'താന്‍ ജിഷയെ കൊന്നിട്ടില്ല'; കുറ്റം നിഷേധിച്ച് അമീറുല്‍ കോടതിയില്‍, കൊന്നത് അനാര്‍

ജിഷക്കേസില്‍ വീണ്ടും കുഴയുന്നു.ജിഷയെ കൊലപ്പെടുത്തിയിട്ടില്ലെന്ന് അമീറുല്‍ ഇസ്‌ലാം കോടതിയില്‍. എറണാകുളം സെഷന്‍സ് കോടതിയിലാണ് അമീര്‍ കുറ്റം നിഷേധിച്ചത്. സുഹൃത്തായ അനാറുല്‍ ഇസ് ലാമാണ് കൊലപാതകം നടത്തിയതെന്നും അമീറുല്‍ ഇസ്‌ലാം പറഞ്ഞു. ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്‌ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അമീറുല്‍ കുറ്റം നിഷേധിച്ചത്.
അതേസമയം, പ്രതി അമീറുല്‍ ഇസ്ലാം തന്റെ സുഹൃത്തെന്ന് പൊലീസിനോട് പറഞ്ഞ അനാറുല്‍ ഇസ്ലാം അയാള്‍ കെട്ടിച്ചമച്ച കഥയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നത്. കുറ്റകൃത്യത്തിന് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടത് അനാറാണെന്ന് പ്രതി നേരത്തേ മൊഴി നല്‍കിയിരുന്നു. അനാറുമൊന്നിച്ച് മദ്യപിച്ചപ്പോഴാണ് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞയച്ചതെന്നായിരുന്നു ആദ്യ മൊഴി.
കൃത്യത്തിനു ശേഷം അനാറുമൊന്നിച്ചാണ് അസമിലേക്ക് കടന്നതെന്നും അസമില്‍നിന്ന് പൊലീസിനെ കബളിപ്പിച്ച് അനാര്‍ രക്ഷപ്പെട്ടെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, അനാര്‍ എന്ന പേരില്‍ അമീറുല്‍ ഇസ്ലാമിന് സുഹൃത്തില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ ബണ്ടിനോടു ചേര്‍ന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ വച്ചാണു ജിഷ കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ നിര്‍ഭയയുടേതിനു സമാനമായി മാനഭംഗത്തിനുശേഷം ജനനേന്ദ്രിയത്തില്‍ മാരകമായി മുറിവേല്‍പ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം. പൊലീസിനെയും രാഷ്ട്രീയ നേതൃത്വത്തിനെയും വിവാദച്ചുഴിയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്കൊടുവിലാണ് അസം സ്വദേശിയായ പ്രതി അമീറുല്‍ ഇസ്‌ലാം പിടിയിലായത്.
https://www.facebook.com/Malayalivartha