ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...

കന്യാകുമാരി ജില്ലയിലുള്ള നാഗര്‍കോവില്‍ റെയില്‍വേ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി. തിരിച്ചറിയാന്‍ തെളിവുകളൊന്നുമില്ലാതിരുന്ന കേസില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ വിരലിലുണ്ടായിരുന്ന സര്‍പ്പത്തിന്റെ രൂപത്തിലുള്ള ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ച് വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
നവംബര്‍ 13-ന് അര്‍ദ്ധരാത്രിയിലാണ് ഈ ദാരുണമായ സംഭവം നടന്നതെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി.കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്ന സാഹചര്യത്തില്‍ റെയില്‍വേ പോലീസ് അവരുടെ വിരലിലുണ്ടായിരുന്ന ഹാല്മാര്ക്ക് ചെയ്ത സ്വര്‍ണ്ണ മോതിര കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. മോതിരത്തിലെ ഹാല്മാര്ക്ക് മുദ്രകള്‍ പിന്തുടര്ന്ന് പരിശോധിച്ചപ്പോള്‍ അത് ഗുജറാത്തിലെ ഒരു വ്യാപാരി നിര്‍മ്മിച്ചതാണെന്ന് റെയില്‍വേ എസ്.പി ആദര്‍ശ് പച്ചേര വ്യക്തമാക്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ മോതിരം ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഒരു റീട്ടെയില്‍ വ്യാപാരിക്കാണ് വിറ്റതെന്ന് ഗുജറാത്തിലെ വ്യാപാരി പോലീസിനെ അറിയിച്ചു. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ പോലീസ് നാഗര്‍കോവിലില്‍ നിന്നും റായ്പൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.റായ്പൂരിലെ കടയില്‍ നടത്തിയ പരിശോധനയില്‍ മോതിരം വാങ്ങിയ ആളുടെ പാന്‍ കാര്‍ഡ് വിവരങ്ങളും മധ്യപ്രദേശിലെ വിലാസവും ശേഖരിക്കാന്‍ പോലീസിന് സാധിച്ചു.
തുടര്‍ന്ന് മധ്യപ്രദേശിലെ വീട്ടിലെത്തിയ റെയില്‍വേ പോലീസ് സംഘം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി സ്ത്രീയെ സ്വന്തം നാട്ടില്‍ നിന്നും കാണാനില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























