ശബരിമലയിലെ വഴിപാടുനിരക്കുകള്‍ കുത്തനെകൂട്ടി, പുതിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു

ശബരിമല സന്നിധാനത്തെയും പമ്പയിലെയും വഴിപാട് നിരക്കുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കുത്തനെ ഉയര്‍ത്തി. കഴിഞ്ഞ കാലങ്ങളിലുണ്ടാകാത്ത വിധത്തില്‍ 50 മുതല്‍ 500 ശതമാനം വരെയാണ് വര്‍ധന. പുതിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ദേവസ്വം ബോര്‍ഡ് വഴിപാട് നിരക്ക് കൂട്ടിയത്. അപ്പം അരവണ മോദകം അവല്‍ നിവേദ്യം തുടങ്ങിയവയുടെ വില വര്‍ധന സാധാരണക്കാരായ തീര്‍ഥാടകരെ കാര്യമായി ബാധിക്കും. ഗണപതിഹോമം അര്‍ച്ചന എന്നിവയുടെ നിരക്കും കൂട്ടിയിട്ടുണ്ട്. 60 രൂപയ്ക്ക് ലഭിച്ചിരുന്ന അരവണയ്ക്ക് 20 രൂപ കൂട്ടി. 25 രൂപ ഈടാക്കിയിരുന്ന അപ്പത്തിന് 40 രൂപയായി. മൂവായിരം രൂപയ്ക്ക് വഴിപാടായി നടത്തിയിരുന്ന കളഭാഭിഷേകത്തിന് ഏഴായിരം രൂപയാണ് കൂട്ടിയത്.
ഇരുപത്തി അയ്യായിരം രൂപയുടെ സഹസ്രകലശത്തിന്റെ നിരക്ക് അന്‍പതിനായിരമാക്കി. ഉഷപൂജ, ഉച്ചപൂജ, ഉദയാസ്തമനപൂജ എന്നിവയുടെ നിരക്കും ഇരട്ടിയിലധികമാണ് കൂട്ടിയത്. അവശ്യസാധനങ്ങളുടെ വിലവര്‍ധനയും കൂടിയ കൂലിയുമാണ് നിരക്ക് കൂട്ടിയതിന് ദേവസ്വം ബോര്‍ഡിന്റെ ന്യായം. മുന്‍കൂട്ടി വഴിപാടുകള്‍ക്ക് പേരുചേര്‍ത്തിരുന്ന തീര്‍ഥാടകര്‍ക്ക് കൂടിയ നിരക്ക് നല്‍കേണ്ടിവരും. അതേസമയം നിരക്ക് വര്‍ധന വിവരം ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ലെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha