വേറെ വഴി നോക്കേണ്ടി വരുമെന്ന് ലീഗ്

കോണ്‍ഗ്രസ് ഹൈക്കമാന്റ് അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ലീഗ് തങ്ങളുടെ വഴി നോക്കുമെന്ന് സൂചന. കെ എം മാണി വിട്ടു പോയിട്ട് ഡല്‍ഹിയില്‍ നിന്നും ആരും തിരിഞ്ഞ് നോക്കാത്ത പശ്ചാത്തലത്തിലാണ് ലീഗിനു നാളെ ഇതേ ഗതി വരുമെന്ന സംശയം പാണക്കാട്ടെ തറവാട്ടില്‍ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനെതിരെ സംസാരിക്കാനും പാണക്കാട് ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസുമായുള്ള അഭിപ്രായഭിന്നത വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിലെ അനൈക്യം ഘടകകക്ഷികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലാണെന്ന് തുറന്നു പറയാനും കുഞ്ഞാലിക്കുട്ടി മടിക്കുന്നില്ല. എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വിടാന്‍ തയ്യാറെടുക്കുകയാണ്. ജനതാദള്‍ യുവും കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് സമയം നിശ്ചയിച്ചിരുന്നെങ്കിലും ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് അസൗകര്യം അറിയിച്ചത് വീരേന്ദ്രകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് അറിയുന്നത്. മുഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അതൃപ്തിയുണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്.
പതിറ്റാണ്ടുകളായി കൂടെ നിന്ന ഘടകകക്ഷികളില്‍ പലരും വിട്ടു പോയിട്ടും ഹൈക്കമാന്റ് ഇടപെടാത്തത് അത്ഭുതകരമാണെന്നാണ് ലീഗിന്റെ വിലയിരുത്തുന്നത്. ഗുലാംനബി ആസാദ് മാത്രം ഫോണില്‍ വിളിച്ചിട്ട് കാര്യമില്ല. ലീഗിനും ചെന്നിത്തലയോടാണ് അതൃപ്തിയുള്ളത്.
അതേസമയം ഹൈക്കമാന്റിന് കേരളത്തിലെ കാര്യം മടുത്തെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ മൂന്നു ഗ്രൂപ്പുണ്ട്. മൂന്നു പേരും മൂന്നു തലത്തില്‍ നിന്ന് പരസ്പരം പോരടിക്കുന്നു. ഇത്തരമൊരു സ്ഥിതി വിശേഷമുള്ളപ്പോള്‍ എങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തനം എന്നാണ് ലീഗിന്റെ ചോദ്യം.
https://www.facebook.com/Malayalivartha