വിങ്ങുന്ന മനസ്സുമായി തിരഞ്ഞെടുപ്പ് ജോലി പൂര്‍ത്തിയാക്കിയ കലക്ടര്‍

അമ്മയുടെ ചേതനയറ്റ ശരീരം ഒരുനോക്ക് കാണാതെ തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ നിന്നു വ്യതിചലിക്കാതെ തിരുവനന്തപുരം ജില്ലാ കലക്ടര്‍ കൃത്യനിര്‍വഹണത്തിന്റെ മാതൃകയായി. രണ്ടര മാസം നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു ചുക്കാന്‍പിടിച്ചിരുന്ന ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ബിജു പ്രഭാകറിന്റെ അമ്മയും മുന്‍ ധനമന്ത്രി തച്ചടി പ്രഭാകരന്റെ ഭാര്യയുമായ കായംകുളം കരീലക്കുളങ്ങര തച്ചടിയില്‍ വീട്ടില്‍ സരോജിനി അമ്മ (73) വോട്ടെണ്ണലിനു മണിക്കൂറുകള്‍ക്കു മുന്‍പാണു വിട പറഞ്ഞത്.
ജനാധിപത്യത്തിന്റെ ഏറ്റവും മഹത്തരമായ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു പോയാല്‍ മതിയെന്നായിരുന്നു ബിജു പ്രഭാകറിന്റെ തീരുമാനം. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കണ്‍ട്രോള്‍ റൂമിലിരുന്നു വോട്ടെണ്ണലിന്റെ ഓരോ നിമിഷവും നിരീക്ഷിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകകയും ചെയ്യുമ്പോള്‍ ബിജുവിന്റെ മനസ്സില്‍ വിങ്ങുന്ന വേദനയായി അമ്മയുടെ ഓര്‍മകള്‍ നിറഞ്ഞുനിന്നു. ജില്ലയില്‍ അവസാനം പ്രഖ്യാപിച്ച നേമത്തെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഒന്നരയോടെ കലക്ടര്‍ നാട്ടിലേക്കു തിരിച്ചു. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കാണു സംസ്‌കാരം.
ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് അമ്മയുടെ മരണവിവരം ബന്ധു, ബിജുവിനെ അറിയിച്ചത്. ഹൃദയസംബന്ധമായ സുഖങ്ങളുണ്ടായിരുന്ന സരോജിനി അമ്മയുടെ ചികില്‍സ ശ്രീചിത്രയിലായിരുന്നു. മൂന്നു തവണ സ്‌റ്റെന്‍ഡ് ഇട്ടിട്ടുണ്ട്. എങ്കിലും തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ അടഞ്ഞതിനെ തുടര്‍ന്ന് ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാവുമായിരുന്നു. ബുധനാഴ്ച രാത്രി പത്തു മണിയോടെ കുഴഞ്ഞുവീണ സരോജിനി അമ്മ രണ്ടു തവണ ഛര്‍ദിക്കുകയും ചെയ്തു. ശ്രീചിത്രയിലേക്കു കൊണ്ടുവരാന്‍ നിര്‍ദേശിച്ച ശേഷം ബിജു വോട്ടെണ്ണല്‍ പ്രക്രിയയുടെ റിഹേഴ്‌സലില്‍ വ്യാപൃതനായി.
എന്നാല്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ രാത്രി പന്ത്രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. 'വല്ലാത്ത ആഘാതമായിരുന്നു ആ വാര്‍ത്ത. എങ്കിലും രണ്ടര മാസത്തോളം ചെയ്തുകൊണ്ടിരുന്ന ജോലി പൂര്‍ത്തിയാക്കാതെ പോകാന്‍ മനസ്സ് അനുവദിച്ചില്ല. വേദന കടിച്ചുപിടിച്ചാണു മണിക്കൂറുകളോളം നിന്നത്. നാട്ടിലേക്കു പോയാലും എന്റെ മനസ്സ് ഇവിടെയായിരിക്കും. അതുകൊണ്ടു വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയിട്ടു പോകാമെന്നു തീരുമാനിച്ചു. കായംകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ ബിജു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha