വ്യാജ രേഖയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കു സിം കാര്‍ഡ് നല്‍കുന്ന സംഘം കേരളത്തില്‍ സജീവം

സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ വ്യാജ സിംകാര്‍ഡ് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിദേശ വിനോദ സഞ്ചാരികള്‍ക്കും മിക്ക മൊബൈല്‍ ഷോപ്പുകളിലും വഴി വിതരണം ചെയ്യുന്നു. സംസ്ഥാനത്തിനകത്തുള്ളവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സിം കാര്‍ഡുകളാണ് ഇത്തരത്തില്‍ മറിച്ചു വില്‍ക്കപ്പെടുന്നത്.എടിഎം തട്ടിപ്പു കേസിലെ പ്രതി ഗബ്രിയേലിനു കോവളം സ്വദേശി നല്‍കിയതും ഇത്തരത്തില്‍ വ്യാജ രേഖയില്‍ തയ്യാറാക്കിയ സിം കാര്‍ഡാണെന്നു കണ്ടെത്തിയിരുന്നു. സിം കാര്‍ഡിനായി തിരിച്ചറിയല്‍ രേഖയുടെ കോപ്പി അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നല്‍കേണ്ടതുണ്ട്. ഏതെങ്കിലും കാരണം പറഞ്ഞ് ഇത്തരത്തില്‍ ഒന്നിലധികം തിരിച്ചറിയല്‍ രേഖകള്‍ അപേക്ഷകന്റെ കയ്യില്‍ നിന്നും കരസ്ഥമാക്കിയാണ് വ്യാജ സിം കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
നല്‍കുന്ന തിരിച്ചറിയല്‍ രേഖ പര്യാപ്തമല്ലെന്നോ, സ്വീകാര്യമല്ലെന്നോ ഡീലര്‍ പറയുന്ന പക്ഷം, ആദ്യം ഒപ്പിട്ടു നല്‍കിയ രേഖ തിരികെ വാങ്ങാന്‍ പലപ്പോഴും ഉപഭോക്താക്കള്‍ മിനക്കെടാറില്ല. തിരികെ ആവശ്യപ്പെട്ടാലും എന്തെങ്കിലും കാരണം പറഞ്ഞ് നല്‍കാതിരിക്കാനാണ് ഇവര്‍ ശ്രമിക്കാറുള്ളത്. ഇത്തരത്തില്‍ എടുക്കപ്പെടുന്ന വ്യാജ സിം കാര്‍ഡുകള്‍ സംസ്ഥാനത്ത് മേല്‍വിലാസമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ക്കാണ് പല മടങ്ങ് വില കൂട്ടി വിറ്റഴിക്കപ്പെടുന്നത്. ഇവരുടെ കൂട്ടത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരോ, ദേശവിരുദ്ധശക്തികളോ ഉണ്ടെങ്കില്‍ അവരുടെ ഇടപാടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണങ്ങള്‍ നിരപരാധികളെ കുരുക്കിലാക്കാനും ഇത്തരം വ്യാജ സിം കാര്‍ഡുകള്‍ വഴി വയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha