ഐസ്‌ക്രീമില്‍ തീപിടിക്കുന്നു; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.എസ്

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. കേസില്‍ വി.എസിന് തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ അഭിഭാഷകനെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജന്റെ നിയമോപദേഷ്ടാവ് എം.കെ ദാമോദരനെ പരോക്ഷമായി കുത്തിയും വി.എസ് രംഗത്ത് എത്തിയിരിക്കുന്നത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് വി.എസ് പറഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് താന്‍ കോടതിയില്‍ പോയത്. രാഷ്ട്രീയ പ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ല. സാന്റിയാഗോ മാര്‍ട്ടിനെ കെട്ടുകെട്ടിച്ചത് താന്‍ കേസ് കൊടുത്തതുകൊണ്ടാണ്. ഇത് എല്‍ഡിഎഫ് സക്കാരിന് വലിയ നേട്ടമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശുമാണ് സുപ്രീം കോടതിയില്‍ ഹാജരായത്. വി.എസിന്റെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോടതിയുടെ സമയം കളയരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ്ജസ്റ്റീസ് ടി.എസ്. ഠാക്കുര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇതിനെ സര്‍ക്കാര്‍ അഭിഭാഷകര്‍ എതിര്‍ത്തില്ല.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് അന്നത്തെ അഡ്വക്കറ്റ് ജനറലും നിലവില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായ അഡ്വ. എം.കെ.ദാമോദരനായിരുന്നെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വി.എസിന്റെ അഭിഭാഷകന്‍ ഇക്കാര്യം സുപ്രീം കോടതിയില്‍ പറയുകയും ചെയ്തു. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചനയാണു നടന്നതെന്നും അതിനു നേതൃത്വം നല്‍കിയത് അന്നത്തെ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരനായിരുന്നെന്നുമാണ് വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇതിന്റെ ഭാഗമായാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കേസ് വി.എസ് ഇന്ന് സൂചിപ്പിച്ചതെന്നു കരുതുന്നു.
അന്യസംസ്ഥാന ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി അഡ്വ. എം.കെ. ദാമോദരന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ലോട്ടറി തട്ടിപ്പ് കേസിനെ തുടര്‍ന്ന് 10 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് നടപടിയാണ് എം.കെ. ദാമോദരന്‍ വഴി സാന്‍ഡിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ അട്ടിമറി നടന്നെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയത്. വി.എസിന്റെ ആവശ്യത്തിനെതിരേ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തതോടെയാണ് കേസ് തള്ളാന്‍ കാരണമായത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ബന്ധു കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെയും മാധ്യമങ്ങളിലൂടെ പുറത്തുവന്ന തെളിവുകളുടെയും അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇരുപത് വര്‍ഷമായി കേസില്‍ വീണ്ടും തര്‍ക്കങ്ങളുന്നയിക്കുകയാണ്. വി.എസും ആരോപണങ്ങളില്‍പെട്ട മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയക്കാരാണ്. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കമാണോ കേസിനു പിന്നിലെന്നും കോടതി ചോദ്യമുന്നയിച്ചു. ഇതിനെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശും എതിര്‍ത്തില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























