പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സുമായി (എന്‍ഡിഎ) സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ). എന്‍ഡിഎയുമായി സഖ്യത്തിന് സാധ്യതയില്ല. ബിജെപിയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്ര ശത്രുവെന്ന് ഞങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിവികെയുടെ ജോയിന്റ് ജനറല്‍ സെക്രട്ടറി സിടിആര്‍ നിര്‍മ്മല്‍ കുമാര്‍ പിടിഐയോട് പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ കിംവദന്തികള്‍ വിശ്വസിക്കരുതെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം അനുസരിക്കണമെന്നും കുമാര്‍ അഭ്യര്‍ത്ഥിച്ചു.
ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ട്, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ടിവികെയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വിവിധ വാര്‍ത്തകള്‍ ദിവസവും പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിവികെയെ എന്‍ഡിഎയിലേക്ക് കൊണ്ടുവരുന്നതിനായി ഭാരതീയ ജനതാ പാര്‍ട്ടി വിജയ്‌യുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
കഴിഞ്ഞ ആഴ്ച, തമിഴ്‌നാട് ബിജെപി വക്താവ് എഎന്‍എസ് പ്രസാദ് നടന്‍ വിജയ് എന്‍ഡിഎയില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഡിഎംകെ വിരുദ്ധ വോട്ടുകളില്‍ ഭിന്നത ഉണ്ടായാല്‍ ഭരണകക്ഷിക്ക് അധികാരം നിലനിര്‍ത്താന്‍ വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിഎംകെയെ തടയുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ടിവികെ നേതാവ് വിജയ് അവകാശപ്പെട്ടിരുന്നു. ഇത് യഥാര്‍ത്ഥമാണെങ്കില്‍, അദ്ദേഹം എഐഎഡിഎംകെബിജെപി സഖ്യവുമായി സഖ്യമുണ്ടാക്കണമെന്ന് പ്രസാദ് പറഞ്ഞു. എന്നാല്‍, ടിവികെയുമായുള്ള സഖ്യത്തിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ എന്ന് ശനിയാഴ്ച മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ ഒഴിഞ്ഞുമാറി.
234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിലേക്ക് 2026 ന്റെ ആദ്യ പകുതിയില്‍ വോട്ടെടുപ്പ് നടക്കും. 2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 159 സീറ്റുകള്‍ നേടി വിജയിച്ചു. ഡിഎംകെ തന്നെ 133 സീറ്റുകള്‍ നേടിയപ്പോള്‍ എഐഎഡിഎംകെ 60 സീറ്റുകള്‍ നേടി. സഖ്യകക്ഷിയായ ബിജെപിക്ക് വെറും 4 സീറ്റുകള്‍ മാത്രമേ നേയടാനായുള്ളൂ.
https://www.facebook.com/Malayalivartha























