ഐശ്വര്യ കതിരുകള്‍ നിറച്ച് ശബരിമലയില്‍ നിറപുത്തരി

കാര്‍ഷികസമൃദ്ധിക്കും നാടിനും ഭക്തര്‍ക്കും ഐശ്വര്യത്തിനുമായി അയ്യപ്പസന്നിധിയില്‍ നടക്കുന്ന നിറപുത്തരി ആഘോഷത്തിനായി തിരുനട തുറന്നു. ഹരിഹരാത്മജന് ഇന്ന് നെല്‍ക്കതിരുകള്‍ കൊണ്ടു പൂജയും പുത്തരി നെല്ലുകൊണ്ടുള്ള അവല്‍ നിവേദ്യവും നടത്തി.
കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു കുറിച്ചു നല്‍കിയ മുഹൂര്‍ത്തം അനുസരിച്ച് ഇന്ന് പുലര്‍ച്ചെ 5.45നും 6.15നും മധ്യേയാണ് നിറപുത്തരി നടന്നത്. ദേവസ്വം ബോര്‍ഡ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ആഘോഷമായാണ് നെല്‍ക്കതിരുകള്‍ എത്തിച്ചത്. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പമ്പയില്‍ എത്തി.
വ്രതശുദ്ധിയോടെ എത്തിയ സ്വാമിഭക്തര്‍ അവ ശിരസിലേറ്റി ശരണം വിളിയോടെ സന്നിധാനത്ത് എത്തിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ കറ്റകളുമായി പതിനെട്ടാംപടി കയറി അയ്യപ്പനു സമര്‍പ്പിച്ചു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് നെന്മേനി പാടശേഖരത്തില്‍ നിന്ന് അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ആഘോഷമായി നെല്‍ക്കതിരുകള്‍ എത്തിച്ചു.
നട തുറന്ന ശേഷം ശരണം വിളികളോടെ അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ പതിനെട്ടാംപടി കയറി സമര്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.30ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി പൂജിച്ച് ആദ്യം ശ്രീകോവിലില്‍ കെട്ടി. പിന്നെ ഭക്തര്‍ക്ക് പ്രസാദമായി നെല്‍ക്കതിരുകള്‍ വിതരണം ചെയ്തു.
കളഭാഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
https://www.facebook.com/Malayalivartha