ഒരാള്‍ക്ക് ഇനി ഒറ്റ പെന്‍ഷന്‍ മാത്രം ; സഹകരണ ബാങ്കുകള്‍ വഴി ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ധനവകുപ്പ്

സഹകരണ ബാങ്കുകള്‍ വഴി ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ഒരാള്‍ക്ക് 1000 രൂപയുടെ ഒരു ക്ഷേമപെന്‍ഷന് മാത്രമേ അര്‍ഹതയുണ്ടാകുകയുള്ളൂ.
നിലവില്‍ പലരും ഒന്നിലേറെ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നുണ്ട്. ഒരാള്‍ ഒന്നിലധികം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതു തടയുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കള്‍ക്കു ക്ഷേമപെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി നേരിട്ടു വീട്ടിലെത്തിക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ക്ഷേമ പെന്‍ഷനുകള്‍ ജൂണ്‍ മുതല്‍ 1000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍, കൈപ്പറ്റുന്നവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചിരുന്നില്ല. ഈ വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ചുമതലപ്പെടുത്തി. വിവരശേഖരണം പൂര്‍ത്തിയായാല്‍ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നതു കണ്ടെത്തി തടയാന്‍ കഴിയും.
ക്ഷേമപെന്‍ഷനു പുറമേ ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍ തുടങ്ങിയ കേന്ദ്രപെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കു ക്ഷേമ പെന്‍ഷന്‍ നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ഒഴിവാക്കും. കേന്ദ്രവിഹിതം മാത്രമാകും ഇവര്‍ക്കു ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ നല്‍കുന്നത്. എന്നാല്‍, തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ അടക്കമുള്ള ക്ഷേമനിധി അടച്ചു നേടുന്ന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനു തടസമില്ല.
നിലവില്‍ ഒട്ടേറെപ്പേര്‍ ഒന്നിലേറെ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ടെന്നാണു സര്‍ക്കാര്‍ നിഗമനം. ക്ഷേമപെന്‍ഷന്‍ കുടിശിക സഹിതം ഒണത്തിനു മുന്‍പു കൊടുത്തു തീര്‍ക്കാന്‍ 3200 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും. സഹകരണ ബാങ്കുകള്‍ വഴി ഗുണഭോക്താക്കള്‍ക്കു നേരിട്ടു വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും വഴിയാണു വീടുകളില്‍ എത്തിക്കുന്നത്.
കുടുംബശ്രീ വഴി സര്‍വേ നടത്തിയപ്പോള്‍ 70 ശതമാനം ഗുണഭോക്താക്കളും ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശമാണ് ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേമ പെന്‍ഷന് അര്‍ഹതയുള്ളവരില്‍ 70 ശമാനം പേര്‍ക്കും സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ വീട്ടിലെത്തിക്കും. മറ്റുള്ളവര്‍ക്കു നിലവിലുള്ളതു പോലെ ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ വിതരണം ചെയ്യും.
നേരത്തേ പോസ്റ്റ് ഓഫീസ് വഴിയായിരുന്നു പെന്‍ഷന്‍ വിതരണം. എന്നാല്‍, ഇതുമൂലം പെന്‍ഷന്‍ ലഭിക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണു പോസ്റ്റ് ഓഫീസിനെ ഒഴിവാക്കിയത്.
https://www.facebook.com/Malayalivartha