കേരളത്തില്‍ മദ്യം ഇനി ഓണ്‍ലൈന്‍വഴിയും; മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോള്‍ കേരളത്തിന്റെ ഭാവി ആശങ്കയില്‍

മദ്യനയം മാറ്റുന്നു. മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു.
കേരളത്തില്‍ മദ്യം ഇനി ഓണ്‍ലൈന്‍ വഴിയും എത്തുമ്പോള്‍ കേരളത്തെ മദ്യത്തില്‍ മുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന അണിയറ നീക്കത്തിന്റെ ബാക്കി. മദ്യനയം മാറ്റണമന്ന ടൂറിസം മന്ത്രി എ.സി. മൊയ്തീന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിറകെ ഓണ്‍ലൈനില്‍ മദ്യം ബുക്കു ചെയ്യാം എന്ന സര്‍ക്കാര്‍ നിലപാട് ഘട്ടം ഘട്ടമായി മദ്യം പ്രചരിപ്പിക്കുക ഉപഭോഗം കൂട്ടുക എന്നുള്ള ലക്ഷ്യത്തിലേക്കുള്ള കൃത്യമായ നീക്കമാണ്.
മദ്യം തിരിച്ചു കൊണ്ടു വരാനുള്ള വ്യക്തമായ നയപരിപാടികളോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. മദ്യ വ്യവസായികളുമായി ഇടതു പക്ഷത്തെ പ്രമുഖന്‍ വളരെ വ്യക്തമായ ധാരണയിലും ഇക്കാര്യത്തില്‍ എത്തിയിരുന്നു. ഏറണാകുളത്തെ പ്രമുഖ മദ്യവ്യവസായിയും സരിതയുമായുള്ള കൂടികാഴ്ചകളും സരിതയുടെ വെളിപ്പെടുത്തലുകളും ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാനും ഏറെ സഹായിച്ചു. ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാന്‍ ആളും അര്‍ത്ഥവും നല്‍കി മുന്‍പന്തിയില്‍ നിന്നതും മദ്യമാഫിയയാണ്. അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന്റെ ആദ്യപടിയായാണ്.
എന്തായാലും ഓണത്തിന് ഇത്തവണ ക്യൂനില്‍ക്കാതെ മദ്യം ഓണ്‍ലൈനില്‍ വാങ്ങാനുള്ള അവസരം ഒരുക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് ഒരുങ്ങുകയാണ്. 59 ഇനം മദ്യം ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ അറിയിച്ചു. ഇത്തവണത്തെ ഓണം മുതല്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് തുടക്കം കുറിക്കുമെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പറഞ്ഞു. 353 ബീവറേജസ് ഷോറൂമുകളില്‍ മദ്യം ലഭ്യമാക്കും. മൂന്ന് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഇ കൊമേഴ്‌സ് ഇടപാടിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് വീട്ടിലെത്തിച്ചു മദ്യം നല്‍കാനാണ് കണ്‍സ്യൂമര്‍ ഫെഡ് പദ്ധതിയിടുന്നത്. ക്രെഡിറ്റ് കാര്‍ഡ് മുഖേനയാണു മദ്യം വില്‍ക്കുന്നത്. സര്‍ക്കാരിന്റെ നിയമത്തിനു കീഴില്‍നിന്നു തന്നെ ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താനാണ് കണ്‍സ്യൂമര്‍ ഫെഡ് തീരുമാനം.
ഒരാള്‍ക്ക് പരമാവധി മൂന്നു ലിറ്റര്‍ മദ്യം വരെയാണ് ഓണ്‍ലൈനിലൂടെ നല്‍കുക. മദ്യ വില്‍പന നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നടത്തുകയാണ് ലക്ഷ്യം. ഔട്ട്‌ലെറ്റുകളില്‍ ക്യൂ നിന്നു മദ്യം വാങ്ങുന്നത് പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്നതിനാലാണ് ഓണ്‍ലൈന്‍ മദ്യ വില്‍പന നടത്താന്‍ ആലോചിക്കുന്നതെന്നു നേരത്തേ കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസ് വ്യക്തമാക്കിയിരുന്നു. 59 ഇനം മദ്യമായിരിക്കും ഓണ്‍ലൈനില്‍ വില്‍ക്കുക. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി മദ്യവില്‍പന കൂട്ടാനും തീരുമാനമുണ്ട്. മദ്യ വില്‍പന ഔട്ട്‌ലെറ്റുക!ളില്‍ ക്യൂ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കണമെന്നു കഴിഞ്ഞദിവസം എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
അതേസമയം ഓണക്കാലത്ത് മദ്യം സുലഭമായി ലഭിക്കുമെങ്കിലും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം വലിയ തോതിലാകുമെന്നത് ഉറപ്പാണ്. നന്മ സ്‌റ്റോറുകളും നീതി സ്‌റ്റോറുകളും നഷ്ടത്തിലായതു കൊണ്ടാണ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. സ്‌റ്റോറുകളിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
വിലക്കയറ്റം പ്രതിരോധിക്കാന്‍ വേണ്ടിയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ നന്മ സ്‌റ്റോറുകള്‍ ആരംഭിച്ചത്. ഇങ്ങനെ തുടങ്ങിയ നന്മ സ്‌റ്റോറില്‍ 569 സ്‌റ്റോര്‍ ഇതിനോടകം പൂട്ടിയിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് 869 എണ്ണവും സഹകരണസംഘങ്ങള്‍ മുഖേന 1311 എണ്ണവുമടക്കം 2180 നന്മ സ്‌റ്റോറാണ് ആരംഭിച്ചത്. ഇവയില്‍ സാധനദൗര്‍ലഭ്യംമൂലം മിക്കതും പേരിനുമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 239 ത്രിവേണികളില്‍ 11 എണ്ണത്തിനും താഴുവീണു. നന്മ സ്‌റ്റോറുകളുടെ 50 പായ്ക്കിങ് ഗോഡൗണും പൂട്ടി. ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍പോലും വ്യാപാരം നടക്കാത്ത സാഹചര്യത്തില്‍, ജില്ലകളില്‍ അടിയന്തരമായി പൂട്ടേണ്ട കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണ്.
