സഹകരണ ബാങ്കുകളിലെ ക്രമക്കേട്: വായ്പ നല്‍കുന്നതിനു വിലക്ക്

സ്വര്‍ണപ്പണയ ഇടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കു സഹകരണ ബാങ്കുകളും സംഘങ്ങളും സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പ നല്‍കുന്നതു സര്‍ക്കാര്‍ വിലക്കി. സഹകരണ സ്ഥാപനങ്ങളിലെ സ്വര്‍ണപ്പണയ ഇടപാടുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ സ്വര്‍ണപ്പണയ വായ്പ സംബന്ധിച്ച നിബന്ധനകള്‍ കര്‍ശനമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സഹകരണ സംഘങ്ങള്‍ക്കു ബൈലായില്‍ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ സ്വര്‍ണപ്പണയ ഇടപാട് നടത്താവൂ എന്നിരിക്കെ, ഇതു ലംഘിച്ചു സംഘങ്ങള്‍ വ്യാപകമായി വായ്പ നല്‍കുന്നതു സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. യോഗ്യതയില്ലാത്ത അെ്രെപസര്‍മാരെ നിയമിച്ചും മതിയായ ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാതെയും സഹകരണസംഘങ്ങളും ബാങ്കുകളും പലയിടത്തും വായ്പ നല്‍കുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ വന്‍തോതില്‍ വായ്പ നേടിയെടുക്കുന്നതായും പണയ ഉരുപ്പടികളുടെ കൃത്യത ഉറപ്പുവരുത്തുന്നില്ലെന്നും കണ്ടെത്തിയ പശ്ചാത്തലത്തിലാണു കര്‍ശനമായി പാലിക്കേണ്ട 13 നിബന്ധനകള്‍ പുറപ്പെടുവിച്ചത്. നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ: സ്വര്‍ണപ്പണയ ഇടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ അവയുടെ ഉടമസ്ഥര്‍ക്കോ സ്വര്‍ണപ്പണയ വായ്പ നല്‍കരുത്. പണയമായി എടുക്കുന്ന ഉരുപ്പടികളുടെ ആകെ കമ്‌ബോളവിലയുടെ പത്തു ശതമാനത്തില്‍ കൂടിയ തുകയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തണം. സ്വര്‍ണപ്പണയ വായ്പ നല്‍കുന്ന സംഘങ്ങളിലും ബാങ്കുകളിലും മതിയായ സ്‌ട്രോങ് റൂം സംവിധാനം വേണം. സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ആ സംഘത്തില്‍ അംഗമാകാന്‍ കഴിയാത്തതിനാല്‍ അവര്‍ക്കു സ്വര്‍ണപ്പണയ വായ്പ നല്‍കരുത്. സ്വര്‍ണപ്പണയ ഉരുപ്പടികളുടെ കമ്‌ബോളവിലയുടെ 75 ശതമാനത്തില്‍ കൂടുതല്‍ തുക വായ്പ നല്‍കരുത്. വായ്പക്കാരില്‍ നിന്ന് അെ്രെപസര്‍ ചാര്‍ജ്, ഇന്‍ഷുറന്‍സ് ചാര്‍ജ്, ഫോറം വില തുടങ്ങിയ ഇനത്തില്‍ ഈടാക്കാവുന്ന മിനിമം തുക 50 രൂപയാണ്. ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 250 രൂപയും മൂന്നു ലക്ഷം വരെ 300 രൂപയും അഞ്ചു ലക്ഷം വരെ 400 രൂപയും ഏഴു ലക്ഷം വരെ 500 രൂപയും 10 ലക്ഷം വരെ 700 രൂപയും അതിനു മുകളില്‍ 1,000 രൂപയും മാത്രമേ ഈടാക്കാവൂ. പണയ ഉരുപ്പടികള്‍ ആറു മാസത്തിലൊരിക്കല്‍ വിദഗ്ധ അെ്രെപസര്‍മാരെക്കൊണ്ടു പരിശോധിപ്പിച്ച് എണ്ണം, തൂക്കം, പരിശുദ്ധി എന്നിവ ഉറപ്പുവരുത്തണം. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ക്രിമിനല്‍ സ്വഭാവമുള്ളതാണെങ്കില്‍ പൊലീസില്‍ പരാതിപ്പെട്ടു ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തുവെന്ന് ഉറപ്പുവരുത്തണം. ഉത്തരവാദപ്പെട്ട ജീവനക്കാര്‍ക്കെതിരെ സ്ഥാപനം നടപടി സ്വീകരിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു. ബോക്‌സ് വ്യാജന്‍ ഈടാക്കി വന്‍ വായ്പ ചില സഹകരണ സ്ഥാപനങ്ങള്‍ വ്യാജ സ്വര്‍ണ ഉരുപ്പടികള്‍ ഈടായി സ്വീകരിച്ചു കോടിക്കണക്കിനു രൂപ വായ്പ നല്‍കിയതു സഹകരണ വകുപ്പ് പരിശോധനയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയില്‍ സമാനസംഭവമുണ്ടായതിനു പിന്നാലെ കൊല്ലം നഗരത്തിലെ ഒരു സഹകരണ ബാങ്കില്‍ നിന്ന് 72 ലക്ഷം രൂപയുടെ സ്വര്‍ണപ്പണയ ഉരുപ്പടികള്‍ കാണാതായതായി സഹകരണസംഘം ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നു മുകളിലോട്ടു റിപ്പോര്‍ട്ട് ചെയ്യുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. 72 ലക്ഷം രൂപ വായ്പയായി നല്‍കിയ ഉരുപ്പടികള്‍ 104 പൊതികളായി സൂക്ഷിച്ചിരുന്നതാണ് ഈ ബാങ്കില്‍ നിന്നു ദൂരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നത്.
https://www.facebook.com/Malayalivartha























