാക്രമണങ്ങളുണ്ടായപ്പോഴും ഇരു രാജ്യങ്ങൾക്കിടയിൽ യുദ്ധമുണ്ടായപ്പോൾപ്പോലും എടുക്കാതിരുന്ന കടുത്ത നടപടിയാണ് മോദി സർക്കാർ സ്വീകരിച്ചിരുന്നത്. ‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ എന്ന് 2016ൽ ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിനുശേഷം ചേര്‍ന്നൊരു യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവച്ചത് പ്രാവർത്തികമാക്കുകയാണ് ഇപ്പോൾ.
സിന്ധു നദീതടത്തിലൂടെ ഒഴുകുന്ന ആറ് പ്രധാന നദികളുടെ ഉപയോഗം നിയന്ത്രിക്കുന്നതു സംബന്ധിച്ച് 1960ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണ് സിന്ധു നദീജല ഉടമ്പടി. സിന്ധു നദീതടം ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വിഭജിക്കപ്പെട്ടാണുണ്ടായിരുന്നത്. ടിബറ്റിൽ ഉദ്ഭവിച്ച് ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും ഒഴുകി അഫ്ഗാനിസ്ഥാനിലെയും ചൈനയിലെയും ചില മേഖലകളിലൂടെ സഞ്ചരിക്കുന്ന നദികളാണ് ഇവ. വിഭജനത്തിനുപിന്നാലെ 1948ൽ ഇന്ത്യ പാക്കിസ്ഥാനിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് താൽക്കാലികമായി നിർത്തിവച്ചു. പാക്കിസ്ഥാൻ വിഷയം ഐക്യരാഷ്ട്രസഭയിൽ (യുഎൻ) ഉയർത്തി. യുഎന്നാണ് ലോക ബാങ്കിനെ മധ്യസ്ഥതയ്ക്കായി ഏർപ്പെടുത്തിയത്. നീണ്ട ഒൻപതു വര്‍ഷത്തെ ചര്‍ച്ചകൾക്കൊടുവിൽ ലോക ബാങ്കിന്റെ മധ്യസ്ഥതയിലായിരുന്നു സിന്ധു നദീജല ഉടമ്പടി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും ചേർന്ന് ഒപ്പുവച്ചത്.
സിന്ധു നദീതടത്തിലെ പ്രധാന കിഴക്കൻ–പടിഞ്ഞാറൻ നദികളെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിഭജിച്ചുകൊണ്ടാണ് ഈ ഉടമ്പടി നിലവിൽ വന്നത്. ഇതുപ്രകാരം, കിഴക്കുനിന്നുള്ള സത്‌ലജ്, രവി, ബിയാസ് എന്നീ നദികളിലെ വെള്ളം പ്രധാനമായും ഇന്ത്യക്കും, പടിഞ്ഞാറുനിന്നുള്ള ഝലം, സിന്ധു, ചെനാബ് നദികളിലെ വെള്ളത്തിനുള്ള അവകാശം പ്രധാനമായും പാക്കിസ്ഥാനുമാണ്. രണ്ടു രാജ്യങ്ങളുടെ ജലത്തിന്റെ ആവശ്യകതയ്ക്കും കൃഷിക്കും ഈ സഹകരണം ഏറെ പ്രധാനവും സഹായകവുമാണ്. കാർഷിക–ഗാർഹിക–വ്യാവസായിക ഉപയോഗത്തിനും ജലവൈദ്യുത ഉത്പാദനത്തിനും ഈ നദികളിലെ വെള്ളം ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങൾ ഈ ഉടമ്പടിയിലുണ്ട്. ജലത്തിന്റെ ഉപഭോഗമില്ലാത്ത ജലവൈദ്യുതോത്പാദനം, ജലഗതാഗതം എന്നീ ഉപയോഗങ്ങൾക്കും ചില നിയന്ത്രണങ്ങളോടെ കൃഷിക്കും ഇന്ത്യക്ക് പടിഞ്ഞാറൻ നദികൾ പരിമിതമായി ഉപയോഗിക്കാം. നദികളിൽ ഒഴുക്കു തടസ്സപ്പെടുത്താത്ത രീതിയിൽ വേണം ജലവൈദ്യുതി പദ്ധതികൾ നടപ്പിലാക്കാൻ. കരാറുമായി ബന്ധപ്പെട്ട ഡേറ്റാ കൈമാറ്റം, പ്രശ്നപരിഹാരം തുടങ്ങി കാര്യങ്ങൾക്കായി പെർമനന്റ് ഇന്‍ഡസ് കമ്മിഷൻ എന്ന പേരിൽ ഒരു സ്ഥിര കമ്മിഷനും രൂപീകരിച്ചിട്ടുണ്ട്.
