ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണ കണക്കെടുപ്പില്‍ കാണാതെ പോയത് 1053 കിലോ സ്വര്‍ണ്ണമെന്ന് മുന്‍ സി.എ.ജി യുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന് 1052.63 കി. ഗ്രാം സ്വര്‍ണവും 43.27 കി. ഗ്രാം വെള്ളിയും കാണാതായെന്നും കണക്കില്‍പെടാത്ത 33.40 കിലോ സ്വര്‍ണവും 572.9 കി. ഗ്രാം വെള്ളിയും അവിടെ കണ്ടെത്തിയെന്നും മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് റായ് ഇക്കാര്യം ബോധ്യപ്പെടുത്തിയത്.
സുപ്രീംകോടതി ഇനിയും പുറത്തുവിടാത്ത റിപ്പോര്‍ട്ടില്‍നിന്ന് ഇതിനകം പുറത്തുവന്ന ഭാഗങ്ങളിലാണ് ക്ഷേത്രത്തില്‍നിന്ന് കാണാതാകുകയും കണക്കില്‍പെടാത്തനിലയില്‍ കണ്ടെത്തുകയും ചെയ്ത സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുള്ളത്. നിലവറയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും സ്വര്‍ണപ്പാത്രങ്ങളുമായി 887 കി.ഗ്രാം എടുത്തിട്ടുണ്ട്. ഉരുക്കി സ്വര്‍ണം ശുദ്ധമാക്കിയപ്പോള്‍ മൊത്തം സ്വര്‍ണത്തിന്റെ 30 ശതമാനം (263 കി.ഗ്രാം) നഷ്ടംവന്നു. സ്വര്‍ണംപൂശുന്ന പ്രവൃത്തിക്കായി 1990ല്‍ 89 ഗ്രാം സ്വര്‍ണവും ഒമ്പത് ഗ്രാം വെള്ളിയും ഒരു ഗ്രാം ചെമ്പുമാണ് ഉപയോഗിച്ചത്. എന്നാല്‍, 2002ല്‍ ഈ അനുപാതം മാറ്റി 92.81 ഗ്രാം സ്വര്‍ണവും 6.47 ഗ്രാം വെള്ളിയും 0.72 ഗ്രാം ചെമ്പുമാക്കി അത് മാറ്റി. ഇത് വഴി അധികം ഉപയോഗിച്ച 10.41 കി. ഗ്രാം സ്വര്‍ണത്തിലൂടെ ഏകദേശം 2.5 കോടി രൂപ നഷ്ടമുണ്ടാക്കി.
ബി നിലവറയിലൊഴികെ വിവിധ നിലവറകളിലായി 1998 സ്വര്‍ണക്കുടങ്ങളുണ്ടായിരുന്നു. ക്ഷേത്രത്തില്‍ സ്വര്‍ണം പൂശുന്നതിനായി ഇതില്‍നിന്ന് 822 സ്വര്‍ണക്കുടങ്ങള്‍ എടുത്തിരുന്നു. ബാക്കിയുണ്ടാകേണ്ടത് 1166 സ്വര്‍ണക്കുടങ്ങളാണെങ്കിലും 397 സ്വര്‍ണക്കുടങ്ങളെ ക്ഷേത്രത്തിലുള്ളൂ.
1990ല്‍ പണിക്കു കൊടുത്തതില്‍ ഒരു കി. ഗ്രാം സ്വര്‍ണവും 3.59 കി. ഗ്രാം വെള്ളിയും കുറവുണ്ട്. പണിക്കുറവായി രണ്ട് ശതമാനം സ്വര്‍ണനഷ്ടം വകവെച്ചുകൊടുത്തതിന് പുറമെയാണിത്. ഇതേ സ്വര്‍ണപ്പണിക്കാരനുതന്നെ 2000 മുതല്‍ 2005 വരെ കൊടുത്ത സ്വര്‍ണത്തില്‍ 1.32 കി.ഗ്രാം സ്വര്‍ണവും 4.74 കി. ഗ്രാം വെള്ളിയും (ഏകദേശം 59 ലക്ഷം രൂപ) അപ്രത്യക്ഷമായി. 776 കി. ഗ്രാം ആകെ തൂക്കംവരുന്ന 769 സ്വര്‍ണക്കുടങ്ങള്‍ കാണാനില്ല. 186 കോടി രൂപയെങ്കിലും ഇതിന് വിലവരും. ബി നിലവറയില്‍ നിന്ന് 2002ല്‍ എടുത്ത 35 കി. ഗ്രാംയുടെ വെള്ളിക്കട്ടിയും നഷ്ടപ്പെട്ടു. 14 ലക്ഷം രൂപ ഇതിന് മതിപ്പുവില വരും.32.86 കിലോ സ്വര്‍ണവും 570.34 കിലോ വെള്ളിയും കണക്കില്‍പെടാത്തനിലയില്‍ മുതല്‍പിടി മുറിയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇത് കൂടാതെ 14.78 ലക്ഷം വില വരുന്ന 572.86 ഗ്രാം സ്വര്‍ണവും 2589 ഗ്രാം വെള്ളിയും നടവരവ് രജിസ്റ്ററില്‍ വന്നിട്ടില്ല.
https://www.facebook.com/Malayalivartha