പ്രാര്‍ഥനകള്‍ക്കൊടുവില്‍ ആരോഗ്യമുള്ള ഹൃദയവുമായി സന്ധ്യ പുതുജീവിതത്തിലേക്ക്

ആരോഗ്യമുള്ള ഹൃദയവുമായി സന്ധ്യ പുതുജീവിതത്തിലേക്ക്. കഴിഞ്ഞ മാസം 19നാണ് എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. തൃശൂര്‍ പട്ടിക്കാട് പുളിയത്തു വീട്ടില്‍ സന്ധ്യ പ്രമോദിനെ ഇന്നലെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിക്ക് അടുത്തുള്ള ഫ്‌ലാറ്റിലേക്കാണു സന്ധ്യ പോയത്. ഇവിടെ ഒരു മാസം തങ്ങിയ ശേഷം തൃശൂരിലെ വീട്ടിലേക്കു മടങ്ങാനാകും.
തിരുവനന്തപുരത്തു മസ്തിഷ്‌ക മരണം സംഭവിച്ച വിശാലിന്റെ ഹൃദയം വ്യോമമാര്‍ഗം എറണാകുളത്ത് എത്തിച്ചാണു മാറ്റി വച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അസുഖത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയിലാണു സന്ധ്യയെ ലിസി ആശുപത്രിയില്‍ എത്തിച്ചത്. മൃതസഞ്ജീവനി പദ്ധതിയിലെ സൂപ്പര്‍ അര്‍ജന്റ് ലിസ്റ്റ് വഴിയാണു സന്ധ്യയ്ക്ക് ഹൃദയം ലഭിച്ചത്.
ഹൃദയം തിരസ്‌കരിക്കുന്നുണ്ടോയെന്നുള്ള പരിശോധനയായ എന്‍ഡോ മയോകാര്‍ഡിയല്‍ ബയോപ്‌സിയില്‍ പൂര്‍ണ തൃപ്തി നല്‍കുന്ന ഫലം ലഭിച്ചതോടെയാണു ഡിസ്ചാര്‍ജ് ചെയ്തത്.
ഭര്‍ത്താവ് പ്രമോദിനും മകന്‍ ഗൗതമിനുമൊപ്പം പുതിയ ജീവിതത്തിലേക്കു കടക്കുകയാണു സന്ധ്യ. ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പില്‍ തുടങ്ങിയവര്‍ സന്ധ്യയെ യാത്രയാക്കാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha