പ്രതിപക്ഷ നേതൃപദവിക്കായി ചരടുവലികളോ?

നിയമസഭാതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃപദവി നഷ്ടപ്പെടാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി കളി തുടങ്ങി. ഘടകകക്ഷികളെയും എ ഗ്രൂപ്പ് മാനേജര്‍മാരെയും ഉപയോഗിച്ച് തന്റെ പേരുതന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് നീക്കമെന്നാണ് ദോഷൈകദൃക്കുകളുടെ പക്ഷം. ഉമ്മന്‍ചാണ്ടിക്ക് നേതൃപദവി ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് അനുചരരെക്കൊണ്ട് വാര്‍ത്ത കൊടുപ്പിച്ചശേഷം സമ്മര്‍ദത്തിന് വഴങ്ങി ഏറ്റെടുക്കുന്നുവെന്ന് വരുത്താനാണ് ഗൂഢാലോചനയെന്നാണ് പറയപ്പെടുന്നത്.
ഇതിന്റെ ഭാഗമായിട്ടാണത്രേ വെള്ളിയാഴ്ചത്തെ പത്രങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യമില്ലെന്ന് വാര്‍ത്ത വന്നത്്. ഉമ്മന്‍ചാണ്ടി രാജിക്കത്ത് കൈമാറിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയും ഇത് ധ്വനിപ്പിച്ചു. പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ മുഖ്യമന്ത്രിപദം ഒഴിയാന്‍ ഒരുങ്ങി നടത്തിയ അതേ നാടകമാണ് ഇപ്പോഴും പയറ്റുന്നത്. ഘടകകക്ഷികള്‍ കൂട്ടുനിന്നപ്പോള്‍ ഗത്യന്തരമില്ലാതെ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും നാടകം കളിക്കൊപ്പം നിന്നു. ഇതോടെ, മുഖ്യമന്ത്രി പദവിയാണ് ചെന്നിത്തലയ്ക്ക് കപ്പിനും ചൂണ്ടിനുമിടയില്‍ നഷ്ടമായത്.
ഇപ്പോള്‍ പ്രതിപക്ഷ നേതൃപദവിയും ചെന്നിത്തലയുടെ കപ്പിനും ചുണ്ടിനുമിടയിലാണ്. 22 അംഗങ്ങളുള്ള കോണ്‍ഗ്രസിലെ ഭൂരിപക്ഷവും ഐ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിന്റെ അംഗസംഖ്യ തുച്ഛവും. മത്സരം വന്നാല്‍ ഐ ഗ്രൂപ്പിന് പദവി കിട്ടും. അപ്പോഴാണ് കെ എം മാണി ആദ്യവെടി പൊട്ടിച്ചത്. ഉമ്മന്‍ചാണ്ടിതന്നെ പ്രതിപക്ഷ നേതാവാകണമെന്ന് മാണി പരസ്യമായി പറഞ്ഞു. എ ഗ്രൂപ്പുകാരനായ കെ ബാബുവിന്റെ പ്രതികരണവും ഇതിന്റെ തുടര്‍ച്ചയാണ്. അടുത്തദിവസം മുസ്‌ളിംലീഗും ഇതേ അഭിപ്രായം പറയും. ഇങ്ങനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഐ ഗ്രൂപ്പിന്റെ മേല്‍ക്കോയ്മ തകര്‍ക്കാനാണ് എ ഗ്രൂപ്പിന്റെ ശ്രമം.
ഉമ്മന്‍ചാണ്ടിക്ക് പദവി കിട്ടിയില്ലെങ്കില്‍ ഐ ഗ്രൂപ്പില്‍ ഭിന്നതയുണ്ടാക്കാനും കളി തുടങ്ങി. ചെന്നിത്തലയെ വെട്ടി കെ മുരളീധരനെ പ്രതിപക്ഷനേതാവാക്കുക എന്നതാണ് തന്ത്രം. ഈ തര്‍ക്കത്തിനിടയില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് കാര്യമായ വേഷമില്ലാതായി. എങ്കിലും നിര്‍ണായക ഘട്ടത്തില്‍ സുധീരന്റെ നിലപാടും ഗൗരവമുള്ളതാകും.
അതിനിടെ, യുഡിഎഫിലും കോണ്‍ഗ്രസിലും തമ്മിലടി കനത്തു. തെരഞ്ഞെടുപ്പ് വേളയിലെ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചാണ് ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസിനുള്ളിലും അടി പുനരാരംഭിച്ചത്. ഫലപ്രഖ്യാപനം വന്ന ഉടനെ വി എം സുധീരനെതിരെ ഒളിയമ്പെയ്ത കെ ബാബു പ്രതിഷേധം ആവര്‍ത്തിച്ചു. തിരുവല്ലയില്‍ മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥി തോറ്റതിന് മാണി പി ജെ കുര്യനെ രൂക്ഷമായി വിമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha