നഴ്‌സിംഗ് വിദ്യാര്‍ത്ഥി റാഗിംഗിന് ഇരയായ സംഭവത്തില്‍ മൂന്നു സീനിയര്‍ വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തു, നാലാം പ്രതിയ്ക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടരുന്നു

നഴ്‌സിങ് കോളജില്‍ എടപ്പാള്‍ സ്വദേശിനി അശ്വതി ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് മലയാളി വിദ്യാര്‍ഥിനികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് ഗുല്‍ബെര്‍ഗ ജില്ലാ കോടതി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ലക്ഷ്മി, ആതിര എന്നിവരെ ഗുല്‍ബെര്‍ഗ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി . മൂന്നാം പ്രതി കൃഷ്ണപ്രിയയെ വയറുവേദനയെ തുടര്‍ന്ന് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസിലെ നാലാം പ്രതി ശില്‍പയെ പിടികൂടാനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്
അശ്വതിയുടെ കൂടെ റൂമില്‍ താമസിച്ചിരുന്ന ചമ്രവട്ടം സ്വദേശി സാഹി നിഹിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി ഇന്നലെ രാത്രിയാണ് കര്‍ണാടക പൊലീസ് ഇവരെ അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനും എസ്‌സി/എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു കര്‍ണാടക പോലീസിനു കൈമാറിയിട്ടുണ്ടായിരുന്നു.
അതേ സമയം അന്വേഷണ ചുമതല വഹിക്കുന്ന ഡി.വൈ.എസ്.പി എ.എസ്. ഝാന്‍വി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അശ്വതിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനും റാഗിങ് വിവരം മറച്ചുവെച്ചതിനും കോളജ് അധികൃതര്‍ക്കെതിരെയും കര്‍ണാടക പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ ആന്റി റാഗിങ് നിയമത്തിനു പകരം കര്‍ണാടക വിദ്യാഭ്യാസ നിയമവും കോളജിലും ഹോസ്റ്റലിലും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വീഴ്ചവരുത്തിയതിന് കോളജ് അധികൃതര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 336 വകുപ്പുകള്‍ പ്രകാരം കോഴിക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കല്‍ബുര്‍ഗ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സംഭവം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഐ.പി.സിയിലെ 176 വകുപ്പും ചുമത്തിയിട്ടുണ്ട്. മലയാളി വിദ്യാര്‍ഥികളായ ജോ, രേഷ്മ എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെയും കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ, റാഗിങ് സംബന്ധിച്ച് കര്‍ണാടക ചീഫ് സെക്രട്ടറി, ഡിജിപി, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്നിവരോടു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും റാഗിങ്ങില്‍നിന്നു വിദ്യാര്‍ഥികളെ സംരക്ഷിക്കുകയെന്നതു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ''സംഭവം നടന്ന് രണ്ടാഴ്ചയായി; വിഷയം മറച്ചുവയ്ക്കാനാണ് പൊലീസും കോളജ് അധികൃതരും ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് നിരോധിച്ചിട്ടുള്ളതാണ്, മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുണ്ട്''– കമ്മിഷന്‍ വ്യക്തമാക്കി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























