സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എല്ലാവിധ സംരക്ഷണവും നല്‍കും, അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്യ മാധ്യമപ്രവര്‍ത്തനത്തിന് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ശത്രുതാ മനോഭാവത്തില്‍ മുന്നോട്ടു പോകണ്ടവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഞ്ചിയൂര്‍ കോടതി പരിസരത്താണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ആക്രണം അഴിച്ചു വിട്ടത്. ഹൈക്കോടതി വളപ്പില്‍ ഉണ്ടായ സംഭവത്തിനു സമാനമായ സംഭവമാണ് വഞ്ചിയൂര്‍ കോടതി വളപ്പിലും ഉണ്ടായത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കും. അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരന്‍ പ്രസാദിന്റെ ശുപാര്‍ശ അനുസരിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
മീഡിയ റൂമിലേക്കുള്ള പ്രവേശനവും അഭിഭാഷകര്‍ തടഞ്ഞിരുന്നു. നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല എന്ന പോസ്റ്റര്‍ വ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളിലും മീഡിയാ റൂമിന് മുന്നിലും പതിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ നാലാം ലിംഗക്കാരാണെന്ന് അഭിഭാഷകര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ കല്ലെറിഞ്ഞു. കടകംപള്ളി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പകര്‍പ്പ് എടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയപ്പോഴായിരുന്നു അഭിഭാഷകര്‍ തടഞ്ഞത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കല്ലേറില്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പരുക്കേറ്റു. ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന് തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു വക്കീല്‍ ഗുമസ്തനും ആക്രമണത്തില്‍ പരുക്കേറ്റു.
ഗേറ്റിനു മുന്നില്‍ തമ്പടിച്ച അഭിഭാഷകര്‍ യാതൊരു കാരണവശാലും മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളിലേക്ക് കയറ്റാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.അമ്പതോളം പേരാണ് ആദ്യം എത്തിയത്. പിന്നീട് കൂടുതല്‍ അഭിഭാഷകര്‍ എത്തി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു.
അഭിഭാഷകര്‍ സംഘം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ് നടത്തി. അഭിഭാഷകര്‍ മദ്യപിച്ചിരുന്നുവെന്നും വിവരങ്ങളുണ്ട്. സ്ഥലത്ത് പൊലീസെത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അഭിഭാഷകര്‍ കൂടുതല്‍ അക്രമാസക്തരാവുകയായിരുന്നു. അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ പിരിഞ്ഞുപോകുകയുള്ളൂവെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ നിലപാട്.
https://www.facebook.com/Malayalivartha























