ഇന്ന് രാജീവ് ഗാന്ധിയുടെ ഇരുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനം ഇന്ന്. ശ്രീപെരുംപുത്തൂരില്‍ എല്‍ടിടി തീവ്രവാദികളുടെ ചാവേര്‍ ബോംബ് ആക്രമണത്തിലായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1991 മേയ് 21 ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിലെത്തുന്നത്. എല്‍ടിടി അംഗമായ തേന്മൊഴി ഗായത്രി രാജരത്‌നം (തനു) എന്ന സ്ത്രീയാണ് ചാവേര്‍ ആയത്. ശിവരശനായിരുന്നു കൊലപാതകത്തിന്റെ സൂത്രധാരകന്‍. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ മാല അണിയിച്ചശേഷം വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് ബോംബ് സ്‌ഫോടനത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്.
തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കൈ ഉയര്‍ത്തി അനസൂയയെ തടഞ്ഞു. സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തില്‍ ഹാരം അണിയിച്ചശേഷം, കാലില്‍ സ്പര്‍ശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററില്‍ വിരലമര്‍ത്തി. ശക്തമായ സ്‌ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേര്‍ മരിച്ചു. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. മരണത്തിനുശേഷം പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ് ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു. നാല്പതാമത്തെ വയസില്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha