കണ്ണൂരില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചാല്‍ പിഴ വേണ്ട

ഹെല്‍മറ്റ് ധരിക്കാത്തതിനു പൊലീസ് പിടികൂടുന്ന ഇരുചക്ര വാഹനക്കാര്‍ തല്‍ക്കാലം പിഴയടയ്ക്കണ്ട. എന്നുകരുതി ആശ്വസിക്കാന്‍ വരട്ടെ. ശരിക്കുള്ള ശിക്ഷ പുറകെ വരുന്നുണ്ട്. പൊലീസ് സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുത്താലെങ്കിലും ഇവര്‍ നന്നാകുമോയെന്ന് നോക്കാമെന്ന് ഉദ്യോഗസ്ഥര്‍.
ഇപ്പോള്‍ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ലേണേഴ്‌സ് ലഭിച്ചുകഴിഞ്ഞാല്‍ രണ്ടു മണിക്കൂര്‍ ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുത്തിരിക്കണം. എങ്കില്‍ മാത്രമെ ലൈസന്‍സ് ടെസ്റ്റിന് അനുവദിക്കൂ. ചെത്തുബൈക്കില്‍ ഹെല്‍മറ്റില്ലാതെ കറങ്ങുന്ന കൗമാരക്കാരെ ലക്ഷ്യമിട്ടു കണ്ണൂര്‍ ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ക്ലാസില്‍ ഒരു തവണ പങ്കെടുത്തവര്‍ പിന്നെ ജീവിതത്തിലൊരിക്കലും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ക്ലാസിന്റെ മെച്ചം കൊണ്ടല്ല, 50 പേര്‍ക്കിരിക്കാവുന്ന ഹാളിലാണ് നൂറും നൂറ്റന്‍പതും പേര്‍ക്കുള്ള ക്ലാസ് സംഘടിപ്പിക്കുക. ഇരിക്കാന്‍ സീറ്റ് കിട്ടണമെങ്കില്‍ രാവിലെ 9.30 ന്റെ ക്ലാസിന് ഏഴിനു മുന്‍പേയെത്തണം. ഇല്ലെങ്കില്‍ ഒരു മണിക്കൂര്‍ നിന്നുകൊണ്ട് ക്ലാസില്‍ പങ്കെടുക്കാം.
ക്ലാസില്‍ കാണിക്കുന്നതാകട്ടെ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുമ്പോള്‍ വാഹനം മറിഞ്ഞു തല ചിതറിത്തെറിക്കുന്ന മാരക വീഡിയോകള്‍.
ഇരുചക്ര വാഹനമോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 100 രൂപയാണ് പിഴ. എന്നാല്‍ എത്രതവണ പിഴയടച്ചാലും വീണ്ടും ഹെല്‍മറ്റില്ലാതെ വണ്ടിയോടിക്കുന്നവരെ എന്തു ചെയ്യുമെന്ന ചോദ്യമാണ് ബോധവല്‍ക്കരണ ക്ലാസിലെത്തിയത്. ഞായറാഴ്ചകളില്‍ സിഐ ഓഫിസുകളിലാണ് ബോധവല്‍ക്കരണ ക്ലാസ്.
https://www.facebook.com/Malayalivartha























