നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ വസതിയിലായുന്നു അന്ത്യം. ഏതാനും ദിവസമായി വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. തനതു നാടകവേദിയെ രൂപപ്പെടുത്തിയ നാടകാചാര്യനാണ് കാവാലം.
നാടകകൃത്ത്, കവി, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു 2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചുധ
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛന്‍ ഗോദവര്‍മ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. സര്‍ദാര്‍ കെ.എം. പണിക്കര്‍ കാവാലത്തിന്റെ അമ്മാവനാണ്. കര്‍മ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട് വഴിമാറി നാടകത്തിലേക്കെത്തിച്ചേര്‍ന്നു. കുട്ടിക്കാലം മുതല്‍ സംഗീതത്തിലും നാടന്‍കലകളിലും തല്പരനായിരുന്നു. ഭാര്യ ശാരദാമണി.പരേതനായ കാവാലം ഹരികൃഷ്ണന്‍,പ്രശസ്ത പിന്നണിഗായകന്‍ കാവാലം ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.
ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദന്‍, നാടകകൃത്തായ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, കവി എം. ഗോവിന്ദന്‍, ബന്ധുവായ കവി അയ്യപ്പപണിക്കര്‍ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണ്ണമായ അന്വേഷണങ്ങള്‍ക്ക് പ്രേരണ നല്കി. 1968ല്‍ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്ബ്രദായം എന്ന നിലയില്‍ ജീവന്‍ നല്‍കിയത് കാവാലമാണ്. ഇബ്‌സനിസ്റ്റുരീതി പിന്തുടര്‍ന്ന മലയാളനാടകവേദിയില്‍ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്.
മലയാളിയുടെ ആത്മഭാവമായി മാറാന്‍ നാടകം എന്ന കലാരൂപത്തിനു് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്ബര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകള്‍ എന്നുമുള്ള ചിന്തയില്‍ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്‌കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്ബന്നമായ രംഗകലാപാരമ്ബര്യത്തില്‍ നിന്ന് ഊര്‍ജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കല്‍ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറ.
കാവാലത്തിന്റെ ആദ്യകാല നാടകങ്ങള്‍ സംവിധാനം ചെയ്തത് പ്രൊഫ. കുമാരവര്‍മ്മ, ചലച്ചിത്രസംവിധായകന്‍ ജി. അരവിന്ദന്‍ എന്നിവരാണ്. പില്ക്കാലനാടകങ്ങള്‍ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്. സാക്ഷി (1968), തിരുവാഴിത്താന്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍ കടമ്ബ (1978), കരിംകുട്ടി (1985), നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം, കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980) എന്നിവയാണ് പ്രധാന നാടകങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