ഉടമ്പടി പാലിക്കാതെ വന്നാൽ, ഏറ്റവും ഗുരുതര ആഘാതം പാക്കിസ്ഥാനാണു നേരിടേണ്ടി വരിക. സാമ്പത്തികവും കാർഷികവുമായ ആഘാതമാണ് പാക്കിസ്ഥാനു പ്രധാനമായും ഉണ്ടാവുക. പാക്കിസ്ഥാന്റെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളെ കാര്യമായി ബാധിക്കും. ആകെ ഒഴുകുന്ന ജലത്തിന്റെ 80 ശതമാനവും പാക്കിസ്ഥാനാണ് ലഭിക്കുന്നത്. ഇവയുപയോഗിച്ച് ജലസേചനം, കൃഷി, കുടിവെള്ളം തുടങ്ങിയ ആവശ്യങ്ങൾ പാക്കിസ്ഥാൻ നിറവേറ്റുന്നു. നദീതടത്തിന്റെ മുകൾഭാഗത്തുള്ള രാജ്യം എന്ന നിലയിൽ പാക്കിസ്ഥാനിലേക്കുള്ള നദികളിലെ ജലപ്രവാഹം നിയന്ത്രിക്കാൻ ഇന്ത്യയ്ക്കു കൂടുതൽ സാധിക്കും. പടിഞ്ഞാറൻ നദികളിൽനിന്നുള്ള വെള്ളത്തെ വളരെയധികം ആശ്രയിക്കുന്ന പാക്കിസ്ഥാന്റെ കാർഷിക, വൈദ്യുതി മേഖലകൾ പ്രതിസന്ധിയിലാവുകയും കുടിവെള്ള ക്ഷാമത്തിനും ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും കാരണമാകുകയും ചെയ്യും. ഇതിനെല്ലാം ഉപരിയായി സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരും. പാക്കിസ്ഥാന്റെ ദേശീയ വരുമാനത്തിന്റെ 23 ശതമാനമാണ് കൃഷിയിൽനിന്ന് ലഭിക്കുന്നത്. അനിയന്ത്രിതമായ ജല ഉപയോഗമുണ്ടായാൽ വെള്ളപ്പൊക്കത്തിലേക്കും പലയിടത്തെയും മണ്ണില്‍ ഉപ്പിന്റെ അളവു വർധിക്കുന്നതുപോലെയുള്ള പരിസ്ഥിതി പ്രശ്നങ്ങളിലേക്കും നയിക്കാം. പ്രദേശത്തെ ഉപജീവനമാർഗങ്ങളെയും ഇതു ദോഷകരമായി ബാധിക്കും.
