ജീവിക്കാൻ സമ്മതിക്കുന്നില്ല..! വാവ സുരേഷിനെതിരെ കത്തിച്ചു റോഷ്നി; പൊട്ടിക്കരഞ്ഞ് പറയുന്നു, സത്യം ഇങ്ങനെ

പാമ്പുകളെ പിടിച്ച് ജനവാസ മേഖലകളില്‍നിന്ന് സുരക്ഷിതമായി മാറ്റുന്ന ജോലി മാത്രമല്ല, സ്വന്തം നിലനില്‍പ്പിനായി വര്‍ഷങ്ങളായി മറ്റൊരു പോരാട്ടം കൂടി നടത്തേണ്ടിവരുന്നുവെന്ന് തുറന്നുപറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥയും സര്‍ട്ടിഫൈഡ് സ്‌നേക്ക് റെസ്‌ക്യൂവറുമായ റോഷ്‌നി ജി.എസ്. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള അധിക്ഷേപങ്ങളും അപവാദപ്രചാരണങ്ങളും വകുപ്പിനുള്ളിലെ സമ്മര്‍ദങ്ങളും നേരിട്ടാണ് ഇത്രയും കാലം ജോലി തുടരുന്നതെന്ന് റോഷ്‌നി ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി. പാമ്പ് പിടിത്ത മേഖലയിലെ ചിലരുടെ എതിര്‍പ്പുകളും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും നേരിടേണ്ടിവന്നതായും അവര്‍ ആരോപിക്കുന്നു.
2017ലാണ് വനിതകളുടെ ആദ്യ ബാച്ചില്‍ വനംവകുപ്പില്‍ റോഷ്‌നി സര്‍വീസില്‍ പ്രവേശിക്കുന്നത്. അരിപ്പയില്‍ പരിശീലനം നടക്കുന്നതിനിടെ സഹപ്രവര്‍ത്തകനില്‍ നിന്നുണ്ടായ മോശം പരാമര്‍ശത്തോട് പ്രതികരിച്ചതോടെയാണ് തനിക്കെതിരായ ശത്രുത ആരംഭിച്ചതെന്നാണ് റോഷ്‌നിയുടെ വെളിപ്പെടുത്തല്‍. താന്‍ വഴങ്ങിനില്‍ക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ പലരെയും ഉപയോഗിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ജോലിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പറയുന്നു. തുടക്കത്തില്‍ ജോലി രാജിവെക്കാന്‍ ആലോചിച്ചെങ്കിലും കഷ്ടപ്പെട്ട് നേടിയ ജോലി ഉപേക്ഷിക്കേണ്ടെന്ന് തീരുമാനിച്ച് മുന്നോട്ടുപോകുകയായിരുന്നു.
പിന്നീട് വിതുര, ചൂളിയാമല സെക്ഷനുകളില്‍ ജോലി ചെയ്തു. ജോലി ചെയ്യാനുള്ള താല്‍പര്യം കൊണ്ടാണ് വിതുര സെക്ഷന്‍ ആവശ്യപ്പെട്ടുവാങ്ങിയത്. അന്നത്തെ ഡിഎഫ്ഒ കല്ലാര്‍ ഇക്കോടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയും നല്‍കി. എന്നാല്‍, ഇക്കോടൂറിസത്തിന്റെ ചുമതല എസ്.എഫ്.ഒമാര്‍ക്ക് മാത്രമേ നല്‍കാവൂവെന്നും രണ്ടുവര്‍ഷം മാത്രം സര്‍വീസുള്ള വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകര്‍ ഡിഎഫ്ഒയെ സമീപിച്ചതായി റോഷ്‌നി പറയുന്നു. ഡിഎഫ്ഒ നിലപാടില്‍ ഉറച്ചുനിന്നതോടെ തനിക്കെതിരായ എതിര്‍പ്പ് ശക്തമായി.
കോവിഡ് കാലത്ത് കല്ലാറിലെ ജനങ്ങള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ആ പ്രവര്‍ത്തനങ്ങള്‍ പോലും തന്നെ ഉപദ്രവിക്കാനുള്ള കാരണങ്ങളായി മാറ്റിയെന്നാണ് റോഷ്‌നിയുടെ ആരോപണം. ഇല്ലാത്ത കഥകളും ആരോപണങ്ങളും ഉന്നയിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചു. ഫ്‌ലയിങ് സ്‌ക്വാഡും വിജിലന്‍സും ഉള്‍പ്പെടെയുള്ള അന്വേഷണസംഘങ്ങള്‍ പലതവണ എത്തിയെന്നും അവര്‍ പറയുന്നു. പിന്നീട് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന തരത്തിലുള്ള സമ്മര്‍ദങ്ങളുണ്ടായി. ഇതിനെതിരെ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി (ഐസിസി), വനിതാ കമ്മിഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നാണ് റോഷ്‌നിയുടെ ആരോപണം. പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്തുവെന്നും അവര്‍ പറയുന്നു.
