കോളിങ്‌ബെല്‍ അടിച്ചു കതകു തുറപ്പിച്ചു മോഷണം; നടുക്കം മാറാതെ ഗൃഹനാഥന്‍

ഇന്നലെ പുലര്‍ച്ചെ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണവിലാസത്തില്‍ ബാലചന്ദ്രന്റെ വീട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളായ നാലു പേര്‍ മോഷണം നടത്തിയത് ആരേയും ഞെട്ടിക്കുന്ന രീതിയിലായിരുന്നു. 'പതിനൊന്നരയ്ക്കാണു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. പന്ത്രണ്ടര മണിയോടെ വീട്ടിലെ കോളിങ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാനും ശ്രീജയും ഉണര്‍ന്നത്. ചെറിയ ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ വെളുത്തു മെലിഞ്ഞ് 15-16 വയസ്സ് തോന്നിക്കുന്ന ഒരു ഇതര സംസ്ഥാനക്കാരന്‍ പരിഭ്രാന്തിയോടെ നില്‍ക്കുന്നതു കണ്ടു. ബര്‍മുഡയായിരുന്നു ഇയാളുടെ വേഷം.'ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ലാത്ത തൊടുപുഴയിലെ പെട്രോള്‍ പമ്പുടമ കെ. ബാലചന്ദ്രന്‍ പറയുന്നു.
'മുന്‍വശത്തെ വാതിലിനു തൊട്ടടുത്തുള്ള ചെറിയ ജനാലയിലൂടെ നോക്കിയപ്പോള്‍ വാതിലില്‍ തട്ടി പരിഭ്രാന്തനായ യുവാവ് നിലവിളിക്കുന്നതു കണ്ടു. എന്തോ അപകടം സംഭവിച്ചെന്നു കരുതിയാണു ഞാന്‍ വാതില്‍ തുറന്നത്. പുറത്തെ ലൈറ്റു മാത്രമേ ഇട്ടിരുന്നുള്ളൂ. ഹാള്‍മുറിയിലെ വിളക്ക് തെളിച്ചിരുന്നില്ല. കതകു തുറന്നയുടനെ വാതിലിന്റെ മറവില്‍ നിന്നവര്‍ എന്നെയും ഭാര്യ ശ്രീജയെയും ശക്തമായി തള്ളി മറിച്ചിട്ടശേഷം ഉള്ളിലേക്കു കടന്നു.' ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും വായില്‍ തുണി തിരുകി കൈകാലുകള്‍ ബന്ധിച്ച ശേഷമായിരുന്നു കവര്‍ച്ച.
വീടിന് സമീപത്ത് ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളികളില്‍ ആരെങ്കിലും രാത്രിയില്‍ സഹായം അഭ്യര്‍ഥിച്ച് വന്നുവെന്നാണു കരുതിയത്. മറ്റൊന്നും ഓര്‍ക്കാതെ വാതില്‍ തുറന്നു. പെട്ടന്ന് മുഖംമൂടി ധരിച്ച ഒരാള്‍ വീട്ടിലേക്ക് തള്ളിക്കയറി. ബര്‍മുഡ ധരിച്ചയാളുള്‍പ്പെടെ മറ്റുള്ളവരും കയറി. അവരിരുവരെയും നിലത്തേക്കു തള്ളിയിട്ട ശേഷമാണ് ഇവര്‍ ഉള്ളില്‍ കടന്നത്. എതിര്‍ക്കാന്‍ നോക്കിയപ്പോള്‍ ബാലചന്ദ്രനെ കമഴ്ത്തിയിട്ടു. ഇതിനു ശേഷം കയറും ടെലിഫോണ്‍ കേബിളും തുണിയും ഉപയോഗിച്ച് രണ്ടപേരുടെയും കൈകാലുകള്‍ കൂട്ടിക്കെട്ടി. അവരിലൊരാളുടെ കൈയില്‍ കഠാരയുണ്ടായിരുന്നു. ഇതിനു ശേഷം സോഫയോടു ചേര്‍ത്ത് വരിഞ്ഞുകെട്ടി. കഠാര കാട്ടി അവരിരുവരെയും