ഉടമ്പടി നിര്‍ത്തലാക്കുന്നതോടെ ഇന്ത്യയ്ക്കും പല ഗുണങ്ങളുണ്ട്. ഉടമ്പടിയില്ലെങ്കിൽ ഇന്ത്യയ്ക്കു നിയന്ത്രണങ്ങളോ പരിമിതികളോ ഇല്ലാതെ ജലം ഉപയോഗിക്കാം എന്ന സ്വാതന്ത്ര്യം ലഭിക്കും. ഊർജ സ്രോതസ് വർധിപ്പിക്കാൻ ജലവൈദ്യുത പദ്ധതികൾ വഴി സാധ്യമാകും. അണക്കെട്ടുകളും നിർമിക്കാനാകും. പ്രദേശത്ത് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ പാക്കിസ്ഥാനുമായി പങ്കുവയ്ക്കേണ്ടി വരില്ല, അനുവാദങ്ങളോ ഔപചാരികതകളോ ഒഴിവാക്കാം. എന്നാൽ, പാക്കിസ്ഥാനുമായി ഉഭയകക്ഷി സംഘർഷങ്ങൾക്ക് ഇതു കാരണമാകും. സമാധാനപരമായ സംഭാഷണങ്ങള്‍ക്കും തർക്ക പരിഹാരത്തിനുമുള്ള ഒരു ചട്ടക്കൂടാണു തകരുന്നത്. ഇതു ഭാവിയിലെ സംഘർഷ പരിഹാര ശ്രമങ്ങളെ സങ്കീർണമാക്കിയേക്കാം. ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി മേഖലകളിലെ ജീവിതത്തെ സാരമായി ബാധിക്കും. രാജ്യാന്തര തലത്തിൽ വിമർശനങ്ങളുണ്ടായേക്കാം. നയതന്ത്ര ബന്ധങ്ങൾ സങ്കീർണമാക്കുകയും ചെയ്തേക്കാം.
ലഭ്യമായ വിവരങ്ങൾ പ്രകാരം, ഈ ഉടമ്പടിയിൽ ഒരു എക്സിറ്റ് ക്ലോസോ നിശ്ചിത കാലാവധിയോ ഇല്ല. ഒരു തർക്ക പരിഹാര സംവിധാനം ഇതിലുണ്ട്. എന്നാലും, ഒരു രാജ്യത്തിന് ഒറ്റയ്ക്കു തീരുമാനമെടുത്ത് ഇതില്‍നിന്നു പുറത്തുപോകാൻ സാധിക്കില്ല. കരാറിൽ മാറ്റങ്ങൾ വരുത്താനോ അവസാനിപ്പിക്കാനോ ഇരുപക്ഷത്തിന്റെയും സമ്മതവും മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ ഉടമ്പടി ഒപ്പുവയ്ക്കുകയും വേണം. എന്നാൽ ഇങ്ങനെയൊരു വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് ഇന്ത്യയ്ക്കെതിരെ പരാതി നൽകാൻ പാക്കിസ്ഥാന് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കാനും സാധിക്കില്ല എന്ന തിരിച്ചടിയും പാക്കിസ്ഥാനുണ്ട്.
പാകിസ്ഥാനിലെ പ്രധാന കാര്‍ഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. ജലലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും. സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ സംവിധാനത്തില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയും പാകിസ്താനും. സ്വതന്ത്രരാജ്യങ്ങളായി മാറിയത് മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരംഭിച്ച തര്‍ക്കങ്ങള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അതിര്‍ത്തികള്‍ അശാന്തമായി തുടരുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഇന്ത്യന്‍ മണ്ണില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ജലം പങ്കിടുന്നത് സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ കരാറുകളിലൊന്നായിരുന്നു സിന്ധു നദീജല ഉടമ്പടി. സമാധാനപരമായി ജലം പങ്കിടുന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കരാര്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടിരുന്നു.. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളെ കരാര്‍ അതിജീവിച്ചു. കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്‌ലജ്, രവി, ബിയാസ് എന്നിവ ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാകിസ്താനും വീതിച്ചുനല്‍കിയിരിക്കുന്നു. ഉടമ്പടി പ്രകാരം, പടിഞ്ഞാറന്‍ നദികളിലെ ജലം കൈകാര്യം ചെയ്യുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം പാകിസ്താനാണ്, അതേസമയം, കിഴക്കന്‍ നദികളുടെ പ്രാഥമിക ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഇതിലാണ് മാറ്റമുണ്ടായത്.
