കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിന്റെ സഹോദരീപുത്രിയുടെ വാഹനം ഇടിച്ച് വയോധികന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദത്തോട് ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുന്നു ബ്രിട്ടാസ്

മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസിന്റെ സഹോദരിയുടെ വാഹനം ഇടിച്ച് വയോധികന്‍ മരിച്ച സംഭവം വന്‍ വിവാദമാകുന്നു. തന്റെ വാഹനം മൂലം പരുക്കേറ്റ വ്യക്തിയെ വഴിയില്‍ ഉപേക്ഷിച്ചുപോയ യുവതി പിന്നീട് പോലീസില്‍ അറിയിച്ചുവെന്നും അപകടത്തില്‍ പരിക്കേറ്റയാള്‍ ഒരു മണിക്കൂര്‍ വഴിയില്‍ കിടന്നു ചോര വാര്‍ന്ന് മരിച്ചു എന്നുമാണ് വാര്‍ത്ത. എന്നാല്‍ ബ്രിട്ടാസ് തന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണങ്ങള്‍ ഉയരുന്നു. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച് കൊണ്ട് ബ്രിട്ടാസ് ഇന്ന് ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടു.
ഈ പോസ്റ്റിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ: വിജ്ഞാനവിവര വിനിമയത്തിനുള്ള സാമുഹ്യ മാദ്ധ്യമങ്ങള്‍ പലപ്പോഴും വിഴുപ്പലക്കലിനും വഴക്കിനുമുള്ള ഇടങ്ങളായി മാറുന്നു എന്ന ആക്ഷേപം വ്യാപകമാണ് ....ഇതില്‍ ശരിയുണ്ട് എന്നതുകൊണ്ടുതന്നെ കഴിയുന്നതും ഞാനും ഇവിടെനിന്നു വിട്ടുനില്‍ക്കാറുണ്ട് ..കഴിഞ്ഞ ദിവസം എന്റെ ചില സുഹൃത്തുക്കള്‍ വിളിച്ചു ഞാന്‍ ജീവനോടെ ഉണ്ടോ എന്ന് അന്വേഷിച്ചതുകൊണ്ടാണ് ഇവിടെ ഇത് കുറിക്കുന്നത് ..ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലും എഫ് ബി പേജുകളിലും എന്റെ പടം വച്ച് ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു ...എന്റെ ഒരു ബന്ധുവിന്റെ വാഹനം അപകടത്തില്‍ പെട്ടതിനെ മുന്‍നിര്‍ത്തിയായിരുന്നു ഇത് .
എനിക്ക് നുറുകണക്കിന് ബന്ധുക്കള്‍ ഉണ്ട് ..ഇവരില്‍ പലര്‍ക്കും വാഹനങ്ങളും ഉണ്ടാകാം ..ചിലത് അപകടത്തില്‍പെടുന്നുമുണ്ടാകാം ..അതുകൊണ്ടാണല്ലോ അപകടം എന്നൊരു വാക്ക് തന്നെ നമുക്കുള്ളത്.എന്തെങ്കിലും സംഭവിച്ചാല്‍ നിയമപ്രകാരമുള്ള നടപടികള്‍ കര്ശനമായും എടുക്കുകയും വേണം ..വാര്‍ത്തയും പ്രചാരണവും കണ്ടാല്‍ ചെകുത്താന്‍ എന്ന പേരിലുള്ള ഒരു ലോറിഎടുത്തു ഞാന്‍ ആരെയോ ഇടിച്ചു വീഴ്ത്തി എന്ന് തോന്നും ..വാര്‍ത്തയിലുംപോസ്റ്റിലുമെല്ലാം എന്റെ പടമാണ്...ഒറ്റ നോട്ടത്തില്‍ ഒന്നുകില്‍ ഞാന്‍ ശവമായി അല്ലെങ്കില്‍ ഞാന്‍ കൊലയാളിയായി!! ഇങ്ങിനെ ഏതെങ്കിലും ഒന്നായി ഞാന്‍ മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇത്തരത്തില്‍ പ്രചാരണമായി മുന്നേറട്ടെ.. അവര്‍ക്ക് സുഖക്ഷേമങ്ങള്‍ നേരുന്നു .. എന്നാണ് ബ്രിട്ടാസ് കുറിച്ചിരിക്കുന്നത്.
