ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും മൂക്കുകുത്തി വീണു

അവസാന നിമിഷം വരെ യു.ഡി.എഫിനൊപ്പം നിന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തില്‍ ഇടതുമുന്നണിക്കൊപ്പം ചേക്കേറിയ ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. നാല് സീറ്റുകളില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയം കാണാനായില്ല. മാത്രമല്ല, പൂഞ്ഞാറില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. യു.ഡി.എഫിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമായിരുന്ന ഫ്രാന്‍സിസ് ജോര്‍ജും കൂട്ടാളികളും ഇടതുമുന്നണി നേതാക്കളുമായി ഗൂഢാലോചന നടത്തിയാണ് പുതിയ താവളത്തില്‍ ചേക്കേറിയത്.
ഇടുക്കിയില്‍ റോഷി അഗസ്റ്റിനോട് മത്സരിച്ച ഫ്രാന്‍സിസ് ജോര്‍ജ് 9333 വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ഭേദപ്പെട്ട മത്സരം കാഴ്ചവെച്ചത് ഫ്രാന്‍സിസ് ജോര്‍ജ് തന്നെ. ആകെ 51,223 വോട്ടുകളാണ് ഫ്രാന്‍സിസ് ജോര്‍ജിന് ലഭിച്ചത്. തിരുവനന്തപുരത്ത് യു.ഡി.എഫിലെ വി.എസ് ശിവകുമാറിനെതിരെ മത്സരിച്ച ആന്റണി രാജുവിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ പലപ്പോഴും ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. ശ്രീശാന്തിനും പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു ആന്റണി രാജുവിന്റെ സ്ഥാനം. അവസാന നിമിഷത്തിലാണ് ആന്റണി രാജുവിന് രണ്ടാം സ്ഥാനത്തെത്തി പരാജയത്തിന്റെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞത്. 46,474 വോട്ട് നേടി വി.എസ് ശിവകുമാര്‍ വിജയിച്ചപ്പോള്‍ ആന്റണി രാജുവിന് 35,569 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. അവസാന നിമിഷം വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ശ്രീശാന്ത് 34,764 വോട്ട് നേടി.
ചതുഷ്‌കോണ മത്സരം നടന്ന പൂഞ്ഞാറില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പി.സി ജോസഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 27,821 വോട്ടിന്റെ ഭൂരിപക്ഷവുമായി പി.സി ജോര്‍ജ് വിജയിച്ചപ്പോള്‍ യു.ഡി.എഫിലെ ജോര്‍ജ് കുട്ടി അഗസ്തിക്ക് പിറകില്‍ മൂന്നാം സ്ഥാനത്തെത്തിയ പി.സി ജോസഫ് 22,270 വോട്ടുകള്‍ മാത്രമാണ് നേടിയത്. ചങ്ങനാശ്ശേരിയില്‍ മത്സരിച്ച കെ.സി ജോസഫിന് യു.ഡി.എഫിന്റെ സി.എഫ് തോമസിനോട് 1849 വോട്ടിന് പരാജയം നേരിടേണ്ടിവന്നു. 48,522 വോട്ടുകളാണ് കെ.സി ജോസഫിന് നേടാനായത്. മൂന്നു സീറ്റുകളില്‍ മത്സരിച്ച ഐ.എന്‍.എല്ലിന് ഒരിടത്തും വിജയിക്കാനായില്ല. കാസര്‍കോടും കോഴിക്കോട് സൗത്തും വള്ളിക്കുന്നിലുമാണ് ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. കാസര്‍കോട് ഐ.എന്‍.എല്‍ മൂന്നാം സ്ഥാനത്തായി. ഒരുസീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് സ്‌കറിയാതോമസ് വിഭാഗത്തിനും വിജയം നേടാന്‍ കഴിഞ്ഞില്ല. കടുത്തുരുത്തിയില്‍ മത്സരിച്ച സ്‌കറിയാ തോമസ് യു.ഡി.എഫിലെ മോന്‍സ് ജോസഫിനോട് 42,256 വോട്ടിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി.
യു.ഡി.എഫിലെ ആര്‍.എസ്.പിക്കും ജനതാദള്‍ യുവിനും ഒരു സീറ്റിലും ജയിക്കാനായില്ല. വടകരയില്‍ മത്സരിച്ച ജെ.ഡി.യുവിലെ മനയത്ത് ചന്ദ്രന്‍, കല്‍പ്പറ്റയില്‍ എം.വി ശ്രേയാംസ് കുമാര്‍, കൂത്തുപറമ്പില്‍ കെ.പി മോഹനന്‍, നേമത്ത് വി. സുരേന്ദ്രന്‍പിള്ള, മട്ടന്നൂരിലെ കെ.പി പ്രശാന്ത്, അമ്പലപ്പുഴയില്‍ ഷേഖ് പി ഹാരിസ്, എലത്തൂരില്‍ പി. കിഷന്‍ ചന്ദ് എന്നിവര്‍ക്കാണ് പരാജയം നേരിടേണ്ടിവന്നത്. ചവറ, കുന്നത്തൂര്‍, ഇരവിപുരം, ആറ്റിങ്ങല്‍, കയ്പമംഗലം എന്നീ മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍.എസ്.പിക്കും ആരെയും നിയമസഭയിലേക്ക് അയക്കാന്‍ കഴിഞ്ഞില്ല. ഷിബു ബേബിജോണ്‍, ഉല്ലാസ് കോവൂര്‍, എ.എ അസീസ്, കെ. ചന്ദ്രബാബു, എം.ടി മുഹമ്മദ് നഹാസ് എന്നിവരാണ് പരാജയപ്പെട്ട ആര്‍.എസ്.പി സ്ഥാനാര്‍ത്ഥികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha