സൂര്യനെല്ലി വീണ്ടും ചുവക്കും... പിജെ കുര്യനെതിരെ വിധി വന്നാല്‍ ദേശീയതലത്തിലും കോണ്‍ഗ്രസിന് വിനയാകും

ഒരിടവേളക്ക് ശേഷം സൂര്യനെല്ലി വീണ്ടും കേരള രാഷ്‌ട്രീയത്തെ ഇളക്കി മറിക്കുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പി.ജെ.കുര്യന്റെ വിടുതല്‍ ഹര്‍ജി അനുവദിച്ചത് ശരിയായില്ലെന്ന ഹൈക്കോടതി ഉത്തരവാണ് കുര്യനെ വീണ്ടും പ്രതിക്കൂട്ടിലാക്കിയത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഹൈക്കോടതി വിധി ഒരു പുതിയ വാതിലാണ് തുറന്നു നല്‍കിയിരിക്കുന്നത്.
കേസില്‍ പി.ജെ. കുര്യനെ കുറ്റവിമുക്തനാക്കിയ 2006 ലെ ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി.ഭവദാസന്റെ നിരീക്ഷണം. ഹര്‍ജി പരിഗണിച്ച കോടതി കേസ് വിധി പറയാന്‍ മാറ്റി. സൂര്യനെല്ലി പെണ്‍വാണിഭത്തില്‍ മുഖ്യപ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ കേസ് നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് 2006 ലെ വിധി പുന:പരിശോധിക്കണമെന്ന് പെണ്‍കുട്ടി ഹര്‍ജി നല്‍കിയത്. 2006 ലെ കേസില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ കക്ഷി ചേര്‍ത്തിരുന്നില്ല. ഇക്കാര്യം പുന:പരിശോധനാ ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു.
ഹൈക്കോടതിയില്‍ നിന്നും ഉണ്ടാകാന്‍ പോകുന്ന വിധി പി.ജെ. കുര്യന് നിര്‍ണായകമാകും. പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ വിധി പറഞ്ഞ നടപടി 2006 ല്‍ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അന്ന് ഇത് ചോദ്യം ചെയ്യപ്പെട്ടില്ല. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാതെ പ്രതിയെ ഒഴിവാക്കുന്നത് സാമാന്യ നീതിക്ക് എതിരാകും. 2006 ലെ അവസ്ഥയല്ല ഇന്ന് കേരളത്തിലും ഇന്ത്യയിലുമുളളത്. സ്‌ത്രീപീഡനങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. പ്രമുഖ വ്യക്തികള്‍ പലരും സ്‌ത്രീ പീഡന കേസുകളില്‍ പ്രതിയാവുന്നു. ഇത്തരമൊരു സ്ഥിതി വിശേഷം മുമ്പുണ്ടായിട്ടില്ല. ഒരു പക്ഷേ പീഡനകേസില്‍ പ്രതിയായ പ്രമുഖ വ്യക്‌തികളില്‍ ആദ്യത്തെയാളായിരിക്കും പി.ജെ. കുര്യന്‍ . ഇന്നത്തെ സാമാന്യ കാലാവസ്ഥയില്‍ കോടതിയെ ഇത്തരം ചിന്തകള്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്.
ധര്‍മ്മരാജന്‍ കുര്യനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് ധര്‍മ്മരാജന്‍ തന്നെ പിന്മാറി. ആദ്യം വെളിപ്പെടുത്തലുകള്‍ നടത്തുകയും പിന്നീട് പിന്മാറുകയും ചെയ്യുന്നത് ആരോപണവിധേയരായ വ്യക്തികളുടെ സ്വാധീനത്താലാണെന്ന് കോടതികള്‍ പോലും കരുതുന്നുണ്ട്. ഇതും പി.ജെ.കുര്യന് വിനയായേക്കും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തിയിരിക്കുന്ന ഘട്ടത്തില്‍ പി.ജെ. കുര്യനെതിരെ വിധി വന്നാല്‍ അത് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തെ ഇളക്കി മറിക്കും. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനാകയാല്‍ അത് വലിയ വാര്‍ത്തയായി മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha