സഹോദരിയുടെ പത്താം ചരമ വാര്‍ഷിക ദിനത്തില്‍ യുവതി ജീവനൊടുക്കിയതില്‍ ദുരൂഹത

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച മലയാളി വിദ്യാര്‍ത്ഥിനി ലക്ഷ്മി (26) ജീവനൊടുക്കിയത് സഹോദരിയുടെ പത്താം ചരമവാര്‍ഷികദിനത്തില്‍. പത്തു വര്‍ഷം മുമ്പ് എറണാകുളത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ടെറസില്‍ തുണി ഉണക്കാനിടുമ്പോഴാണ് സഹോദരി വീണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പി.ജി വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി, കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. പാലക്കാട് മൈത്രിനഗറില്‍ തോട്ടുങ്കല്‍ നരേന്ദ്രന്റെയും സുധാനായരുടെയും മകളാണ് ലക്ഷ്മി. ലക്ഷ്മിയുടെ മൃതദേഹം കാണാന്‍ കോളേജ് അധികൃതരും സഹപാഠികളും എത്താത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണങ്ങള്‍. ലക്ഷ്മിക്ക് ആത്മഹത്യചെയ്യാന്‍ പറയത്തക്ക കാരണങ്ങളൊന്നും ഇല്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
വൃക്കരോഗിയായ അമ്മയ്ക്ക് ഡയാലിസിസ് നടത്തിയിരുന്നത് ലക്ഷ്മി പഠിച്ചിരുന്ന ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ അച്ഛനുമായി ലക്ഷ്മി ഫോണില്‍ സംസാരിച്ചിരുന്നു. തിയേറ്ററിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ കോളേജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മി മൂന്നുമാസം മുന്‍പാണ് ശസ്ത്രക്രിയാവിഭാഗം ബിരുദാനന്തര ബിരുദത്തിന് പീളമേട്ടിലെ കോളേജില്‍ ചേര്‍ന്നത്. വിദ്യാര്‍ത്ഥിനി മരിച്ചിട്ടും പിഎസ്ജി കോളജ് അധികൃതരുടെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ സമീപനമാണുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കഴിഞ്ഞദിവസം പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
https://www.facebook.com/Malayalivartha