ബ്രിട്ടാസിന്റെ സഹോദരീപുത്രി ഓടിച്ച വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കേസ് ദുര്‍ബലപ്പെടുത്താന്‍ പോലീസ് നീക്കമെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഐപിസി 304 എ വകുപ്പ് പ്രകാരം അവര്‍ക്കെതിരെ കേസ് എടുത്തുവെന്നാണ് ഇരുട്ടി പൊലീസ് പറഞ്ഞത്. ഒരു വാഹനാപകടത്തിന് നല്‍കാവുന്ന പമാവധി ശിക്ഷയാണ് ഇത്. എന്നിട്ടും വിര്‍ശനം ഉയര്‍ത്തുന്നതിനു പിന്നില്‍ രാഷ്ട്രീയം കാണുകയാണ് സിപിഐ(എം). നിയമോപദേഷ്ടാവിന്റെ നിയമനത്തെ വിവാദക്കുരുക്കിലാക്കിയതിന് പിന്നില്‍ രാഷ്ട്രീയം തന്നെയെന്നും സിപിഐ(എം) നേതാക്കള്‍ വിലയിരുത്തുന്നു. ഈ അപകടത്തില്‍ പൊലീസ് ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന വിശദീകരണം തന്നെയാണ് പൊലീസും നല്‍കുന്നത്. വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളുമായി പ്രതികരണത്തിന് ഇരുട്ടി പൊലീസിന് താല്‍പ്പര്യവുമില്ല.
ജോണ്‍ ബ്രിട്ടാസിന്റെ സഹോദരീപുത്രി സ്‌റ്റെല്‍ന ജോസ് ഓടിച്ച വാഹനം വഴിയാത്രക്കാരനായ ഇരിട്ടി പായം മുക്കിലെ കണ്ണമ്പള്ളി പൗലോസിനെ ഇടിച്ച് തെറിപ്പിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്. ഗുരുതരമായി പരിക്കേറ്റ പൗലോസ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെടുകയായിരുന്നു. ജോണ്‍ ബ്രിട്ടാസിന്റെ സഹോദരീപുത്രി പാലാ കാക്കയങ്ങാടിലെ സ്‌റ്റെല്‍ന, ഒരു കുടുംബാംഗത്തെ ബംഗളൂരുവിലേക്ക് ബസ് കയറ്റിവിടാനായുള്ള യാത്രയ്ക്കിടെയാണ് രാത്രി ഒമ്പതുമണിയോടെ പയഞ്ചേരി മുക്കില്‍ വച്ച് പൗലോസിനെ ഇടിച്ച് തെറിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ പൗലോസിനെ ശ്രദ്ധിക്കുകപോലും ചെയ്യാതെ സ്‌റ്റെല്‍ന ഇരിട്ടിയിലേക്ക് ഡ്രൈവിങ് തുടരുകയായിരുന്നുവെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ സ്‌റ്റെല്‍നയുടെ പേരില്‍ വധ ശ്രമത്തിന് കേസെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമപരമായി കഴിയൂവെന്നതാണ് വസ്തുത.
നരഹത്യയ്ക്ക് കേസ് എടുക്കാതിരിക്കാന്‍ ബ്രിട്ടാസ് ഒത്തുകളിച്ചുവെന്നാണ് ആരോപണം. സ്‌റ്റെല്‍നയുടെ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ആംബുലന്‍സുമായി അപകട സ്ഥലത്തെത്തിയതും പൗലോസിനെ ഇരിട്ടിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. ഇത് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. കനത്തമഴയില്‍ രക്തം വാര്‍ന്നു ഒരു മണിക്കൂറോളം കിടന്ന പൗലോസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പോലീസിന് വിവരം ലഭിച്ചെങ്കിലും പൗലോസിന്റെ മരണശേഷം മാത്രമാണ് അപകടമുണ്ടാക്കിയ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് മറ്റൊരു ആരോപണം.
https://www.facebook.com/Malayalivartha






















