എടിഎമ്മിലെ പിന്‍ ചോര്‍ത്തുന്ന യന്ത്രം; അന്വേഷണത്തിന് പ്രത്യേക സംഘം

നൈജീരിയന്‍, ഓണ്‍ലൈന്‍, തട്ടിപ്പുകള്‍ക്കു ശേഷം പൊലീസിനു പുതിയ തലവേദനയായി തലസ്ഥാനത്തെ എടിഎമ്മുകളിലെ തട്ടിപ്പ്. തലസ്ഥാനത്തെ ബാങ്ക് ഉപഭോക്താക്കളുടെ പണം ഇതര സംസ്ഥാനങ്ങളില്‍ ഇരുന്ന കള്ളന്‍മാര്‍ കൊണ്ടുപോയിയെന്ന വാര്‍ത്ത പരന്നതോടെ എടിഎം ഇടപാടുകാരാകെ പരിഭ്രാന്തരായി. പണം പിന്‍വലിക്കാന്‍ എത്തിയവരുടെ പിന്‍ നമ്പറുകള്‍ ചോര്‍ത്താന്‍ എടിഎം കൗണ്ടറുകളില്‍ പ്രത്യേക ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചുവെന്ന വിവരം വന്നതോടെ തട്ടിപ്പ് വ്യാപ്തി എത്രയെന്ന ചോദ്യമായി.
ഏതെല്ലാം എടിഎമ്മുകളില്‍ നിന്നും ഏതെല്ലാം ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടു, എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങി എടിഎം കാര്‍ഡ് ഉപയോഗിക്കുന്ന സകലരുടേയും ഇന്നലെ ഉച്ചയ്ക്കു ശേഷമുള്ള പ്രധാന സംസാരവിഷയം ഇതു തന്നെയായിരുന്നു.സ്ഥിരമായി ഉപയോഗിക്കുന്ന എടിഎമ്മുകള്‍ ഈ പട്ടികയില്‍ വന്നില്ലെങ്കിലും തുടര്‍ന്നു ശ്രദ്ധ വേണമെന്ന ഉപദേശമായിരുന്നു പൊലീസിനും നല്‍കാനുള്ളത്.
പലരുടെയും പണം അവരറിയാതെ പിന്‍വലിച്ചെന്നായിരുന്നു ആദ്യവിവരം. എടിഎമ്മിനുള്ളില്‍ ക്യാമറ പോലെ എന്തോ ഉപകരണം കൊണ്ടു പിന്‍ നമ്പര്‍ തട്ടിപ്പുകാര്‍ മനസ്സിലാക്കിയെന്ന വാര്‍ത്ത പരന്നതോടെ വെള്ളയമ്പലം ആല്‍ത്തറയിലേക്ക് ഇടപാടുകാര്‍ ഒട്ടേറെയെത്തി. ബാങ്കുകളിലേക്ക് ഉപഭോക്താക്കളുടെ വിളികളുടെ പ്രവാഹമായി. എന്താണു സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഏവരും.
അക്കൗണ്ടില്‍ നിന്നു പണം എടുത്തതായി കാണിച്ച് ഞായറാഴ്ച രാത്രി മുതല്‍ തന്നെ പലരുടെയും മൊബൈലുകളിലേക്ക് എസ്എംഎസ് എത്തിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ വിവിധ ബാങ്കുകളില്‍ ആളുകള്‍ പരാതിയുമായി എത്തിത്തുടങ്ങി. നഗരത്തില്‍ ആല്‍ത്തറ ജംക്ഷന്‍, കവടിയാര്‍, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍നിന്നാണു പണം പോയത്. ഈ എടിഎമ്മുകളെല്ലാം ബാങ്ക് ശാഖയോടു ചേര്‍ന്നുള്ളതാണെന്നും പണം പോയവര്‍ പറയുന്നു. പതിനായിരം മുതല്‍ 45,000 രൂപ വരെയാണു കള്ളന്‍മാര്‍ കൊണ്ടുപോയത്.
നഗരത്തിലെ അന്‍പതിലധികം പേരുടെ പണം കള്ളന്‍മാര്‍ കൊണ്ടുപോയതായാണു പ്രാഥമിക നിഗമനം. എടിഎം ഉപയോഗത്തിനുള്ള രഹസ്യ പിന്‍കോഡും എടിഎം കാര്‍ഡ് വിവരങ്ങളും തട്ടിയെടുത്താണു കവര്‍ച്ച നടത്തിയിരിക്കുന്നതെന്നാണു പ്രാഥമിക വിവരം. പൊലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മ്യൂസിയം, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട സ്‌റ്റേഷന്‍ പരിധിയിലുള്ളവരാണു തട്ടിപ്പിനിരയായവരില്‍ ഏറെയും. ലക്ഷക്കണക്കിനു രൂപ അപഹരിക്കപ്പെട്ടിട്ടുണ്ടെന്നാണു സൂചന.
