സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാടുകളില്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ ക്രമക്കേടുകള്‍ നടത്തിയെന്ന് റവന്യൂ സെക്രട്ടറി

സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാടുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ ക്രമക്കേടുകളും തട്ടിപ്പും നടത്തിയതായി റവന്യൂ സെക്രട്ടറി. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് റവന്യൂ സെക്രട്ടറിയായ ജി. കമലവര്‍ധന റാവു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഞ്‌ജാതമായ ബാഹ്യ ഇടപെടലുകളും ഇക്കാര്യങ്ങളില്‍ ഉണ്ടായതായും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടപാടില്‍ പങ്കാളികളായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി ഏതെങ്കിലും ബാഹ്യ ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തുകയായിരിക്കും അഭികാമ്യമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നത് വ്യക്തമാക്കാന്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടു.
ലാന്‍ഡ് റവന്യൂ അസി. കമ്മീഷണര്‍, വില്ലേജ് ഓഫീസര്‍മാര്‍, താസില്‍ദാര്‍മാര്‍ തുടങ്ങിയ വന്‍ ഉദ്യോഗസ്ഥ വിഭാഗമാണ് ഭൂമി ഇടപാടുകളില്‍ കൃത്രിമം നടത്തുകയും വ്യാജരേഖ ചമയ്ക്കുകയും യഥാര്‍ഥ വസ്തുതകള്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. രേഖകളിലെ തണ്ടപ്പേരുകള്‍ തിരുത്തുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥ വിവരങ്ങള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറില്‍ നിന്ന് മറച്ചുവെച്ചിട്ടുണ്ട്.
റവന്യൂരേഖകളില്‍ ഉദ്യോഗസ്ഥ സംഘം നടത്തിയിട്ടുള്ള കൃത്രിമങ്ങള്‍ ഞെട്ടിക്കുന്ന രീതിയിലുള്ളതാണ്. രേഖകളില്‍ ശൂന്യ തണ്ടപ്പേരില്‍ നിലനിന്നിട്ടുള്ള സ്ഥലത്ത് 2008-നു ശേഷം തണ്ടപ്പേര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ നടപടിക്ക് പിന്നില്‍ നിരവധി പേരുടെ ഗൂഢാലോചനയാണുള്ളതെന്ന് കടകംപള്ളി ഭൂമിതട്ടിപ്പില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 72 വര്‍ഷങ്ങളായി ശൂന്യ തണ്ടപ്പേരിലാണ് ഈ മറിമായം. മറ്റ് രേഖകളും വ്യാജമാണ്. അതിനാല്‍ അവ റദ്ദാക്കണം.
റവന്യൂ രേഖകളിലെ കൃത്രിമം ആഴത്തിലുള്ള അന്വേഷണത്തിന് വിധേയമാക്കണം. കളമശ്ശേരി കേസിലും പ്രകടമായിട്ടുള്ള തട്ടിപ്പുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക്പുറമെയുള്ളവര്‍ക്കും പങ്കാളിത്തമുണ്ട്. അതിനാല്‍, നിഷ്പക്ഷമായ ബാഹ്യ ഏജന്‍സിയാണ് അന്വേഷിക്കേണ്ടത്. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുള്ളത് റവന്യൂവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അസ്വസ്ഥമാക്കുന്നതാണ്. അതിനാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് ബോധവത്കരണവും പരിശീലനവും ആവശ്യമായിത്തീര്‍ന്നിട്ടുണ്ട്. അതിനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ.
https://www.facebook.com/Malayalivartha