പാഠപുസ്തകമില്ലാതെ സ്‌കൂള്‍ അധ്യയനം ഗുരുതര പ്രതിസന്ധിയില്‍

കഴിഞ്ഞ വര്‍ഷത്തെ അനുഭവം സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പാഠമായില്ല. പുതിയ അധ്യയനവര്‍ഷം ഒന്നര മാസം കഴിഞ്ഞിട്ടും പാഠപുസ്തകവും അധ്യാപകസഹായിയും ലഭിക്കാതെ സ്‌കൂള്‍ അധ്യയനം താറുമാറായി.
ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ ഭാഷാ പാഠപുസ്തകങ്ങളും ഒന്പത്, പത്ത് ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിനു വഴികാട്ടിയാകുന്ന അധ്യാപക കൈപ്പുസ്തകവുമാണ് ഓണപ്പരീക്ഷ അടുത്തിട്ടും സ്‌കൂളുകളില്‍ എത്താത്തത്.
ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ക്ലാസുകള്‍ ജൂണില്‍ തുടങ്ങിയെങ്കിലും രണ്ടാം ഭാഷ, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ എല്ലാവര്‍ക്കും കിട്ടിയിട്ടില്ല. മാറ്റമില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം അച്ചടിച്ചു സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇത് എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കാന്‍ തികഞ്ഞില്ല.
ശാസ്ത്ര വിഷയങ്ങളിലെ പുസ്തകങ്ങളുടെ സ്ഥിതിയും ഇതു തന്നെ. സംസ്‌കൃതം, സംസ്‌കൃതം സാഹിത്യ, സംസ്‌കൃതം ശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്‌സ്, കന്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഹ്യുമാനിറ്റിസ്), കന്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (കൊമേഴ്‌സ്), കന്പ്യൂട്ടര്‍ സയന്‍സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഫിലോസഫി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, ജേണലിസം, വിദേശഭാഷകള്‍ എന്നിവയുടെ പാഠപുസ്തകങ്ങളും കുറച്ചു കുട്ടികള്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 30നാണു തുടങ്ങിയത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഓപ്ഷണല്‍ മലയാളം, രണ്ടാംഭാഷ മലയാളം, ഇംഗ്ലീഷ് ഭാഷാ പുസ്തകം എന്നിവ ലഭിച്ചിട്ടില്ല.
വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സിആപ്റ്റിനാണ് ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ അച്ചടിച്ചുമതല. അച്ചടി പൂര്‍ത്തിയാകാത്തതിനാല്‍ പുസ്തകങ്ങള്‍ സ്‌കൂളിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ എല്ലാവരും തന്നെ പാഠപുസ്തകങ്ങള്‍ക്കുള്ള തുക മുന്‍കൂറായി സ്‌കൂളുകളില്‍ അടച്ചതാണ്. കഴിഞ്ഞ വ്യാഴാഴ്ച പുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാല്‍ ഇന്നലെവരെയും ഇതു പാലിക്കപ്പെട്ടിട്ടില്ല.
ഇതിനേക്കാള്‍ ഗുരുതരമാണ് ഒന്‍പത്, പത്ത് ക്ലാസുകളിലെ അവസ്ഥ. ജൂണ്‍ ആദ്യം ക്ലാസ് തുടങ്ങിയെങ്കിലും പുസ്തകമെത്താന്‍ രണ്ടാഴ്ചയോളം വൈകി. എന്നാല്‍ അധ്യാപക സഹായി ലഭിക്കാത്തതിനാല്‍ ഇവ എങ്ങനെ പഠിപ്പിക്കുമെന്നറിയാതെ വലയുകയാണ് അധ്യാപകര്‍.
ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം പൂര്‍ണമായും മാറിയിരുന്നു. മാറിയ പാഠപുസ്തങ്ങള്‍ എങ്ങനെയാണ് പഠിപ്പിക്കേണ്ടത്, ഏതു തരത്തിലുള്ള അധ്യയന രീതിയാണ് ഉപയോഗിക്കേണ്ടത്, ഏതൊക്കെ ഭാഗങ്ങള്‍ ഓരോ മാസവും പഠിപ്പിക്കണം എന്നൊക്കെ വ്യക്തമാക്കുന്നത് അധ്യാപകര്‍ക്ക് നല്‍കുന്ന ഈ കൈപ്പുസ്തകത്തിലൂടെയാണ്.
മാറിയ പുസ്തകങ്ങള്‍ അധ്യാപകര്‍ക്ക് പഠിപ്പിക്കാനായി പരിചയപ്പെടുത്തുന്ന ഏകമാര്‍ഗമാണ് അധ്യാപക കൈപ്പുസ്തകം. എന്നാല്‍ മാറിയ വിഷയങ്ങളുടെ കൈപ്പുസ്തകങ്ങളൊന്നും അധ്യാപകര്‍ക്ക് ലഭിച്ചിട്ടില്ല. ശാസ്ത്ര വിഷയങ്ങളുടെ പഠനത്തെയാണ് ഇതു ഗുരുതരമായി ബാധിച്ചത്.
പുസ്തകം ലഭിച്ചിട്ടും പഠിപ്പിക്കാനോ പഠിക്കാനോ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും. കെ.ബി.പി.എസാണ് അധ്യാപക കൈപ്പുസ്തകം അച്ചടിച്ച് അധ്യാപകര്‍ക്ക് നല്‍കേണ്ടത്. ഇതിന്റെ അച്ചടി പൂര്‍ത്തിയാകാത്തതാണ് പഠനം പ്രതിസന്ധിയിലാകാന്‍ കാരണം.
ഓഗസ്റ്റ് അവസാന ആഴ്ച ഓണപ്പരീക്ഷ തുടങ്ങും. ഒരു ടേമിന്റെ രണ്ടു മാസവും പാഠപുസ്തകവും അധ്യാപക സഹായിയുമില്ലാതെ വലയുകയാണ് സ്‌കൂള്‍ അധ്യയനം. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥിതിയായിരുന്നു.
https://www.facebook.com/Malayalivartha





