മാസങ്ങളായി കണ്‍സ്യൂമര്‍ഫെഡിന്റെ സ്ഥാപനങ്ങളില്‍ വില്‍പ്പനവസ്തുക്കള്‍ കാലിയായി. ആഘോഷവേളകളിലെ ചന്തകളും അവസാനിപ്പിച്ചു. അരി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയൊന്നുമില്ല. കോസ്‌മെറ്റിക് ഇനങ്ങള്‍, സ്‌കൂള്‍ ബാഗ്, നോട്ടുബുക്ക് എന്നിവയാണ് പല ചില്ലറ വില്‍പ്പനശാലകളിലും ശേഷിക്കുന്നത്. സഹകരണവകുപ്പിന്റെ കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡ് വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. നീതി സ്‌റ്റോറുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. 142 സഞ്ചരിക്കുന്ന ത്രിവേണി സ്‌റ്റോറില്‍ 62 എണ്ണം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇവയ്ക്കായി വാങ്ങിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഉത്സവകാലങ്ങളിലെ സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡിന് 408.80 കോടി രൂപ കുടിശ്ശിക നല്‍കാനുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളില്‍ 4500 ജീവനക്കാരെ കോഴ വാങ്ങി താല്‍ക്കാലിക നിയമനം നടത്തിയതാണ് സാമ്പത്തിക സ്ഥിതി രൂക്ഷമാക്കിയതെന്നാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ വാദം. നന്മ സ്‌റ്റോറുകളില്‍ ശരാശരി രണ്ടു ജീവനക്കാരെവീതം നിയമിച്ചു. വര്‍ഷങ്ങളായി കരാറുകാര്‍ക്ക് സാധനങ്ങള്‍ നല്‍കിയ ഇനത്തില്‍ 350 കോടി രൂപ കണ്‍സ്യൂമര്‍ഫെഡിന് ബാധ്യതയുണ്ട്. പണം കിട്ടാനുള്ളവര്‍ കോടതിയെ സമീപിച്ചതോടെ ഇനി സാധനങ്ങള്‍ ലഭിക്കില്ലെന്ന് ഉറപ്പായി. ഇതോടെയാണ് പല സ്‌റ്റോറുകളും പൂട്ടാന്‍ തീരുമാനിച്ചത്.
മദ്യനയം മാറ്റണമെന്ന് ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും ഒരുപോലെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ കാര്യങ്ങള്‍ തെളിഞ്ഞുവരുന്നതായാണ് സൂചന. മുന്‍ സര്‍ക്കാര്‍ ബാര്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് വന്‍ തോതില്‍ കേസുകള്‍ കുറയുകയും നാട്ടില്‍ സമാധാനം വിളയാടുകയും ചെയ്തിരുന്നു. എന്നാല്‍ ഇനി അതെല്ലാം തകരുമെന്ന ആശങ്ക കൂടിയാണ് പൊതുസമൂഹം ഉയര്‍ത്തുന്നത്. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി എത്തിയ ഇടതുപക്ഷം ബാറുകാരുടെ പണം വാങ്ങിയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് സുധീരന്‍ ആരോപിച്ചു. ഏതായാലും ഒരിടവേളക്കുശേഷം ബാറും മദ്യവും വാര്‍ത്തകളില്‍ നിറയാന്‍ പോകുകയാണ്.
സര്‍ക്കാര്‍ ബീവറേജസ് കോര്‍പ്പറേഷന് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന സമയമാണ് ഓണക്കാലത്തെ മദ്യവില്‍പ്പന. അതിനുള്ള തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത് അതിന് കൊടിപിടിക്കാന്‍ സര്‍ക്കാരും. എന്നാല്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കണമെന്ന മറുവാദവും ശക്തമാണ്. കോടതിയുടെ വിധിയും ഇതിനായി പലരും ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha