കോടതിസംഘര്‍ഷത്തില്‍ രക്ഷപ്പെട്ടത് ആട് ആന്റണി, ശിക്ഷാവിധിക്കായി കോടതിയില്‍ ഇന്ന് ഹാജരാക്കില്ല

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ രക്ഷനേടിയത് പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധിക്കു കാത്തിരുന്ന ആട് ആന്റണി. പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ ശിക്ഷ ഇന്ന് വിധിക്കാനിരിക്കെ തലസ്ഥാനത്ത് ഇന്നലെ നടന്ന സംഘര്‍ഷം കണക്കിലെടുത്ത് ഇന്ന് കോടതിയില്‍ ഹജരാക്കാന്‍ കഴിയില്ലെന്ന് പോലീസ് കമ്മീഷണര്‍ ഇന്ന് കോടതിയെ അറിയിക്കും.
സിറ്റി പൊലീസ് കമ്മീഷണര്‍ സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജുമായി ആലോചിച്ചതിന് ശേഷമാണ് പ്രതിയെ ഹാജരാക്കേണ്ടെന്ന് തീരുമാനിച്ചത്. ആട് ആന്റണിയെ കോടതിയില്‍ ഹാജരാക്കിയാല്‍ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുമെന്നത് നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആന്റണിക്ക് പോലീസിന്റെ കൈയില്‍ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് പോലീസ് അറിയിക്കുന്നത്.
സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്നു തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിനെക്കുറിച്ച് ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും.
അതേ സമയം കോടതിയില്‍ നടന്ന സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. നടപടി അസോസിയേഷനെതിരെ മാധ്യമങ്ങളില്‍ നിലപാടെടുത്ത സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, സി.പി.ഉദയഭാനു, സി.വി.നന്ദഗോപാല്‍ എസ്.ജയശങ്കര്‍, ശിവന്‍ മഠത്തില്‍ എന്നിവര്‍ക്കെതിരെയാണ്.
https://www.facebook.com/Malayalivartha