ഭീഷണിപ്പെടുത്തി. പണമെവിടെയെന്ന് ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിച്ചു. ബാലചന്ദ്രന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടാക്കള്‍ ഊരി വാങ്ങി. പിടിവലിക്കിടെ ബാലചന്ദ്രന്റെ മുതുകില്‍ കത്തികൊണ്ട് ഒരാള്‍ കുത്തി. ഇതിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ബാലന്‍സ് തെറ്റി നെറ്റി തറയിലടിച്ചു വീണു. ചോരയൊഴുകി. രണ്ടുപേര്‍ അയാള്‍ക്കു കാവല്‍ നിന്നപ്പോള്‍, മറ്റു രണ്ടുപേര്‍ ചേര്‍ന്നു ശ്രീജയെ ഹാള്‍മുറിക്കു വലതു ഭാഗത്തുള്ള മുറിയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. പെട്രോള്‍ പമ്പിലെ കലക്ഷന്‍ തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പൊതിയെവിടെയെന്ന് ഇവര്‍ മലയാളത്തില്‍ ശ്രീജയോടു ചോദിച്ചപ്പോള്‍ അറിയില്ലെന്നു പറഞ്ഞു. പറഞ്ഞുതന്നില്ലെങ്കില്‍ കൊല്ലുമെന്നു പറഞ്ഞപ്പോള്‍ പണം സൂക്ഷിച്ചിരിക്കുന്ന പൂജാമുറിക്കടുത്തുള്ള ഷെല്‍ഫ് ശ്രീജ പറഞ്ഞു കൊടുത്തു. ഇതിനു പിന്നാലെ ശ്രീജയുടെ രണ്ടു സ്വര്‍ണവളകളും ഇവര്‍ ഊരിവാങ്ങി. മോതിരം ഇവര്‍ വാങ്ങിയില്ല.
ശ്രീജയുടെ സ്വര്‍ണമാല ഊരിമാറ്റി വച്ചിരുന്നതിനാല്‍ മോഷ്ടാക്കള്‍ ഇതു കണ്ടില്ല. ഇനിയും പണമുണ്ടോയെന്നു ചോദിച്ച് ശ്രീജയുടെ കഴുത്തില്‍ കഠാര മുട്ടിച്ചു. ഇതോടെ ശ്രീജ ഭയന്ന് ബോധരഹിതയായി. മറ്റുള്ള ഡ്രോകള്‍ കൂടി പരിശോധിച്ച സംഘം മൂന്ന് 500 രൂപയുടെ നോട്ടുകളും ചില്ലറത്തുട്ടുകളും കൈക്കലാക്കി. ബോധരഹിതയായി വീണ ശ്രീജയെ വീണ്ടും വലിച്ചിഴച്ച് ബാലചന്ദ്രന്റെയടുത്തെത്തിച്ചപ്പോള്‍ അയാള്‍ നിലവിളിച്ചു. 'ഡോണ്ട് ടോക്ക്, യുവര്‍ ഫാമിലി വില്‍ ബി ഓകെ' എന്നാണ് ഒരാള്‍ പറഞ്ഞത്. ഇതിനിടെ ശ്രീജയുടെ കൈകാലുകള്‍ വീണ്ടും കിടക്കവിരികളും മറ്റുമുപയോഗിച്ച് വരിഞ്ഞുകെട്ടി. ഇതിനു ശേഷം സംഘം നടന്നു മറഞ്ഞു. കാലിലെ കെട്ട് ബലം പ്രയോഗിച്ച് ഊരിയ ശ്രീജ, സമീപത്തു കിടന്ന കത്തി ഉപയോഗിച്ചാണ് കൈകളിലെ കെട്ടറുത്തത്. ഇതിനു ശേഷം അവര്‍ ബാലചന്ദ്രന്റെ അടുത്തെത്തി കെട്ടുകള്‍ അറുത്തുമാറ്റി. ഇതിനു ശേഷമാണു അടുത്ത സുഹൃത്തിനെയും പൊലീസിനെയും വിവരം അറിയിച്ചത്. തുടര്‍ന്ന് അവര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ആക്രമിക്കപ്പെട്ടതിന്റെ ഷോക്കില്‍ നിന്നു അവരിരുവരും ഇതുവരെ മുക്തരായിട്ടില്ലെന്നു ബാലചന്ദ്രനും ശ്രീജയും പറയുന്നു.
https://www.facebook.com/Malayalivartha

























