ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചുവരികയാണ്: വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ഗണേഷ് കുമാർ; സൗജന്യയാത്ര നൽകിയാൽ കെഎസ്ആർടിസി വഴിയാധാരമാകും...

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത്തരം വാഗ്ദാനങ്ങൾ നടപ്പിലാക്കിയാൽ രണ്ടുമാസം കൊണ്ട് കെ.എസ്.ആർ.ടി.സിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൊതുഖജനാവിലെ പണം ധൂർത്തടിച്ച് വോട്ട് വാങ്ങാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
നിലവിൽ കെ.എസ്.ആർ.ടി.സി നഷ്ടം കുറച്ച് പച്ചപിടിച്ചു വരികയാണെന്നും ഈ ഘട്ടത്തിൽ ഇത്തരം അശാസ്ത്രീയമായ വാഗ്ദാനങ്ങൾ സ്ഥാപനത്തെ തകർക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കർണാടകയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചതിനെത്തുടർന്ന് അവിടുത്തെ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത പ്രതിസന്ധിയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സി ഇതുവരെ ലാഭത്തിലായിട്ടില്ല.
പെൻഷൻ കുടിശ്ശിക ഉൾപ്പെടെ വലിയ ബാധ്യതകൾ നിലനിൽക്കെ, സൗജന്യയാത്ര കൂടി നടപ്പിലാക്കിയാൽ ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. വകുപ്പിനെ നശിപ്പിക്കാൻ മുൻപും ഗവേഷണം നടത്തിയിട്ടുള്ളവരാണ് യുഡിഎഫുകാർ. സൗജന്യയാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ കോൺഗ്രസുകാർക്ക് നാണമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
https://www.facebook.com/Malayalivartha




