ഒന്നര മാസത്തിനുശേഷം സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും കോട്ടൂരിലേക്കായിരുന്നു നിയമനം. ജീവന് ഭീഷണിയുണ്ടെന്ന ആശങ്കയില്‍ മന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയതായും റോഷ്‌നി പറയുന്നു. ഇതിനിടെ കടുത്ത മാനസിക സമ്മര്‍ദവും വിഷാദവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. തുടര്‍ന്നാണ് പാറുത്തിപ്പള്ളി റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ (ആര്‍ആര്‍ടി) നിയമനം ആവശ്യപ്പെട്ടത്. അന്ന് ആര്‍ആര്‍ടിയില്‍ വനിതാ ഉദ്യോഗസ്ഥയോ ബീറ്റ് ഫോറസ്റ്റ് ഓഫീസറോ ഉണ്ടായിരുന്നില്ല. അവിടെ നിയമനം ലഭിച്ചതോടെ സമാധാനത്തോടെ ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നും അവര്‍ കുറിച്ചു.
എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ അവസാനിച്ചില്ല. മന്ത്രിയുടെ നിര്‍ദേശപ്രകാരം ആരോപണവിധേയര്‍ക്കെതിരെ വിതുര പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു. ഇനി ഉപദ്രവമുണ്ടാകില്ലെന്ന ധാരണയിലാണ് ഒടുവില്‍ കേസ് റദ്ദാക്കാന്‍ സമ്മതിച്ചതെന്നും റോഷ്‌നി പറയുന്നു. ഇതിനുശേഷമാണ് പാമ്പ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതും റോഷ്‌നി എന്ന പേര് പൊതുസമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും.
സ്‌നേക്ക് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ പാമ്പുപിടിത്ത മേഖലയിലെ ചിലര്‍ക്കും തന്നോട് വൈരാഗ്യമുണ്ടായെന്നാണ് റോഷ്‌നിയുടെ ആരോപണം. തന്റെ പേരില്‍ ജാതി അധിക്ഷേപം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് കുളത്തൂപ്പുഴയിലേക്ക് സ്ഥലംമാറ്റി. പത്രമാധ്യമങ്ങളിലൂടെയാണ് തനിക്കെതിരായ ആരോപണത്തെക്കുറിച്ച് അറിഞ്ഞതെന്നും അവര്‍ പറയുന്നു. ഇതിനെതിരെ എട്ടുമാസത്തോളം അവധിയെടുത്ത് നിയമപോരാട്ടം നടത്തി. പൊലീസിലും കോടതിയിലും ആരോപണം വ്യാജമാണെന്ന് തെളിയിച്ച് കേസ് റഫര്‍ ചെയ്ത രേഖകളുമായി മന്ത്രിയെ സമീപിച്ചു. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആര്‍ആര്‍ടിയില്‍ നിയമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചെങ്കിലും വകുപ്പിലെ ചിലര്‍ അത് അംഗീകരിച്ചില്ലെന്നാണ് റോഷ്‌നിയുടെ ആരോപണം.
അവിടെനിന്ന് കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോന്നത്. തുടര്‍ന്ന് അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി വിളിപ്പിക്കുകയും പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ജോലി തന്നെ ഇല്ലാതാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റോഷ്‌നി വെളിപ്പെടുത്തുന്നു. എന്നാല്‍, താന്‍ പിന്നോട്ടുപോയാല്‍ നാളെ മകള്‍ക്കോ സമൂഹത്തിലെ മറ്റൊരു പെണ്‍കുട്ടിക്കോ സമാനമായ അനുഭവം ഉണ്ടാകാമെന്ന ചിന്തയിലാണ് നിലപാടില്‍ ഉറച്ചുനിന്നത്. ഒടുവില്‍ കുളത്തൂപ്പുഴയില്‍നിന്ന് വീണ്ടും ആര്‍ആര്‍ടിയിലേക്ക് നിയമനം ലഭിച്ചു. ഒന്നരവര്‍ഷമായി അവിടെ ജോലി ചെയ്യുകയാണെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