പാകിസ്താനുമായി നദീജലം പങ്കുവെയ്ക്കുന്ന ഉടമ്പടിയില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 1960 സെപ്തംബര്‍ 19-ന് കറാച്ചിയില്‍ കരാര്‍ ഒപ്പിട്ടതിനു ശേഷം ആദ്യമായാണ് കരാറില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നത്. ജമ്മു കശ്മീരിലെ കിഷന്‍ഗംഗ, രത്ലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട പാകിസ്താന്റെ എതിര്‍പ്പും അതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് ഭേദഗതിയെക്കുറിച്ച് ആലോചിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.
പദ്ധതികള്‍ക്കെതിരേ ഹേഗ് ആസ്ഥാനമായുള്ള ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാനുള്ള പാകിസ്താന്റെ 'ഏകപക്ഷീയമായ' തീരുമാനവും ഇന്ത്യയുടെ എതിര്‍പ്പ് വിളിച്ചുവരുത്തിയിരുന്നു.
സിന്ധു നദിയെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1947-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതടത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേചന ആവശ്യങ്ങള്‍ക്കടക്കം സിന്ധു നദീതടത്തില്‍ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. അതിനാല്‍തന്നെ ജലം പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ഒരു ധാരണ ആവശ്യമായിരുന്നു. 1948 മേയ് മാസത്തില്‍ നിലവില്‍ വന്ന ഇന്റര്‍-ഡൊമിനിയന്‍ ഉടമ്പടി പ്രകാരം പാകിസ്താന്‍ നല്‍കുന്ന വാര്‍ഷിക പണത്തിന് പകരമായി ഇന്ത്യ വെള്ളം നല്‍കാന്‍ തീരുമാനിച്ചിരുന്നു.
ഈ കരാറിന്റെ പൊതുവിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ ആ കരാര്‍ പരാജയപ്പെട്ടു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ 1951-ല്‍ ഇരുരാജ്യങ്ങളും സിന്ധു നദിയിലും അതിന്റെ പോഷകനദികളിലുമുള്ള ജലസേചന പദ്ധതികള്‍ക്ക് ധനസഹായത്തിനായി ലോക ബാങ്കിനെ സമീപിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം ലോകബാങ്ക് മുന്നോട്ട് വെച്ചു. ഒടുവില്‍ 1960-ല്‍ ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലെത്തി.
സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ഏകദേശം ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്ത്യയും പാകിസ്താനും ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ സിന്ധു നദീജല ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. ലോകബാങ്കിന് വേണ്ടി മുന്‍ വൈസ് പ്രസിഡന്റ് ഡബ്ല്യു.എ.ബി. ഇലിഫാണ് കരാറില്‍ ഒപ്പുവെച്ചത്.
ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്‌ലജ് എന്നീ മൂന്ന് കിഴക്കന്‍ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. സിന്ധു, ചെനാബ്, ഝലം എന്നീ പടിഞ്ഞാറന്‍ നദികളുടെ ജലത്തിന്റെ മേലുള്ള നിയന്ത്രണം പാകിസ്താനാണ്. ഇത് പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാകിസ്താനുമാണ്. കരാര്‍ പ്രകാരം പടിഞ്ഞാറന്‍ നദികളിലെ ജലം പരിമിതമായ ജലസേചന ഉപയോഗത്തിനും വൈദ്യുതി ഉത്പാദനം, ജലഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതെയും ഇന്ത്യയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഝലം, ചെനാബ് നദികളുടെ പോഷകനദികളില്‍ ഇന്ത്യ നിര്‍മിക്കുന്ന രണ്ട് ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച് 1988 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ട്. 330 മെഗാവാട്ടിന്റെ കിഷന്‍ഗംഗ പദ്ധതി 2018-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. അതേസമയം, 850 മെഗാവാട്ടിന്റെ രത്ലെ ജലവൈദ്യുത പദ്ധതി നിര്‍മാണ ഘട്ടത്തിലാണ്. കരാര്‍ പ്രകാരം പാകിസ്താന് നിയന്ത്രണമുള്ള പടിഞ്ഞാറന്‍ നദികളിലാണ് രണ്ട് പദ്ധതികളും. ഝലത്തിന്റെ കൈവഴിയായ കിഷന്‍ഗംഗയിൽ (പാകിസ്താനില്‍ നീലം എന്ന് അറിയപ്പെടുന്നു) ഇന്ത്യ ജലവൈദ്യുത പദ്ധതി ആസൂത്രണം ചെയ്യാന്‍ തുടങ്ങിയതോടെയാണ് വിയോജിപ്പ് ആരംഭിച്ചത്. പടിഞ്ഞാറന്‍ നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കാന്‍ ഇന്ത്യയ്ക്ക് തടസമില്ല. എന്നാല്‍ നീരൊഴുക്ക് പരിമിതപ്പെടുത്താന്‍ പാടില്ല. ജലപ്രവാഹത്തെ തടസപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഈ നദികളില്‍ നിര്‍മിക്കുന്ന ഏതൊരു പദ്ധതിയുടെയും രൂപരേഖ കരാര്‍ പ്രകാരം പാകിസ്താനെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ട്. ഇന്ത്യയുടെ പദ്ധതിക്കെതിരേ അവര്‍ എതിര്‍പ്പ് ഉന്നയിക്കുകയും പദ്ധതി നദിയിലെ ജലനിരപ്പ് കുറയ്ക്കുമെന്ന് ആരോപിക്കുകയും ചെയ്തു.
