പടലപ്പിണക്കങ്ങള്‍ മാറ്റി ഒന്നായി ഭരണത്തിലെത്താന്‍ സിപിഎം പ്ലീനം, കരുത്തനായി പിണറായിയും സൂഷ്‌മതയോടെ വിഎസും നില്‍ക്കുമ്പോള്‍ ആകാംക്ഷ ഭരണപക്ഷത്തിന്

ഏറെ കോലാഹലങ്ങള്‍ക്ക് ശേഷമുള്ള ശാന്തതയിലാണ് സിപിഎം സംസ്ഥാന പ്ലീനം പാലക്കാട്ട് ഇന്ന് തുടങ്ങിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്ലീനത്തിന് തുടക്കമായത്. ടിപി വധം തൊട്ട് വിഎസ് ഉന്നയിക്കുന്ന നിരവധി നീറുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ കൈവന്ന നേരിയ ശാന്തതയ്‌ക്കിടയിലാണ് സംസ്ഥാന പ്ലീനം തുടങ്ങിയത്. പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ നിന്നും ഒഴിവാക്കിയതിനു ശേഷമുള്ള പാര്‍ട്ടി പ്ലീനം കൂടിയാണിത്. അതിനാല്‍ തന്നെ എല്ലാവരും ആകാംക്ഷയോടെയാണ് ഇത് ഉറ്റ് നോക്കുന്നത്.
പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് രാഷ്ട്രീയമായി കരുത്താര്‍ജിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയില്‍ നിന്നും ഭരണത്തിലേക്ക് പിണറായിക്കെത്താന്‍ ഇനി അധിക ദൂരമില്ലെന്നാണ് പാര്‍ട്ടി നേതാക്കളും എന്തിന് ഭരണപക്ഷം പോലും വിശ്വസിക്കുന്നത്. എന്നാല്‍ നിരന്തരം പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ തള്ളിപ്പറയുന്ന വിഎസിനെ കുറിച്ചുള്ള ആക്ഷേപങ്ങളും നില നില്‍ക്കുകയാണ്. ഒരുവശത്ത് പിണറായിയുടെ വിജയവും മറ്റൊരു വശത്ത് വിഎസിന്റെ പതനവുമായിരിക്കുമോ ഈ പ്ലീനം എന്നു പോലും കരുതുന്നവരുമുണ്ട്.
പാലക്കാട് ടൗണ്‍ ഹാളില്‍ നടക്കുന്ന പ്ലീനത്തിന്റെ ഉദ്ഘാടകന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിളള, സീതാറാം യെച്ചൂരി എന്നിവരും 3 ദിവസത്തെ പ്ലീനത്തിലുണ്ടാകും. പിണറായി വിജയന്‍ സംഘടനാരേഖ അവതരിപ്പിക്കും. ബ്രാഞ്ച് തലം മുതലുളള പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി കൊണ്ടുളള റിപ്പോര്‍ട്ടാണ് പിണറായി വിജയന്‍ അവതരിപ്പിക്കുക. റിപ്പോര്‍ട്ടിന്മേല്‍ ഏഴ് മണിക്കൂര്‍ ചര്‍ച്ച നടക്കും. 408 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്.
രാഷ്ട്രീയവും സംഘടനാപരവുമായ ആയ വിഷയങ്ങളില്‍ പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് സാധാരണ പ്ലീനം സംഘടിപ്പിക്കാറുളളത്. എന്നാല്‍ അത്തരം അസാധാരണത്വമൊന്നുമില്ലാതെ ഇപ്പോള്‍ സംഘടിപ്പിക്കുന്ന പ്ലീനത്തിലൂടെ സംഘടനാ രംഗത്ത് ശുദ്ധികലശമാണ് സിപിഎം ലക്ഷ്യമിടുന്നത്. സംസ്ഥാന സമ്മേളനം തീരുമാനിച്ച സംഘടനാ കര്‍മ്മ പരിപാടികളുടെ അവസാന ഘട്ടമാണ് പ്ലീനം. ഏരിയാതലം മുതല്‍ സംസ്ഥാന സമിതിയംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് നടന്ന യോഗങ്ങളിലെ അനുഭവങ്ങള്‍ ക്രോഡീകരിച്ച് ഉണ്ടാക്കിയ റിപ്പോര്‍ട്ട് വീണ്ടും കീഴ്ഘടകങ്ങള്‍ വരെ ചര്‍ച്ച ചെയ്തിരുന്നു. ആ ചര്‍ച്ചകളിലെ അനുഭവങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയുളള രേഖയാണ് സംസ്ഥാന പ്ലീനത്തില്‍ അവതരിപ്പിക്കുക. രേഖയിന്മേലുളള ചര്‍ച്ചയ്ക്ക് ശേഷം നടപ്പാക്കേണ്ട കാര്യങ്ങള്‍ തീരുമാനിക്കും.
ഭരണ പക്ഷത്തിലെ ചില പാര്‍ട്ടികളെ ഇടതു മുന്നണിയില്‍ എടുക്കണമോ എന്ന ചര്‍ച്ചയും ഇതില്‍ വരാം. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും ഇതെല്ലാം പരസ്യമായി പ്രകടിപ്പിച്ചതുമാണ്. ഇതിനെല്ലാം ഉത്തരം കണ്ടെത്താനുള്ള ശ്രമവും ഈ പ്ലീനത്തിലുണ്ടാകും. എന്തായാലും ഈ പ്ലീനം സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha