റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കുപിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

കൊച്ചി മരടില്‍ റോഡരികില്‍ വൈദ്യുതി പോസ്റ്റ് ഇറക്കാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച രാത്രി 11 ഓടെ പേട്ട-മരട് റോഡിലായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിച്ച കൊല്ലാട്ട് പരേതനായ കൃഷ്ണന്റെ മകന്‍ അനില്‍കുമാര്‍ (27) ആണ് മരിച്ചത്. ഒപ്പമണ്ടായിരുന്ന മരട് അശ്വതി നിവാസില്‍ പരേതനായ മോഹനന്റെ മകന്‍ അനീഷിന് (28) ഗുരുതര പരിക്കുകളോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നിലേയ്ക്കു തള്ളി നില്‍ക്കുന്ന നിലയില്‍ കോണ്‍ക്രീറ്റ് വൈദ്യുതി പോസ്റ്റുകള്‍ കയറ്റിയ ലോറി റോഡിലേയ്ക്കു കയറ്റിയാണ് നിര്‍ത്തിയിട്ടിരുന്നത്. ഇതിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറിയാണ് അപകടം. ഇരുവരുടെയും തലയ്ക്കാണ് പരിക്കേറ്റത്.
അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ കൗണ്‍സിലര്‍ വി.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ മരട് പോലീസ് സ്‌റ്റേഷനിലെ വാഹനത്തില്‍ യുവാക്കളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇരുവരേയും പിന്നീട് വെന്റിലേറ്ററിലേയ്ക്കു മാറ്റിയെങ്കിലും പുലര്‍ച്ചെ ഏഴോടെ അനില്‍കുമാര്‍ മരിക്കുകയായിരുന്നു.
ഭാരമുള്ള നീളം കൂടിയ സാമഗ്രികള്‍ പുറത്തേയ്ക്ക് തള്ളി നില്‍ക്കുംവിധം കയറ്റിയ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടുന്നത് മരട് ഭാഗത്ത് പതിവാണ്. ഇത്തരം വാഹനങ്ങള്‍ക്കു പിന്നില്‍ ഇടിച്ചുണ്ടാവുന്ന അപകടങ്ങളും ഈ പ്രദേശത്ത് നിരവധിയാണ്. പോലീസിന്റെ വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടാലും പിഴയും പടിയും നല്‍കി ഇവര്‍ വീണ്ടും യാത്ര തുടരുന്നതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നതായി നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