കടുത്ത ജലദൗര്‍ലഭ്യമനുഭവിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രാജ്യമാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പേമാരിയിലും പ്രളയത്തിലും രാജ്യത്തിന്റെ പകുതിയിലധികം ഭാഗവും വെള്ളത്തിനടിയിലായി. അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ 200 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 1700-ലധികം പേരാണ് പ്രളയത്തില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. പ്രളയം പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു. ദുരന്തബാധിത മേഖലകള്‍ സാധാരണ നിലയിലാകാന്‍ പത്തു വര്‍ഷംവരെ വേണ്ടിവരുമെന്നാണ് കണക്കുകള്‍. ജനങ്ങള്‍ക്കിടയിലെ ദാരിദ്ര്യം അഞ്ചു ശതമാനത്തോളം വര്‍ധിച്ചു. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് പാകിസ്താന്‍ എടുത്തെറിയപ്പെട്ടത്. രാഷ്ട്രീയ അനിശ്ചിതാവസ്ഥ കൂടിയായതോടെ ഭക്ഷ്യക്ഷാമം അടക്കം പാകിസ്താനില്‍ രൂക്ഷമായി.
2016-ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെ കരാര്‍ റദ്ദാക്കണമെന്ന് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കടുത്ത നടപടിയുണ്ടാകുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്താനെതിരേ രൂക്ഷവിമര്‍ശനമുണ്ടായെങ്കിലും കരാര്‍ പുനഃപരിശോധിക്കുന്നതിനോ റദ്ദാക്കുന്നതിനോ ഒരു നീക്കവും ആരംഭിച്ചില്ല. എന്നാല്‍ കമ്മിഷണര്‍മാര്‍ തമ്മില്‍ പതിവായി സിന്ധു നദീജല വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന് 2016-ല്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. 2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം കശ്മീരിനെച്ചൊല്ലി ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ നീക്കം ശക്തമാക്കി. 2022 മെയ് മാസത്തില്‍, സിന്ധു നദീജല കമ്മിഷന്‍ ന്യൂഡല്‍ഹിയില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. എങ്കിലും വെള്ളത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആ യോഗം സഹായിച്ചില്ല.
ബംഗ്ലാദേശ്, ചൈന, നേപ്പാള്‍ എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യയുമായി നദീജലം പങ്കുവെയ്ക്കുന്നുണ്ട്. അതിനാല്‍തന്നെ ആ കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇന്ത്യ എങ്ങനെ പരിഹരിക്കുമെന്ന് ഈ രാജ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏതായാലും മോദിയുടെ പണി ഏറ്റെന്നുതന്നെ പറയാം. ഇതിനെ ഇന്ത്യയിലെത്തുന്ന പാക് മന്ത്രി എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് അറിയേണ്ടത്.
https://www.facebook.com/Malayalivartha

























