മുളന്തുരുത്തി ബ്‌ളോക് പഞ്ചായത്ത് ഓഫീസില്‍ ക്ലര്‍ക്ക് തൂങ്ങി മരിച്ച നിലയില്‍

എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ എല്‍.ഡി ക്ലര്‍ക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടനാട് മൂട്ടവേലില്‍ വീട്ടില്‍ കാര്‍ത്തികേയന്റെ മകന്‍ വിനീത് കാര്‍ത്തികേയനെയാണ് (31)ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. മരണ കാരണം വ്യക്തമല്ല.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസര്‍മാര്‍ക്കായി സംഘടിപ്പിച്ച ട്രെയ്‌നിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം രാവിലെയാണ് വിനീത് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രി വൈകിയും വീട്ടിലെത്താത്തിനെ തുടര്‍ന്ന് സുഹൃത്തുക്കളും വീട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ വിനീത് എത്തിയിരുന്നു. തിരികെ വരാന്‍ വൈകുമെന്നും ഗെയിറ്റ് പൂട്ടരുതെന്നും പ്യൂണിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനാല്‍ ഓഫീസിന്റെ മുന്നിലെ ഗെയിറ്റ് പൂട്ടിയിരുന്നില്ല. വിനീതന്റെ ബൈക്ക് കണ്ടതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ ഓഫീസില്‍ പരിശോധന നടത്തിയത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വിനീതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെക്ക് മാറ്റി. കഴിഞ്ഞ മെയിലായിരുന്നു വിനീതിന്റെ വിവാഹം. ഭാര്യ അഭിത. അമ്മ ഇന്ദിര.
https://www.facebook.com/Malayalivartha