രാവിലെ മുതല്‍ പരാതിയുമായി ആളുകള്‍ എത്തിത്തുടങ്ങിയതോടെ വെള്ളയമ്പലത്തെ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎമ്മില്‍ പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും രംഗത്തെത്തി. ഇവിടെ നിന്നു ചിപ് പോലെയുള്ള ഇലക്ട്രോണിക് ഉപകരണം കണ്ടെത്തി. നഗരത്തിലെ മൂന്ന് എടിഎം കൗണ്ടറുകളില്‍ നിന്നാണ് ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചു തട്ടിപ്പ് നടത്തിയത്.
പണം നഷ്ടമായ കൂടുതല്‍ പേരുടെയും പണം മുംബൈയില്‍ നിന്നാണ് പിന്‍വലിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്നു പണം പിന്‍വലിച്ചതായാണു ഭൂരിപക്ഷം പേര്‍ക്കും മെസേജ് എത്തിയിരിക്കുന്നത്. ചില എടിഎമ്മുകളില്‍നിന്ന് ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചു വിശദമായി അന്വേഷിച്ചുവരികയാണ്.
എടിഎമ്മുകളില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചു പണം ചോര്‍ത്തിയതോടെ ബാങ്ക് അധികൃതരുടെ സഹായത്തോടെ എടിഎമ്മുകളില്‍ പരിശോധന നടത്താനാണു പൊലീസ് തീരുമാനം. ഇന്നലെ മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരടങ്ങിയ അന്വേഷണസംഘം മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കേന്ദ്രസഹായം അഭ്യര്‍ത്ഥിക്കും. അതേസമയം, തട്ടിപ്പില്‍ മൂന്നു വിദേശികള്‍ക്കും പങ്കുണ്ടെന്നാണു പ്രാഥമികസൂചനകളില്‍ നിന്നു മനസ്സിലാകുന്നത്. ഡിജിപി ഇന്ന് ആഭ്യന്തരസെക്രട്ടറിക്കു സംഭവത്തെ കുറിച്ചു റിപ്പോര്‍ട്ട് നല്‍കും.
മൂന്നു ദിവസങ്ങളിലായിട്ടാണ് എടിഎം വിവരങ്ങള്‍ ചോര്‍ത്തിയതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. പണം നഷ്ടമായിരിക്കുന്നത് ജൂണ്‍ 30, ജൂലൈ 3,9 തീയതികളില്‍ എടിഎം ഉപയോഗിച്ചവര്‍ക്കാണ്്. തിരുവനന്തപുരം വെള്ളയമ്പലത്തെ എസ്ബിഐ എടിഎം ഉപയോഗിച്ചവര്‍ എത്രയും എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാനും പെട്ടെന്ന് പിന്‍ നമ്പര്‍ മാറ്റണമെന്നും പൊലീസ് നിര്‍ദേശിച്ചു.
തലസ്ഥാനത്തെ എടിഎമ്മുകളില്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌കിമ്മറും രഹസ്യ ക്യാമറയും സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ഒറ്റ ദിവസംകൊണ്ടു മാത്രം 16 ഇടപാടുകാരില്‍ നിന്നു തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപയാണ്. വെള്ളയമ്പലം ആല്‍ത്തറയില്‍ എസ്ബിഐ ശാഖയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണു തട്ടിപ്പ് കണ്ടെത്തിയത്.
പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് എടിഎം കൗണ്ടറിന്റെ സീലിങ്ങിലെ സ്‌മോക് ഡിറ്റെക്ടറിനുള്ളില്‍ ക്യാമറ, ബാറ്ററി, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ് എന്നിവ കണ്ടെത്തിയത്. ഈ സ്‌മോക് ഡിറ്റെക്ടറും തട്ടിപ്പുകാര്‍ തന്നെ സ്ഥാപിച്ചതായിരുന്നു. ക്യാമറ ഉപയോഗിച്ചു പിന്‍ നമ്പര്‍ മാത്രം ശേഖരിച്ചു പണം പിന്‍വലിക്കുക അസാധ്യമായതിനാല്‍ എടിഎം മെഷീനില്‍ സ്‌കിമ്മര്‍ എന്ന ഉപകരണം മോഷ്ടാക്കള്‍ ഘടിപ്പിച്ചിരുന്നിരിക്കാം എന്നാണു പൊലീസ് നിഗമനം.
ഈ ഉപകരണം എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കുകയും പിന്നീടു വ്യാജ കാര്‍ഡ് തയാറാക്കുകയും ചെയ്യും. ഒരാഴ്ച കൊണ്ട് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയശേഷം സ്‌കിമ്മര്‍ നീക്കം ചെയ്തിരിക്കാനാണു സാധ്യത. തട്ടിപ്പുസംഘം പണം പിന്‍വലിച്ചതു മുംബൈയിലെ വിവിധ എടിഎമ്മുകളില്‍ നിന്നാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha