ചെങ്ങമനാട്ട് നിന്നൊരു ദുരന്തകഥ; ഓട്ടോ ഡ്രൈവര്‍മാരുടെ ധിക്കാരത്തിന് കൊടുക്കേണ്ടിവന്നത് ഒരു ജീവന്റെ വില

മാപ്പു പറച്ചിലില്‍ തിരിച്ചുവരുമോ നഷ്ടപ്പെട്ട ജീവന്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഓട്ടം വരാന്‍ വിസമ്മതിച്ചതു മൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെങ്ങമനാട് ഗവ. എല്‍.പി.സ്‌കൂളിനു പിറകില്‍ താമസിക്കുന്ന കോവാട്ട് വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ സുമം (48) ആണ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്. വീട്ടമ്മയുടെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയസംഘടനകള്‍ രംഗത്തെത്തിയത് രംഗം പ്രക്ഷുബ്ധമാക്കി. ബിജെപി.പ്രവര്‍ത്തകര്‍ ചെങ്ങമനാട് ജംഗ്ഷനിലെ ഓട്ടോസ്റ്റാന്റ് ഉപരോധിക്കുകയും,സര്‍വ്വീസ് തടയുകയും ചെയ്തു. കുറ്റക്കാരായ ഓട്ടോ ഡ്രൈവര്‍മാരുടെ പേരില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.
വീട്ടിലെ കുളിമുറിയില്‍ വീട്ടമ്മയായ സുമം കുഴഞ്ഞു വീഴുമ്പോള്‍ മക്കളായ പെണ്‍കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ചെങ്ങമനാട് ഓട്ടോ സ്റ്റാന്‍ഡില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫോണില്‍ വിളിച്ചത്. ഉള്‍വഴിയിലൂടെ ഓട്ടോ കൊണ്ടുവരാന്‍ കഴിയില്ലെന്നും രോഗിയെ റോഡില്‍ എത്തിക്കാനുമായിരുന്നു ഫോണ്‍ അറ്റന്‍ഡ് ചെയ്ത ഓട്ടോ ഡ്രൈവറുടെ മറുപടി. രോഗിയുടെ അത്യാസന്ന അവസ്ഥ വിവരിച്ചിട്ടും ഫോണെടുത്തയാള്‍ തട്ടിക്കയറി. രോഗിയെ ഓട്ടോയ്ക്ക് അടുത്തെത്തിച്ചാല്‍ മാത്രമെ കൊണ്ടുപോകുവെന്ന് ഇയാള്‍ ശാഠ്യം പിടിച്ചു.
ശ്രമം വിഫലമായപ്പോള്‍ അയല്‍വാസികളുടെ സഹായത്തോടെ 100 മീറ്ററോളം ദൂരത്തുള്ള ഇടവഴിയിലൂടെ മെയിന്‍ റോഡില്‍ എത്തിച്ചു. ഏറെ നേരം കാത്തുനിന്നെങ്കിലും എന്നിട്ടും ഓട്ടോ വന്നില്ല. അതിനിടെ രോഗിയുടെ നില ഗുരുതരമാകുകയും ചെയ്തു.തുടര്‍ന്ന് പാലപ്രശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വഴിയോരങ്ങളില്‍ പൊലീസിന്റെ സഹായത്തോടെ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പേരും നാളും എഴുതിവച്ച് 24 മണിക്കുര്‍ സര്‍വീസ് ഓഫര്‍ ചെയ്തു നില്‍ക്കുന്ന െ്രെഡവര്‍മാര്‍ ദീര്‍ഘദൂര ഓട്ടങ്ങള്‍ മാത്രമാണ് ഏറ്റെടുക്കാറുള്ളത്.
തൊട്ടരികില്‍ ആരെങ്കിലും പോകാന്‍ ആവശ്യപ്പെട്ടാല്‍ ഒഴിവുകഴിവുകള്‍ ഏറെയാണ് ഇവര്‍ക്ക്. വണ്ടിക്ക് കേടുപറ്റി. മീറ്റര്‍ പ്രവര്‍ത്തിക്കില്ല. മറ്റൊരു ഓട്ടത്തിനായി പോകുകയാണ്. എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. രാത്രികാലങ്ങളില്‍ ഇവര്‍ വണ്ടി സ്റ്റാന്‍ഡിലിട്ടു മാറിനില്‍ക്കും. ദീര്‍ഘദൂര ഓട്ടക്കാരെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയുന്ന ഇവര്‍ അരികിലെത്തി ഓട്ടം ഏറ്റെടുത്ത് പോകും. എന്നാല്‍ ഓട്ടം ചെറുതാണെന്ന് തോന്നിയാല്‍ ഓട്ടോയ്ക്കരികിലേക്ക് വരില്ല.
നിര്‍ഭയ യാത്രയും ശുഭയാത്രയും ആശംസിച്ച് പൊലീസ് ഇവരുടെ ഓട്ടോകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ക്ക് യാതൊരു ഗുണം ഇതുകൊണ്ടില്ലെന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്. നെടുമ്പാശേരിയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ചെങ്ങമനാട് പൊലീസ് സ്‌റ്റേഷനിലെത്തി ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്ന് എസ്.ഐ മുന്‍പാകെ ഉറപ്പ് നല്‍കി.എന്നാല്‍ ഇതില്‍ തൃപ്തരാകാതെയാണ് ഇന്നലെ ബിജെപി.പ്രവര്‍ത്തകര്‍ സ്റ്റാന്‍ഡില്‍ കൊടികുത്തി ഉപരോധം സംഘടിപ്പിച്ചത്.
ഇതിനിടെ ഇന്നലെ ഉച്ചയോടെ മരിച്ച വീട്ടമ്മയുടെ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് മുമ്പാകെ ഓട്ടോ ഡ്രൈവര്‍മാര്‍ വീണ്ടും ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായി.
https://www.facebook.com/Malayalivartha