കർഷകർ വീണ്ടും പ്രതിസന്ധിയിൽ... റബ്ബർ വിലയിൽ കുത്തനെയുള്ള ഇടിവ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി

റബ്ബർ വിലയിൽ കുത്തനെയുള്ള ഇടിവ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി. ഓരോദിവസവും നാലും അഞ്ചും രൂപെവച്ച് വില കുറയുന്നു. ഈ മാസം ആദ്യം കിലോയ്ക്ക് 300 രൂപയോളം എത്തിയ റബ്ബർ വില ദിവസങ്ങൾക്കകം 30 രൂപയോളം കുറഞ്ഞതോടെ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയേൽകുകയായിരുന്ന. വില ഉയർന്നതോടെ ടാപ്പിങ് പുനരാരംഭിച്ചും കൃഷി വ്യാപിപ്പിച്ചും കൂടുതൽ വരുമാനം പ്രതീക്ഷിച്ച കർഷകരാണ് ഇപ്പോൾ ആശങ്കയിലായിട്ടുളളത്.
വില ഇനിയും കുറഞ്ഞാൽ ടാപ്പിങ് നിർത്തിവെക്കാനായി ഒരുങ്ങുകയാണ് കർഷകർ. ഈ സീസണിൽ റബ്ബറിന് സാമാന്യം വില ലഭിച്ചിട്ടുണ്ടായിരുന്നു. ലാറ്റക്‌സിന്റെ വിലയും മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിരുന്നു. കിലോഗ്രാമിന് 250 രൂപയിലേറെ ലഭിച്ചതോടെ കർഷകരുടെ പ്രതീക്ഷയേറി. വില വീണ്ടും ഉയർന്നതിനെത്തുടർന്ന് നേരത്തെ ടാപ്പിങ് നടത്താതെ കിടന്നിരുന്ന ഒട്ടേറെ തോട്ടങ്ങൾ വീണ്ടും സജീവമാക്കിയിരുന്നു.
ടാപ്പിങ് തൊഴിലാളികളെ ഏർപ്പെടുത്തുന്നതിനും തോട്ടങ്ങളുടെ പരിപാലനത്തിനുമായി കർഷകർ കൂടുതൽ പണം ചെലവഴിക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നതിനുമുമ്പേ വില താഴ്ന്നത് കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തൊഴിലാളികളുടെ കൂലി, വളം, മരുന്ന് തുടങ്ങിയ ചെലവുകൾ വർധിച്ച സാഹചര്യത്തിൽ വിലയിടിവ് ചെറുകിട കർഷകർക്ക് വലിയ ഭാരമാകുകയാണ്.
https://www.facebook.com/Malayalivartha

























