കോഴിക്കോട് ഒരു രൂപയ്ക്ക് ഷൂവും വാച്ചും; മാനഞ്ചിറയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ്, കടയുടമകൾക്കെതിരെ കേസ്...

ഒരു രൂപയ്ക്ക് ഷൂവും വാച്ചും! സോഷ്യൽ മീഡിയയിലെ ഓഫർ വീഡിയോ കണ്ട് ഒഴുകിയെത്തിയത് ആയിരങ്ങൾ. കോഴിക്കോട് മാനഞ്ചിറയിൽ ചെരുപ്പ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുണ്ടായ വൻ തിരക്ക് ഒടുവിൽ ലാത്തിച്ചാർജിൽ കലാശിച്ചു. സംഭവത്തിൽ കടയുടമകളടക്കം ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് മാനഞ്ചിറയിലെ വൈക്കം മുഹമ്മദ് ബഷീർ റോഡിലുള്ള 'ട്രെന്റ് ഫാക്ടറി' എന്ന കടയുടെ ഉദ്ഘാടനമാണ് സംഘർഷഭരിതമായത്. ഒരു രൂപയുടെ നോട്ടയുമായി ആദ്യം എത്തുന്ന 100 പേർക്ക് ഷൂവും, അടുത്ത 100 പേർക്ക് വാച്ചും നൽകുമെന്നായിരുന്നു ഉടമകളുടെ വാഗ്ദാനം.
ഈ ഓഫർ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്ന് പോലും പുലർച്ചെ അഞ്ചു മണിക്ക് മുൻപേ യുവാക്കൾ സ്ഥലത്തെത്തി. കട തുറന്നതോടെ അകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടം വലിയ തോതിലുള്ള തിക്കും തിരക്കുമാണ് സൃഷ്ടിച്ചത്. ഇതോടെ മാനാഞ്ചിറ മേഖലയിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. മുൻകരുതലുകൾ സ്വീകരിക്കാതെ ജനക്കൂട്ടത്തെ വിളിച്ചുവരുത്തി ക്രമസമാധാന നില തകർത്തതിനാണ് ടൗൺ പോലീസ് കടയുടമകൾക്കെതിരെ കേസെടുത്തത്. നിലവിൽ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























