എയര്‍ ഇന്ത്യയില്‍ പൈലറ്റ് മന:ശാസ്ത്ര പരീക്ഷയില്‍ കൂട്ട തോല്‍വി

എയര്‍ ഇന്ത്യയില്‍ പൈലറ്റ് നിയമനത്തിനുള്ള പരീക്ഷയില്‍ കൂട്ടത്തോല്‍വി. പരീക്ഷയിലെ മൂന്നാംഘട്ടമായ മന:ശാസ്ത്ര അഭിമുഖ പരീക്ഷയിലാണ് പലരും അടിപതറിയത്. ആദ്യ രണ്ടു ഘട്ടങ്ങളായ ഫ്‌ളൈറ്റ് സ്റ്റിമുലേറ്റര്‍ (വിമാനം പറപ്പിക്കല്‍ പഠിപ്പിക്കുന്ന യന്ത്രം), ടെക്‌നിക്കല്‍ പരീക്ഷകള്‍ വിജയിച്ചവരാണ് മന:ശാസ്ത്ര പരീക്ഷയില്‍ തോറ്റത്. പരീക്ഷയില്‍ പങ്കെടുത്ത 413 പേരില്‍ 130 പേര്‍ക്ക് മാത്രമേ മനഃശാസ്ത്ര കടമ്പ കടക്കാന്‍ കഴിഞ്ഞുള്ളു. 2015 ഡിസംബര്‍ മുതല്‍ നടത്തിയ പരീക്ഷയിലെ റിപ്പോര്‍ട്ടാണിത്.
2015 മാര്‍ച്ചില്‍ 150 യാത്രക്കാരുമായി പോയ ഒരു ജര്‍മ്മന്‍ വിമാനം പൈലറ്റ് ആല്‍പ്‌സില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ക്ക് മന:ശാസ്ത്ര പരീക്ഷ നിര്‍ബന്ധമാക്കിയത്. ജര്‍മ്മന്‍ വിമാനത്തിന്റെ പൈലറ്റിന് വര്‍ഷങ്ങളായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അപകടത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് ബോധ്യപ്പെട്ടത്.
അതേസമയം, എയര്‍ ഇന്ത്യയുടെ അഭിമുഖ പരീക്ഷയില്‍ പരാജയപ്പെട്ട ആരെങ്കിലും സ്വകാര്യ വിമാന സര്‍വീസുകളില്‍ ജോലിക്ക് കയറിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഒരു എയര്‍ലൈന്‍സ് കമ്പനി നടത്തുന്ന പരീക്ഷയുടെ ഫലം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനോ മറ്റ് എയര്‍ലൈന്‍സ് കമ്പനികള്‍ക്കോ കൈമാറുന്ന പതിവുണ്ടോയെന്ന് അറിയില്ലെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
വിമാന സര്‍വീസിലെ സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചു. സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ലളിത് ഗുപ്ത അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ എയര്‍ ഇന്ത്യയില്‍ പൈലറ്റുമാരുടെ മാനസിക നില പരിശോധന തുടങ്ങിയത്.
https://www.facebook.com/Malayalivartha

























