മെര്‍ക്കുറി സാന്നിധ്യമുള്ള ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ എഫ്ട്യൂണ്‍ എന്ന കമ്പനിക്കെതിരെ പോലീസ് കേസെടുത്തു
മെര്‍ക്കുറി സാന്നിധ്യമുള്ള ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ എഫ്ട്യൂണ്‍ എന്ന കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് അരീക്കോട് പോലീസ് കേസെടുത്തത്. മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലില്‍ ക്രീമിന്റെ സാമ്പിളുകളും പെണ്‍കുട്ടി പോലീസിന് കൈമാറി. ഈ ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് താനും മെമ്പ്രാനസ് നെഫ്രോപ്പതി ബാധിതനായെന്ന് പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂരും വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വ്യാജ ഫെയര്‍നെസ് ക്രീമിന്റെ ഇരയായ പെണ്‍കുട്ടി നിയമപോരാട്ടം ശക്തമാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ്. എഫ്ട്യൂണ്‍ ക്രീം മൂലം തനിക്ക് വൃക്കരോഗം ഉണ്ടായ കാര്യം പോലീസിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ പെണ്‍കുട്ടി വിവരിച്ചു. കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കുമെന്നും നിലവില്‍ ഈ ക്രീം ഉപയോഗിക്കുന്ന മറ്റുള്ളവരെങ്കിലും രക്ഷപ്പെടട്ടെയെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. താന്‍ നേരിട്ട അനുഭവം തുറന്നുപറഞ്ഞതിന് സോഷ്യല്‍ മീഡിയയിലൂടെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മുന്നില്‍ പിന്മാറില്ലെന്നും കുട്ടി വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പ് കര്‍ശന തീരുമാനമെടുത്തു. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും വ്യാപകമായ പരിശോധന നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മന്ത്രി ഉത്തരവ് കൈമാറിയിട്ടുണ്ട്. ജനങ്ങളെ വ്യാജ പരസ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗര്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
നിയമവിരുദ്ധമായും അംഗീകാരമില്ലാതെയും സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരില്‍ വിറ്റഴിക്കുന്ന ഗുളികകള്‍, തൈലങ്ങള്‍, ഒയിന്റ്മെന്റുകള്‍ എന്നിവയ്ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകും. ഇത്തരം നിരോധിത ഉല്‍പ്പന്നങ്ങള്‍ മംഗലാപുരം - കാസര്‍കോട് കേന്ദ്രീകരിച്ച് ഓണ്‍ലൈനായാണ് സംസ്ഥാനത്തേക്ക് കൂടുതലായി എത്തുന്നതെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം വിലയിരുത്തുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ വിപണി പിടിക്കുന്ന സംഘങ്ങളെ വരും ദിവസങ്ങളില്‍ കണ്ടെത്താനാണ് നീക്കം.
https://www.facebook.com/Malayalivartha

























